കുടുംബശ്രി ഉത്പന്നങ്ങൾ സ്വദേശികളും വിദേശികളുമായ അതിഥികളിലേക്ക് എത്തിക്കാൻ ഒരുങ്ങി കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടൽ. വനിതാശാക്തീകരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉദ്യമമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ചകളിൽ പ്രഭാതഭക്ഷണത്തിനു ശേഷം ബ്രഞ്ചായി കുടുംബശ്രീ പ്രവർത്തകർ നിർമിക്കുന്ന പ്രാദേശിക ഭക്ഷണങ്ങൾ അതിഥികളിലെത്തിക്കാനാണ് തീരുമാനം.

നവംബറിലാണ് പുതിയ പദ്ധതിക്ക് തുടക്കമായത്. രാവിലെ 11.30 മുതൽ വൈകിട്ട് മൂന്നു മണി വരെയാണ് കുടുംബശ്രീ ഉത്പന്നങ്ങൾ അതിഥികളിലേക്ക് എത്തിക്കുന്നത്. ഈ വർഷം അവസാനം വരെ പദ്ധതി നിലനിൽക്കും. നമ്മുടെ നാട്ടിലെ കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രചാരണം നല്‍കേണ്ട സമയമാണിത്. പ്രത്യേകിച്ച് സ്ത്രീകളുടെ കൂട്ടായ്മയാണിത്. പുതിയ പദ്ധതിയിലൂടെ വനിതാശാക്തീരണത്തിന് മുൻഗണന നൽകാനാണ് ഹയാത്ത് ലക്ഷ്യമിടുന്നത്. ഇതിലൂടെ വനിതാപ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹയാത്ത് ജനറൽ മാനേജർ ശ്രീകാന്ത് വഖാർക്കർ അറിയിച്ചു. 

‘ആഗോള ബ്രാൻഡുകളുടെ സാന്നിധ്യവും ഹയാത്ത് ലൗ ക്യാംപയിൻ പോലെയുള്ള സംരംഭങ്ങളുമാണ് കുടുംബശ്രീയുടെ ഊർജം. വിവിധ യൂണിറ്റുകളിൽ കുടുംബശ്രീ പ്രവർത്തകർ വികസിപ്പിച്ചെടുക്കുന്ന പ്രാദേശീക ഉത്പന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനുമായി ഗ്രാൻഡ് ഹയാത്ത്, കൊച്ചി കുടുംബശ്രീ മിഷനുമായി ബന്ധപ്പെട്ടിരുന്നു. ഈ കോവിഡ് കാലത്ത് ഇങ്ങനെ ഒരു പ്ലാറ്റ്ഫോം ലഭിക്കുന്നത് വളരെ നല്ല കാര്യമാണ്. ഇത് കുടുംബശ്രീ പ്രവർത്തകർക്ക് പ്രോത്സാഹനമാണ്. തദ്ദേശീയ ഉത്പന്നങ്ങളുടെ നിർമാണവും വിപണനവും പ്രോത്സാഹിപ്പിക്കണം.’– കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ ഐഎഎസ് പറഞ്ഞു.