നേപ്പാള്‍ രാജ്യവ്യാപകമായ ഒരു പ്രക്ഷോഭത്തിന്റെ പാതയിലാണ്. സമരത്തിന്റെ നേതൃ നിരയിലുള്ളതു സ്ത്രീകള്‍. കൂടുതലായും 40 വയസ്സിനു താഴെയുള്ളവര്‍. സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുവച്ചിരിക്കുന്ന അങ്ങേയറ്റം അപരിഷ്കൃതമായ ഒരു നയത്തിനെതിരെയാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയിരിക്കുന്നത്.

40 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്ക് വിദേശയാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതാണു പുതിയ നിയമം. 40 വയസ്സിനു താഴെയുള്ളവര്‍ വിദേശ യാത്ര ചെയ്യണമെങ്കില്‍ ഗൃഹനാഥനായ പുരുഷന്റെ അനുമതി പത്രം വേണമെന്നും നിയമം നിഷ്കര്‍ഷിക്കുന്നു. യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യവും വ്യക്തമാക്കിയായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ യാത്രാനുമതി ലഭിക്കൂ. പുരുഷന്‍മാര്‍ നിയന്ത്രിക്കുകയും നിയമം പാസ്സാക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ അന്ധമായ നയം അംഗീകരിക്കാന്‍ തയാറല്ലെന്ന് സ്ത്രീകള്‍ പറയുന്നത്. 

ചോദ്യം ചോദിക്കാന്‍ ഞങ്ങള്‍ക്ക് അനുമതിയുണ്ടോ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചാണ് സ്ത്രീകള്‍ സമരം ചെയ്യുന്നത്. ശ്വസിക്കാന്‍ ഞങ്ങള്‍ ആരുടെ അനുമതിയാണ് തേടേണ്ടത് എന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു. 

എന്നാല്‍ പുതിയ നിയമത്തെ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ ഉന്നതര്‍. പുതിയതായി നിര്‍ദേശിക്കപ്പെട്ടിരിക്കുക നയം ഇതുവരെ നിയമമായിട്ടില്ല. വിദേശത്തുള്ള നേപ്പാളി സ്ത്രീകള്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനുമുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശം മാത്രമാണ്- ഇതാണ് അവരുടെ നിലപാട്. 

നേപ്പാള്‍ നിലവില്‍ രാഷ്ട്രീയപ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. പ്രധാനമന്ത്രി കെ.പി.ഒലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള എതിരാളികള്‍ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് രണ്ടു വര്‍ഷത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. എന്തായാലും പുതിയ നിയമത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

സ്ത്രീകളുടെ പ്രക്ഷോഭം വ്യാപകമായതോടെ പ്രധാനമന്ത്രിയുടെ പ്രതിഛായയും മോശമായിരിക്കുകയാണ്. നേരത്തെതന്നെ സ്ത്രീ വിരുദ്ധ നയങ്ങളുടെ പേരില്‍ അദ്ദേഹം വിമര്‍ശനം നേരിട്ടിട്ടുണ്ട്. 

English Summary: Women in Nepal: growing voice, now against proposed restriction