നാസയുടെ വമ്പന്‍ ദൗത്യം പെര്‍സിവിയറന്‍സ് ചൊവ്വയുടെ പ്രതലത്തില്‍ വിജയകരമായി ഇറങ്ങിയപ്പോള്‍ ലോകം ശ്രദ്ധിച്ച ഒരു പേരുണ്ട്: ഡോ. സ്വാതി മോഹന്‍. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ശാസ്ത്രജ്ഞ. കലിഫോര്‍ണിയയില്‍ നാസയുടെ ദൗത്യകേന്ദ്രത്തില്‍ നിന്ന് വിജയത്തിന്റെ വാര്‍ത്ത ലോകത്തെ അറിയിച്ചതും സ്വാതി തന്നെയായിരുന്നു.

അതോടെ നാസയുടെ കേന്ദ്രത്തില്‍ കയ്യടികളും ആര്‍പ്പുവിളികളും ഹര്‍ഷാരവവും ഉയര്‍ന്നു. ചരിത്ര ദൗത്യത്തിനു പിന്നില്‍ തുടക്കം മുതലേ ഉണ്ടായിരുന്നു അവര്‍. നേരത്തേ നാസയുടെ മറ്റു ചരിത്രദൗത്യങ്ങളില്‍ പങ്കെടുത്തതിന്റെ പരിചയവുമുണ്ടായിരുന്നു. ചൊവ്വാ ദൗത്യത്തിന്റെ വാര്‍ത്ത പുറത്തുവന്നതു മുതല്‍ ശ്വാസമടക്കിപ്പിടിച്ചു ലോകം കാത്തിരുന്നപ്പോള്‍ റോവറിനെ നിയന്ത്രിക്കാന്‍ നേതൃത്വം കൊടുത്തതും സ്വാതി തന്നെ.

ഒരു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് സ്വാതി അമേരിക്കയില്‍ എത്തുന്നത്. കുടുംബം യുഎസിലേക്ക് കുടിയേറിയതോടെ. വടക്കന്‍ വെര്‍ജീനിയ, വാഷിങ്ടണ്‍ എന്നിവിടങ്ങളിലായിരുന്നു കുട്ടിക്കാലത്ത് അവര്‍. 9 -ാം വായസ്സില്‍ ബഹിരാകാശ പരമ്പരയായ സ്റ്റാര്‍ ട്രെക്ക് കാണുന്നതോടെയാണ് സ്വാതിയും ബഹിരാകാശ മേഖല ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പഠിച്ച് ശിശുരോഗ ഡോക്ടറായി മാറണമെന്ന് തുടക്കത്തില്‍ ആഗ്രഹിച്ചെങ്കിലും പിന്നീട് ബഹിരാകാശ മേഖല  തന്റെ പ്രവര്‍ത്തന രംഗമാക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം 7 മാസവും 472 ദശലക്ഷം കിലോമീറ്ററും സഞ്ചരിച്ച ശേഷമാണ് നാസയുടെ ചൊവ്വ ദൗത്യം വിജയം കണ്ടത്.

English Summary: Meet Dr Swati Mohan, the Indian-American scientist behind NASA’s rover landing on Mars