പ്രിയങ്ക ചോപ്രയുടെ ഒന്നല്ല, ഒട്ടേറെ ചിത്രങ്ങൾ ഇന്ത്യക്കാരുടെ മനസ്സിലുണ്ട്. ഇന്ത്യയുടെ അഭിമാനമായ താരത്തിന്റെ സൗന്ദര്യവും പ്രസരിപ്പും വ്യക്തമാക്കുന്ന ചിത്രങ്ങൾ. ബോളിവുഡിൽ നിന്ന് ഹോളിവുഡിൽ വരെ എത്തി കഴിവ് തെളിയിച്ച നടിയുടെ ഒരു ചിത്രം എന്നാൽ തെറ്റായ കാരണങ്ങളുടെ പേരിലും ഇന്ത്യക്കാരുടെ മനസ്സിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ളതാണ് ആ ചിത്രം. നടിയുടെ കാൽമുട്ടിനു താഴോട്ട് നഗ്നമാണെന്നാണ് ആ ചിത്രത്തെ വിവാദമാക്കിമാറ്റിയത്. ചിത്രത്തിന്റെ പേരിൽ വ്യാപക വിമർശനവും നടി ഏറ്റുവാങ്ങി. എന്നാൽ താനും അമ്മയുമൊക്കെ വീട്ടിൽ സ്കർട് ധരിക്കാറുണ്ടെന്നും അതിൽ അപാകത ഇല്ലെന്നുമായിരുന്നു അക്കാലത്ത് അവരുടെ മറുപടി. വർഷങ്ങൾക്കുശേഷം പ്രിയങ്ക ആ സഭവത്തെക്കുറിച്ചു മനസ്സു തുറക്കുന്നു. അൺഫിനിഷ്ഡ് അഥവാ അപൂർണം എന്ന ആത്മകഥയിൽ. ആ ചിത്രത്തിൽ തെറ്റായ ഒന്നുമില്ലെന്നും തനിക്ക് ഖേദമോ പശ്ചാത്താപമോ ഇല്ലെന്നുമാണ് നടിയുടെ ഉറച്ച നിലപാട്. ബേവാച്ച് സിരീസുമായി ബന്ധപ്പെട്ട് ജർമനിയിലെ ബർലിനിൽ ആയിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയെ നേരിട്ടുകാണാൻ നടിക്ക് അവസരം ലഭിച്ചത്. രണ്ടു പേരും ഒരേ ഹോട്ടലിൽ തന്നെയായിരുന്നു താമസം. അതോടെ തനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും താൽപര്യമുണ്ടെന്ന് അവർ പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. അങ്ങനെ കൂടിക്കാഴ്ച യാഥാർഥ്യമായി. വിവാദ ചിത്രത്തെക്കുറിച്ചു മാത്രമല്ല, വിവാദമാകാൻ സാധ്യതയുള്ള ഒട്ടേറെ കാര്യങ്ങളും ഇക്കഴിഞ്ഞ ദിവസം വായനക്കാരെ തേടിയെത്തിയ ആത്മകഥയിൽ പ്രിയങ്ക പറയുന്നുണ്ട്. 

കൗമാരത്തിലെ പ്രണയം 

അമേരിക്കയിലെ ഇന്ത്യാനയിൽ നോർത്ത് സെൻട്രൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലം. അന്ന് ബന്ധുവായ കിരണിനൊപ്പമാണ് പ്രിയങ്ക താമസിക്കുന്നത്. പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു ആൺകുട്ടിയുമായി കൊച്ചുപ്രിയങ്ക പ്രണയത്തിലായി. ആ കുട്ടിക്കൊപ്പം കൈകോർത്ത് നടക്കുന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ സന്തോഷം. ഒരിക്കൽ ആ കുട്ടി ഒരു സ്വർണച്ചെയിൻ പ്രിയങ്കയ്ക്കു സമ്മാനിക്കുകയുണ്ടായി. എന്നാൽ ഒരു ദിവസം വീട്ടിൽ രണ്ടുപേരും ഒരുമിച്ചിരിക്കുന്നതു കണ്ട കിരൺ സംഭവത്തെക്കുറിച്ച് പ്രിയങ്കയുടെ അമ്മ മധുചോപ്രയെ അറിയിച്ചു. ആ പ്രണയം എന്നാൽ അവിടെയും അവസാനിച്ചില്ല. 

ഒരുദിവസം പ്രിയങ്കയും കാമുകനായ കുട്ടിയും മുറിയിൽ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുന്നു. അപ്പോഴും അവർ കൈകൾ കോർത്തുപിടിച്ചിരുന്നു. പെട്ടെന്നാണു പുറത്തേക്കു തുറക്കുന്ന ജനാലയിലൂടെ കിരൺ നടന്നുവരുന്നത് പ്രിയങ്ക കണ്ടത്. കിരൺ വീട്ടിൽ വരുന്ന പതിവു സമയം ആയിരുന്നില്ല അത്. കാമുകനെ പ്രിയങ്ക തന്റെ സ്വകാര്യമുറിയിൽ അടച്ചിട്ടു. കിരൺ പോയിക്കഴിഞ്ഞ ശേഷം മുറിക്കു പുറത്ത് ഇറങ്ങിയാൽ മതിയെന്നു പറഞ്ഞു. അമ്മായി വീട്ടിലെത്തി മുറികൾ ഒന്നൊന്നായി പരിശോധിക്കാൻ തുടങ്ങി. ഒന്നുമറിയാത്ത കുട്ടിയെപ്പോലെ നിരപരാധി ഭാവവുമായി പ്രിയങ്കയും. ഒടുവിടെ സ്വകാര്യമുറിയുടെ മുൻപിലെത്തി അമ്മായി പറഞ്ഞു: തുറക്കൂ.  മുറി തുറന്നപ്പോൾ അതാ കാമുകൻ !

വസ്ത്രമുരിയാൻ കൽപിച്ച സംവിധായകൻ 

അഭിനയ കരിയറിൽ പ്രിയങ്ക തുടക്കം കുറിക്കുന്ന കാലം. ഒരു സിനിമയുടെ പാട്ടുസീനിന്റെ ചിത്രീകരണം. ഒരു രംഗത്തിൽ അവർ വസ്ത്രം ഒന്നൊന്നായി ഊരിയെറിയുന്ന രംഗമുണ്ട്. കൂടുതൽ ലെയറുകൾ ഉള്ള വസ്ത്രം ധരിക്കട്ടെ എന്ന് പ്രിയങ്ക സംവിധായകനോട് അനുവാദം ചോദിച്ചു. എന്നാൽ അയാൾ വഴങ്ങാൻ തയാറായിരുന്നില്ല. എന്തു സംഭവിച്ചാലും അടിവസ്ത്രങ്ങൾ പ്രേക്ഷകർ കാണുകതന്നെ വേണം. അതു കാണാനല്ലെങ്കിൽ പിന്നെന്തിനാണ് പ്രേക്ഷകർ തിയറ്ററിൽ വരുന്നത്– സംവിധായൻ ചോദിച്ചു. അയാളുടെ മനോഭാവവും സംസാരവും പ്രിയങ്കയ്ക്കു പിടിച്ചില്ല. പിറ്റേന്നുതന്നെ ആ പ്രൊജക്ടിൽ നിന്നു പിൻമാറി. 

ശസ്ത്രക്രിയ വേണം മാറിടത്തിനും

മിസ് വേൾഡ് കിരീടം നേടിയതിനു തൊട്ടടുത്ത മാസങ്ങൾ. പ്രിയങ്കയെ കണ്ട ഒരു സംവിധായകൻ  ചില നിർദേശങ്ങൾ മുന്നോട്ടുവച്ചു. അതിനു മുൻപ് ന‌ൃത്തം ചെയ്യുന്നതുപോലെ തന്റെ മുൻപിൽ തിരിയാൻ അയാൾ ആവശ്യപ്പെട്ടിരുന്നു. മാറിടത്തിൽ അത്യാവശ്യം സർജറി വേണം. താടിയെല്ലിനും പിൻഭാഗത്തുമാണ് മറ്റു ശസ്ത്രക്രിയകൾ വേണ്ടത്. നടിയാകാൻ അങ്ങനെയൊക്കെ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അമേരിക്കയിലെ ലോസാഞ്ചൽസിലുള്ള പ്രശസ്തനായ ഒരു ഡോക്ടറെ പരിചയപ്പെടുത്താം എന്നും അയാൾ വാക്കുകൊടുത്തു. അടുത്തു നിന്ന മാനേജറും ശസ്ത്രക്രിയകൾക്കുവേണ്ടി പ്രിയങ്കയെ നിർബന്ധിച്ചുകൊണ്ടിരുന്നു. 

തന്റെ ജീവിതത്തെക്കുറിച്ച് മറയില്ലാതെ ആത്മാർഥമായി എഴുതുമെന്ന് ആത്മകഥയെക്കുറിച്ച് പ്രിയങ്ക നേരത്തേ പറഞ്ഞിരുന്നു. പുസ്തകത്തിൽ നിന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഓരോ ഭാഗവും പ്രിയങ്കയുടെ ആത്മാർഥതയ്ക്കും സത്യസന്ധതയ്ക്കും തെളിവാണ്. 

English Summary: From hiding her boyfriend in her closet to sleeping in a puddle of vomit, tidbits from Priyanka’s memoir Unfinished