കോവിഡിനെത്തുടർന്ന് പ്രഖ്യാപിച്ച അടച്ചിടൽ നീണ്ടതോടെ വിശ്രമമില്ലാതെയായ ഒരു പെൺകുട്ടിയുണ്ട്: റീം അൽ ഖൗലി. 12 വയസ്സുള്ള ഈ പെൺകുട്ടി ഈജിപ്തിലാണ്. കെയ്റോയിൽ നിന്ന് 80 കിലോമീറ്റർ അകലെ അത്മിദ എന്ന ഗ്രാമത്തിൽ. പ്രൈമറി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സ്കൂളിൽ പോകാനാകാതെ വീട്ടിലിരുന്നതോടെ റീം അവരുടെ അധ്യാപികയാകുകയായിരുന്നു. ഇപ്പോൾ 30 കുട്ടികളുടെ അധ്യാപികയാണ് റിം. ഈ ചെറുപ്രായത്തിൽതന്നെ തിരക്കിട്ട് അധ്യയനം ഏറ്റെടുത്ത് സമൂഹത്തിന് മാതൃക. 

എനിക്കു വേണമെങ്കിൽ അവരോടൊത്ത് തെരുവിൽ കളിക്കാമായിരുന്നു. എന്നാൽ, അവർക്ക് നഷ്ടപ്പെടുന്ന പഠനദിവസങ്ങളെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്. ദിവസവും രാവിലെ പ്രാർഥന കഴിഞ്ഞാലുടൻ ഞാൻ അവരെ വിളിച്ചുണർത്തും. സമയം കളയാതെ പഠനം ആരംഭിക്കും. അറബിക്കിനു പുറമെ, കണക്ക്, ഇംഗ്ലിഷ് എന്നിവയും അവരെ പഠിപ്പിക്കുന്നുണ്ട്– അഭിമാനത്തോടെ റീം പറയുന്നു. 

തുടക്കത്തിൽ നോട്ട്ബുക്കും പേനയും ഉപയോഗിച്ചായിരുന്നു പഠനം. എന്നാൽ സംഭവം നാട്ടിൽ എല്ലാവരും അറിഞ്ഞതോടെ ഒരു പ്രാദേശിക കമ്പനി റീമിന് വൈറ്റ് ബോർഡും മാർക്കർ പേനകളും സംഭാവന ചെയ്തു. അതോടെ പഠനം സ്കൂൾ നിലവാരത്തിൽ തന്നെയായി. കുട്ടികൾക്കും തങ്ങളുടെ കൊച്ചുടീച്ചറെ ഏറെയിഷ്ടം. 

റീം ഞങ്ങളെ പഠിപ്പിച്ചതുകൊണ്ടാണ് കഴിഞ്ഞ വർഷം പഠിച്ചതു ഞങ്ങൾ മറക്കാതെയിരിക്കുന്നത്. നേരത്തേതിനേക്കാൾ നന്നായി ഇപ്പോൾ എല്ലാ വിഷയങ്ങളും ഞങ്ങൾക്ക് അറിയാം. കാരണം റീം എന്ന അധ്യാപിക തന്നെ– 9 വയസ്സുള്ള മുഹമ്മദ് അബ്ദേൽ മുനീം പറയുന്നു. 

തുടക്കത്തിൽ വീട്ടിൽ നിന്ന് തനിക്ക് പ്രോത്സാഹനം ലഭിച്ചില്ലെന്നു പറയുന്നു റീം. എന്റെ ശബ്ദം ഉയർന്നതുമായിരുന്നു– റീം പറയുന്നു. എന്നാൽ ദിവസേന ക്ലാസ് ആരംഭിച്ചതോടെ വീട്ടികാർക്കും ആവേശം. അവർ പോലുമറിയാതെ റീം മികച്ച , അച്ചടക്കമുള്ള അധ്യാപികയായി മാറുകയായിരുന്നു. കുട്ടികൾ ശ്രദ്ധയോടെ പഠിക്കാൻ ആരംഭിച്ചതോടെ അയൽവക്കത്തെ വീടുകളിൽ ഉള്ളവർക്കും റീമിനോട് ബഹുമാനം. ആദരവ്. അവരും കൊച്ച് അധ്യാപികയെ അംഗീകരിച്ചിരിക്കുന്നു; കുട്ടികൾക്കൊപ്പം. 

English Summary: 12-year-old girl in Egypt teaches neighbours during school closure