107–ാം വയസ്സിലാണ് കോയമ്പത്തൂർ തെക്കംപാട്ടി ഗ്രാമത്തിലെ ആർ. പാപ്പമ്മാളിനെ തേടി രാജ്യത്തെ ഉന്നത ബഹുമതികളിലൊന്നായ പത്മശ്രീ എത്തുന്നത്. കൃഷിക്കായി ജീവിച്ചിതിനാണ് മുത്തശ്ശിയെ പത്മശ്രീക്ക് അർഹയാക്കിയത്. ഈ പ്രായത്തിലും കൃഷിയോടുള്ള പ്രണയത്തിനായിരുന്നു പപ്പമ്മാളിന്റെ നേട്ടം. സ്ത്രീകൾ പുറത്തിറങ്ങാൻ മടിച്ച കാലത്ത് സ്വന്തമായി കടതുടങ്ങുകയും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത വ്യക്തിണ് പപ്പമ്മാൾ. തന്റെ ജീവിതത്തെ കുറിച്ച് സോഷ്യൽ മീഡിയ പേജിലൂടെ പറയുകയാണ് ഈ മുത്തശ്ശി.

‘എന്റെ ചെറുപ്പത്തിൽ വിവാഹിതരായ പെൺകുട്ടികളുടെ ജീവിതം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു. എന്നാൽ, അങ്ങനെ ജീവിതം ഹോമിക്കാൻ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. പതിനാറാം വയസ്സിൽ ആദ്യത്തെ സംരംഭം തുടങ്ങി. ഒരു ഇഡ്ഡലി –വട കടയായിരുന്നു അത്. അന്നെനിക്ക് ഒരുമാസം 20 രൂപ വരെ ലാഭം കിട്ടി.’– പപ്പാമ്മാൾ തന്റെ ജീവിതം പറയുന്നു.

‘ഞങ്ങൾക്ക് മക്കളുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരാൺകുട്ടിയെ ദത്തെടുത്തു. അവൻ വളർന്നപ്പോഴും സാധാരണ വീട്ടമ്മമാരെ പോലെ ഒതുങ്ങിക്കൂടാതെ എന്റെ സംരംഭവുമായി ഞാൻ മുന്നോട്ട് പോയി. മുപ്പത്തിയഞ്ചാം വയസ്സിൽ ഗ്രാമത്തിലെ ആദ്യ വനിതാ സർപഞ്ചായി ഞാൻ ചുമതലയേറ്റു. അവിടെ കർഷകരുമായി സംസാരിച്ചപ്പോഴാണ് ജൈവകൃഷിയെ കുറിച്ച് ഞാൻ കൂടുതല്‍ ആലോചിച്ചത്. അമ്പതാമത്തെ വയസ്സിൽ എല്ലാ സമ്പാദ്യങ്ങളും ഉപയോഗിച്ച് പത്തേക്കർ കൃഷിസ്ഥലം വാങ്ങി. കൃഷി ചെയ്തു തുടങ്ങിയപ്പോൾ ലാഭമൊന്നും ലഭിച്ചില്ലെങ്കിലും എനിക്ക് ആവശ്യമുള്ള വിളവ് ലഭിച്ചു. വീട്ടിലെ ആവശ്യങ്ങൾക്കു ശേഷം ബാക്കി മറ്റു വീടുകളിലേക്കും നൽകി.

ഇന്ന് 57 വർഷങ്ങൾക്കു ശേഷവും എന്റെ ജീവിതത്തിൽ മാറ്റം സംഭവിച്ചിട്ടില്ല. എന്റെ ജോലി ഭാരം കൂടുകയാണ് ചെയ്തത്. പുതിയ തലമുറ പലപ്പോഴും അലസരാണ്. എനിക്കെപ്പോഴും അവരുമായി കലഹിക്കാനേ നേരമുള്ളൂ. എനിക്കൊരു പേരക്കുട്ടിയുണ്ട്. അവന് 16 വയസ്സാണ്. എന്തെങ്കിലും പണി പറഞ്ഞാൽ അരമണിക്കൂർ കൂടുമ്പോൾ അവന് വിശ്രമം വേണം. എഴുന്നേറ്റ് പണിയെടുക്ക് മടിയാ. എന്ന് അവനോടെപ്പോഴും പറയാനേ എനിക്ക് നേരമുള്ളൂ. ഈ ദിവസങ്ങളിലൊന്നും ഞാനൊരിക്കലും അവധിയെടുത്തിട്ടില്ല.

നൂറു വയസ്സു തികയുന്ന ദിനം ഗ്രാമത്തിലെല്ലാം ഞാന്‍ ചര്‍ച്ചയായി. മൂവായിരത്തോളം ഗ്രാമവാസികൾ ചേർന്ന് എന്റെ ജന്മദിനം ആഘോഷിച്ചു. നാടൻപാട്ടുകൾ പാടി എല്ലാവരും നൃത്തം ചെയ്തു. അതിനു ശേഷം ആളുകളെല്ലാം എന്നെ അവരുടെ എല്ലാ ആഘോഷങ്ങളിലും വിളിക്കും. കല്യാണങ്ങൾക്ക് വധൂവരൻമാരെ പ്രത്യേകമായി അനുഗ്രഹിക്കാൻ എന്നോടു പറയും. അവർ എന്നെ അവരുടെ ഭാഗ്യലക്ഷണമായാണ് കണ്ടത്. ഒരു ഇഡ്ഡലി വട ഷോപ്പിൽ നിന്ന് മാറി പൂർണമായും ജൈവകർഷകയായി ജീവിക്കുമ്പോഴാണ് കാര്യങ്ങള്‍ മാറിയത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ നിന്നെത്തിയ ഫോൺകോളിൽ എനിക്ക് പത്മശ്രീ ബഹുമതി നൽകുന്നു എന്ന വാർത്തയായിരുന്നു.

ഇപ്പോൾ വീടിനു മുന്നിൽ നിരവധി പേർ എന്റെ ജൈവ ഉത്പന്നങ്ങൾ വാങ്ങുന്നതിനായി തിരക്കു കൂട്ടുന്നു. ചിലരൊക്കെ എനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഇതുവരെ 30 അഭിമുഖങ്ങൾ നൽകി. എല്ലാം എനിക്കൊരു തമാശയായാണ് തോന്നിയത്. ‘അമ്മൂമ്മേ... നിങ്ങളൊരു താരമായിരുന്നു.’ കൊച്ചുമകൻ പാപ്പമ്മാളിനോട് പറഞ്ഞു.’– ഞാൻ എപ്പോഴാണ് താരമല്ലാത്തത്? പാപ്പമ്മാൾ തിരിച്ചു ചോദിച്ചു.

English Summary: Padmashri Pappammal and her life story