നീണ്ട അഭ്യൂഹത്തിനു വിരാമമിട്ട് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭാര്യ റി സോള്‍ ജു വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഒരു വര്‍ഷത്തോളം പൊതുരംഗത്തു വരാതിരുന്നതിനെത്തുടര്‍ന്ന് പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം അവസാനം കുറിച്ചുകൊണ്ടാണ് റി സോള്‍ ഭര്‍ത്താവിനൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുന്‍ നേതാവ് ജിം ജോങ് രണ്ടാമന്റെ ജന്‍മദിനത്തോട് അനുബന്ധിച്ചുനടത്തിയ വാര്‍ഷിക ചടങ്ങിലാണ് ദമ്പതികള്‍ ഒരുമിച്ചെത്തിയത്. തിളങ്ങുന്ന നക്ഷത്രം എന്നാണ് ഈ ദിവസം ഉത്തരകൊറിയയില്‍ അറിയപ്പെടുന്നത്. 

കിം ജോങ് ഉന്നും ഭാര്യയും ഒരുമിച്ച് ആഘോഷം നടക്കുന്ന വേദിയിലേക്ക് എത്തിയതോടെ തിങ്ങിനിറഞ്ഞ സദസ്സ് ഹാര്‍ഷാരവോത്തോടെ എഴുന്നേറ്റ് നിന്ന് ഇരുവരെയും സ്വാഗതം ചെയ്തു. എല്ലാ ജനങ്ങളും ഒറ്റക്കെട്ട് എന്നര്‍ഥം വരുന്ന പാട്ടുമായാണ് വേദിയിലേക്ക് ദമ്പതികളെ സ്വാഗതം ചെയ്തത്. ആഘോഷ പരിപാടികള്‍ ആസ്വദിക്കുന്ന ദമ്പതികളുടെ സന്തോഷം നിറഞ്ഞ ചിത്രം ഉത്തരകൊറിയയുടെ ഔദ്യോഗിക പത്രത്തിന്റെ ഒന്നാം പേജില്‍തന്നെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 

കോറോണ വൈറസിന്റെ വ്യാപനമാണു 32 വയസ്സുകാരിയായ റി സോള്‍ ജുവിന്റെ മാസങ്ങള്‍ നീണ്ട അസാന്നിധ്യത്തിനു കാരണമായി പറയപ്പെടുന്നത്. മഹാമാരിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഔദ്യോഗിക ചടങ്ങുകളിലും റി സോള്‍ ജു പങ്കെടുത്തിരുന്നില്ല. 

2012 ല്‍ കിം ജോങ് ഉന്‍ ഉത്തരകൊറിയയുടെ നേതൃത്വം ഏറ്റെടുത്തതിനു പിന്നാലെയാണ് റി സോള് ജുവിനെക്കുറിച്ച് ആദ്യമായി ലോകം അറിയുന്നത്. പിന്നീട് 200 തവണയോളം അവരുടെ പേര് ഔദ്യോഗിക പത്രത്തില്‍ അച്ചടിച്ചുവന്നിട്ടുമുണ്ട്. എന്നാല്‍ അതിനുശേഷം ഏറ്റവും കൂടുതല്‍ മാസങ്ങള്‍ നീണ്ട അസാന്നിധ്യത്താലാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്. 

കോവിഡിനെ ഏതാണ്ടു പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ രാജ്യത്തിനു കഴിഞ്ഞു എന്നതിന്റെ ഉദാഹരണമായാണ് ഇപ്പോള്‍ റി സോളിന്റെ പുനഃപ്രവേശം രാജ്യം ആഘോഷിക്കുന്നത്. എന്നാല്‍ കുട്ടികളെ നോക്കുന്ന തിരക്കിലായതിനാലാണ് റി സോള്‍ പൊതുരംഗത്തു പ്രത്യക്ഷപ്പെടാതിരുന്നത് എന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ അനുമാനിക്കുന്നത്.

ഉത്തരകൊറിയയില്‍ ഇതുവരെ ഒരാള്‍ക്കുപോലും കോവിഡ് ബാധിച്ചിട്ടില്ലെന്നാണ് രാജ്യം അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെ അമേരിക്കയും ജപ്പാനും സംശയത്തോടെയാണു കാണുന്നത്. ഗായികയായ റി സോള്‍ നേരത്തെ ഉത്തരകൊറിയയുടെ ഔദ്യോഗിക ഗായക സംഘത്തിലും അംഗമായിരുന്നു. 

English Summary: Kim Jong Un's Wife Reappears After Unusual 1-Year Absence