വിദ്യകൊണ്ടു സമ്പന്നരാകുക എന്നതാണ് മറ്റെല്ലാ കാര്യങ്ങളേക്കാളും മുഖ്യമെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഒരു സ്ത്രീ. അനാഥാലയത്തിൽ വളർന്ന ഹൈദരാബാദ് സ്വദേശിയായ ഹിമജ റെഡ്ഡിയാണ് തന്റെ സത്പ്രവർത്തിയിലൂടെ വാർത്തയിൽ ഇടം നേടുന്നത്. ആയിരക്കണക്കിന് ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം നൽകുകയാണ് ഈ വനിത. 

ഹിമജ സ്ഥാപിച്ച ഹോപ് ഫോർ ലൈഫ് എന്ന സംഘടനയാണ് നാലായിരത്തോളം ദരിദ്ര വിദ്യാർഥികളുടെ പഠനം ഏറ്റെടുത്ത് നടത്തിയത്. വിദ്യാഭ്യാസം അടിസ്ഥാന അവകാശമാണെന്നും മിക്ക പ്രശ്നങ്ങളുടെയും പരിഹാരമാണെന്നും തിരിച്ചറിഞ്ഞതോടെയാണ് താൻ ഈ ഉദ്യമത്തിന് മുതിർന്നതെനന്ന് ഹിമജ പറയുന്നു. ‘മാതാപിതാക്കൾ ഉണ്ടായിരുന്നിട്ടും മൂന്നാം വയസ്സു മുതൽ അനാഥാലയത്തിലായിരുന്നു. കുട്ടിക്കാലത്ത് അനാഥാലയത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്തെന്നു തിരിച്ചറിഞ്ഞിരുന്നു. അനാഥക്കുട്ടികൾക്കും ദരിദ്രർക്കും വിദ്യാഭ്യാസം നേടാൻ കഴിയാത്തതിന്റെ പ്രശ്നങ്ങൾ നേരിട്ട് അറിഞ്ഞതുകൊണ്ട് ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ വിദ്യാഭ്യസത്തിനു വേണ്ടി പ്രവർത്തിച്ചു.’– ഹിമജ പറഞ്ഞു. 

ബിരുദ പഠനകാലത്തു തന്നെ അവർ മൂന്നു കുട്ടികളെ ദത്തെടുത്തു. 2015ലാണ് ഹിമജ ഹോപ്പ് ഫോർ ലൈഫ് ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. വിദ്യാഭ്യാസത്തിനു പുറമെ ആരോഗ്യവും ഇവർ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയമാണ്. ആരോഗ്യ മേഖലയിൽ ക്യാമ്പുകളും അവബോധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്.