കലിയുഗത്തിനുവേണ്ടി മുതിർന്ന 2 പെൺമക്കളെ മരണത്തിനു വിട്ടുകൊടുത്ത് മാതാപിതാക്കൾ. ആന്ധ്രപ്രദേശിൽ ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിലാണു ഞെട്ടിക്കുന്ന സംഭവം. 27 വയസ്സുള്ള അലേഖ്യ, 22 വയസ്സുള്ള സായ് ദിവ്യ എന്നീ പെൺമക്കളെയാണു അമ്മയും അച്ഛനും കൂടി കൊലപ്പെടുത്തിയത്. പുരുഷോത്തം നായിഡുവും ഭാര്യ പദ്മജയുമാണ് കൊടുംക്രൂരത നടത്തിയത്. കലിയുഗം അവസാനിച്ച് തിങ്കളാഴ്ച പുലർച്ചെ സത്യയുഗം തുടങ്ങുന്നതോടെ രണ്ടു മക്കളും പുനർജനിക്കുമെന്നാണ് പദ്മജ സംഭവത്തെക്കുറിച്ച് തിരക്കിയവരോടു പറഞ്ഞത്. സ്കൂളിൽ പ്രിൻസിപ്പൽമാരായി ജോലി ചെയ്യുകയാണ് പദ്മജയും ഭർത്താവും. 

മൂത്ത മകൾ അലേഖ്യ ഭോപ്പാലിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സായ് ദിവ്യ ബിബിഎ ബിരുദവും നേടിയിട്ടുണ്ട്. മുംബൈയിൽ എ.ആർ. റഹ്മാൻ മ്യൂസിക് പഠിക്കുന്ന സായ് ദിവ്യ ലോക്ഡൗൺ കാലത്താണു വീട്ടിൽ എത്തിയത്. 

കോവിഡ് തുടങ്ങിയതിനുശേഷം പദ്മജയും പുരുഷോത്തമും വിചിത്രമായാണു പെരുമാറിയതെന്നു പറയുന്നു പൊലീസ്. കൊലപാതകം നടന്ന ഞായറാഴ്ച രാത്രി അയൽവീട്ടുകാർ നിലവിളികളും ആർത്തനാദങ്ങളും അസ്വാഭാവിക ശബ്ദങ്ങളും കേട്ടതായും പറയുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയെങ്കലും വീട്ടിലേക്കു പ്രവേശിക്കാതെ ദമ്പതികൾ തടഞ്ഞു. ഒടുവിൽ ബലപ്രയോഗം നടത്തിയ വീട്ടിനുള്ളിൽ പ്രവേശിച്ചപ്പോൾ രണ്ടു യുവതികളും മരിച്ചുകിടക്കുന്നതാണു കണ്ടത്. രണ്ടുപേരുടെയും വസ്ത്രങ്ങളും രക്തത്തിൽ കുതിർന്നിരുന്നു. ഒരാളുടെ മൃതദേഹം പൂജാമൂറിയിൽ ആയിരുന്നു. മറ്റൊരാളുടെ മതൃദേഹം വേറൊരു മുറിയിലും. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനയച്ച പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു. 

English Summary: Andhra Pradesh mother sacrifices 2 daughters, says 'will come alive as satyuga starts from Monday'