കോഴിക്കോട് ∙ കൊടുവള്ളി കിഴക്കോത്ത് ‘ശിവ കൃപ’യിൽ സജിത അനിൽകുമാർ ജില്ലയിലെ ആദ്യ വനിത ഹോംഗാർഡ്.ഇരുപത്തൊന്നു വർഷത്തിലേറെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ദ്രുതകർമ സേനയിൽ സേവനം അനുഷ്ഠിച്ച കരുത്തുമായാണു സജിത അനിൽകുമാർ ഹോംഗാർഡ് യൂണിഫോം അണിയുന്നത്. ഇന്നലെ രാവിലെ തളി സാമൂതിരി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികക്ഷമതാ പരിശോധനയിൽ വിജയിച്ചതോടെ ജില്ലയിലെ ആദ്യ വനിത ഹോംഗാർഡ് എന്ന വിശേഷണത്തിനും സജിത അർഹയായി. ജില്ലാ ഫയർ ഓഫിസർ മൂസ വടക്കേതിൽ, സിറ്റി പൊലീസ് മേധാവി എ.വി.ജോർജ്, ജില്ലാ സൈനിക ക്ഷേമ ഓഫിസർ ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കായികക്ഷമത പരിശോധന. മാർച്ച് 1 മുതൽ മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ ആസ്ഥാനത്തു പരിശീലനം ആരംഭിക്കും. 7നു തൃശൂരിലെ ഫയർ ആൻഡ് റെസ്ക്യൂ അക്കാദമിയിൽ വച്ചു ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ ബി.സന്ധ്യ പങ്കെടുക്കുന്ന ചടങ്ങിൽ പാസിങ് ഔട്ട് പരേഡ് നടക്കും. ലോക വനിതാദിനമായ മാർച്ച് 8 നു ജോലിയിൽ പ്രവേശിക്കും. ആദ്യ നിയമനം ഫയർഫോഴ്സിൽ ആയിരിക്കും.

കൂത്താളി പുത്തൻവീട്ടിൽ ബാലൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകളായ സജിത 1995 ൽ സിആർപിഎഫിൽ ചേർന്നു. ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, ഉത്തർപ്രദേശ്, ശ്രീനഗർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. കൂടാതെ അഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട ലൈബീരിയയിൽ യുഎൻ മിഷന്റെ ഭാഗമായി ഒരു വർഷം സമാധാന സേനയിൽ സേവനം ചെയ്തിട്ടുണ്ട്. സർവീസിന്റെ വലിയൊരു പങ്ക് ദ്രുതകർമസേനയിൽ ആയിരുന്നു. 21 വർഷം 4 മാസത്തെ സർവീസിനു ശേഷം 2016 ൽ വിരമിച്ചു. മുൻ സിആർപിഎഫ് കാരനും ഇപ്പോൾ ഗവ. മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരനുമായ അനിൽകുമാറാണു ഭർത്താവ്. വിദ്യാർഥികളായ അഭിജിത്ത്, അഭിരാമി എന്നിവർ മക്കളാണ്.