എന്താണ് പീഡനം എന്നതിന്റെ യഥാർത്ഥ നിർവചനം? ഒരു സ്ത്രീയോടായാലും പുരുഷനോടായാലും മറ്റൊരാൾ പീഡനം നടത്തുന്നു എന്നതിനെ നിർവ്വചിക്കാനുള്ള തെളിവിനെക്കുറിച്ച് പറഞ്ഞ ബോംബെ ഹൈക്കോടതിയുടെ വാദത്തെക്കുറിച്ച് തന്നെയാണ് സംശയം. പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മുപ്പത്തൊൻപതു വയസ്സുള്ള അയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. കീഴ്‌ക്കോടതിയിൽ മൂന്ന് വർഷത്തേയ്ക്ക് പ്രതിയെ ശിക്ഷിച്ച കേസിലാണ് ഹൈക്കോടതി വളരെ ആശങ്കാജനകമായ നിരീക്ഷണം നടത്തിയത്. വസ്ത്രത്തിന്റെ മുകളിലൂടെ മാത്രമാണ് പ്രതി പെൺകുട്ടിയുടെ മാറിടത്തിൽ അമർത്തിയത് എന്നുള്ളത് കൊണ്ട് ചർമ്മങ്ങൾ തമ്മിൽ നേരിട്ട് കൂട്ടി മുട്ടാതിരുന്നതിനാൽ അതിനെ പീഡനമായി കണക്കാക്കാൻ ആകില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്, അതുകൊണ്ട് തന്നെ പോക്സോ പ്രകാരമുള്ള തെറ്റിൽ നിന്നും പ്രതി വളരെയെളുപ്പത്തിൽ രക്ഷപ്പെട്ടു. പെൺകുട്ടിയുടെ അന്തസ്സിനു നിരക്കാത്ത പ്രവൃത്തി എന്ന ആരോപണത്തിലൂന്നി ഒരു വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന ആരോപണമാണ് ഇപ്പോൾ പ്രതിയുടെമേലുള്ളത്. അപ്പോൾ ചോദ്യം ഒരിക്കൽക്കൂടി ചോദിക്കാം, എന്താണ് പീഡനം?

പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും വളരെ വലിയ കണക്കിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്. ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ ശരീരത്തിൽ തൊട്ടാൽ അത് പീഡനം തന്നെയെന്നും അതിനെ ചെറുക്കാനും അരുതെന്നു പറയാനുമാണ് കുഞ്ഞുങ്ങളെ ചെറുതിലെ പഠിപ്പിക്കണം എന്ന് പറയുന്നതുമായ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്ത ഒരു നാട്ടിൽ ഒരു ഹൈക്കോടതി ജഡ്ജി തന്നെ ഇത്തരത്തിൽ പ്രസ്താവിച്ചതിൽ പ്രത്യേകിച്ച് അദ്‌ഭുതമൊന്നുമില്ല. എന്നാൽ ഇത് തന്നെയാണ് ലൈംഗിക വിദ്യാഭ്യാസത്തിലെ ആദ്യത്തെ പാഠം. ഇഷ്ടമില്ലാതെ മറ്റൊരാളെ ശരീരത്തിൽ സ്പർശിക്കാൻ അനുവദിക്കാതെയിരിക്കുക. എന്നാൽ അത്തരം സ്പർശങ്ങളെ ലളിതവത്കരിക്കുമ്പോൾ എന്താണ് പീഡന വീരന്മാർക്ക് നീതിപീഠം നൽകുന്ന പാഠം? വസ്ത്രത്തിന്റെ മറയുണ്ടെങ്കിൽ നിങ്ങൾക്ക് ആരെയും അവരുടെ സമ്മതമില്ലാതെ കടന്നു പിടിക്കാമെന്നോ? അവരുടെ ലൈംഗിക അവയവങ്ങളെ സ്പർശിക്കാമെന്നോ? ഇതെല്ലാം അനുഭവിക്കുന്ന ഇരയുടെ മാനസിക അവസ്ഥയ്ക്ക് ഒരു വിലയുമില്ലെന്നോ?

ബലാത്സംഗ കേസുകളിൽ പൊതുവെ കോടതിയുടെ വിചാരണ അത് അനുഭവിച്ചിരുന്ന ഇരകൾക്ക് എന്നും നൽകുന്ന മാനസിക ട്രോമാ വലുതാണ്. പ്രതികളുടെ പ്രവൃത്തികളെ നിസ്സാരവത്കരിക്കാൻ ഹാജരാകുന്ന അഭിഭാഷകരുടെ ചോദ്യം ചെയ്യലുകൾ ഒരുപക്ഷെ അവർ അനുഭവിച്ച ശാരീരിക പീഡനത്തെക്കാൾ വലിയ മാനസിക പീഡനങ്ങൾ തന്നെയാണ്. അതുകൊണ്ടാണ് പലപ്പോഴും പീഡന കേസുകളിൽ വിചാരണ സ്വകാര്യമാക്കി മാറ്റാനുള്ള രീതികളുള്ളതും. എന്നിരുന്നാൽപ്പോലും വിചാരണ സമയത്തെ അതിജീവിക്കാനുള്ള കരുത്ത് പലപ്പോഴും ഇരകളാക്കപ്പെട്ടവർക്ക് ഉണ്ടാകില്ല എന്നതാണ് സത്യം.

റോഡിൽക്കൂടി നടന്നു പോയപ്പോൾ പിന്നിൽ ആരെങ്കിലും അമർത്തി നടന്നു പോയിട്ടുണ്ടോ, അല്ലെങ്കിൽ മാറിടത്തിൽ? ബസിൽ തിരക്കിനിടയിൽ ബുദ്ധിമുട്ടി നിൽക്കാൻ ശ്രമിക്കുമ്പോൾ ലൈംഗിക അവയവങ്ങളിൽ സ്പർശമേറ്റു ഞെട്ടിയിട്ടുണ്ടോ? ആ സമയത്ത് അതിൽ പ്രതികരിക്കാൻ കഴിയാതെ ഭയന്ന് നിൽക്കേണ്ടി വന്നിട്ടുണ്ടോ? പെൺകുട്ടികളുടെ ജീവിതത്തിൽ ഇതൊക്കെ സാധാരണയായി നടന്നുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ്. ജനറലൈസ് ചെയ്യാൻ പറ്റില്ല എന്നൊരിക്കലും പറയാനാവാത്ത കാര്യങ്ങൾ. ഒരുപക്ഷെ കാലം കടന്നപ്പോൾ നീണ്ടു വരുന്ന കൈകളുടെ വലിപ്പം കുറഞ്ഞിട്ടുണ്ടാവാം, എന്നാൽ അതൊരിക്കലും ഇല്ലാതാക്കപ്പെടുന്നില്ല. പെട്ടെന്നുണ്ടാകുന്ന ഞെട്ടലിൽ നിന്നും പുറത്ത് കടക്കുമ്പോഴേക്കും സ്പർശിച്ച "മാന്യൻ" കാണാത്ത ഇടത്തേക്ക് നീങ്ങി നിന്നിട്ടുമുണ്ടാകും. ഭയവും വെറുപ്പും നാണക്കേടും ഒന്നിച്ചുണ്ടാക്കുന്ന ഒരുതരം മാനസികാവസ്ഥയുണ്ട്, അതിനെ മറികടക്കാൻ അത്രയെളുപ്പമല്ല.പ്രതികരിച്ച പെൺകുട്ടികളുണ്ട്, എന്നാൽ അതിലേറെ സമയത്ത് മറുപടി നല്കാൻ കഴിയാതെയിരുന്നവർ തന്നെയാണ്.

അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നത്, അത് വസ്ത്രത്തിനു മുകളിലൂടെയാണെങ്കിലും ഞങ്ങൾ സ്ത്രീകൾക്ക് പീഡനം തന്നെയാണ്. ഒരു ഒച്ചിഴയുന്ന അത്ര വെറുപ്പോടെയും അറപ്പോടെയുമാണ് ആ മനുഷ്യനെയും അയാളുടെ കൈകളെയും ഞങ്ങൾ കാണുന്നത്. ചില സമയത്ത് പെട്ടെന്നുണ്ടാകുന്ന ഷോക്കിൽ പ്രതികരിക്കാൻ കഴിയാതെ പോയാൽ അത് നിങ്ങളുടെ സ്പർശം കൊണ്ട് സുഖിച്ചിട്ടാകാമെന്ന തോന്നൽ വെറും മണ്ടത്തരമാണ്, ചുറ്റുപാടും നിൽക്കുന്ന മനുഷ്യർ, അവരുടെ പ്രതികരണം, ഭയം, നാണക്കേട് എന്നിങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ടാവും പലപ്പോഴും തിരിച്ചൊരു കൈ നിങ്ങളുടെ കരണത്ത് പതിക്കാതെയിരുന്നത്. അതുകൊണ്ട് അനാവശ്യമായി നിങ്ങളുടെ വിസർജ്യ തുല്യമായ മനസുകൊണ്ടോ ശരീരം കൊണ്ടോ അനുവാദം ലഭിക്കാത്ത കാലത്തോളം മറ്റൊരാളുടെ ശരീരത്തിൽ സ്പർശിക്കാതെയിരിക്കുക. കോടതി പോലും സംരക്ഷണത്തിനെത്തും എന്നുറപ്പില്ലാത്ത ഒരു കാലത്ത് സ്വയം പ്രതിരോധമാകാൻ പെൺകുട്ടികൾ തന്നെ പഠിക്കേണ്ടിയിരിക്കുന്നു.