വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെ ചവിട്ടി ഓടിച്ച യുവതിയുടെ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്രസീലിലെ നഴ്‌സായ ഏഞ്ചല ഗോൺകാൽവ്സ് ആണ് ഈ വീഡിയോയിലെ 'ഹീറോ'. ഇക്കഴിഞ്ഞ  ബുധനാഴ്ചയാണ് പരാനാഗുവയിലെ സ്വന്തം വീട്ടിൽ അതിക്രമിച്ച് കയറിയ ആളെ മനഃസാന്നിധ്യം കൈവിടാതെ നേരിട്ട യുവതി അടിച്ചോടിച്ചത്. വീടിനുള്ളിൽ നിന്നും ഏഞ്ചല നൃത്തം ചെയ്യുന്നത് ചിത്രീകരിക്കുന്നതിനിടയിൽ പുറത്ത് നിന്ന് ഇയാൾ ഒളിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ഇതിനിടെ പെട്ടെന്ന്  വീടിന്റെ വാതിൽ തള്ളി തുറന്ന് അകത്തേയ്ക്ക് കടക്കുകയായിരുന്നു.

ഇത് കണ്ട ആദ്യം ഏഞ്ചല ഞെട്ടിയെങ്കിലും അയാൾ വീട്ടിലേയ്ക്ക് കടന്നു വന്നപ്പോൾ ചിരിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ പെട്ടെന്നാണ് ഇയാൾ യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചത്. അടുത്ത നിമിഷം തന്നെ യുവതി അയാളെ അടിക്കുകയും പിന്നാലെ ഓടി പുറകിൽ നിന്ന് തൊഴിക്കുകയും ചെയ്തു. പുറത്തേക്ക് ഓടിയ ഏഞ്ചല ഇയാളെ അടിക്കുകയും ‘ഭ്രാന്തൻ’ എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്.

യുവതി തന്നെയാണ് ഫെയ്സ്ബുക്കിൽ ഈ വിഡിയോ പങ്കുവച്ചത്. തന്നെ കടന്നു പിടിക്കാൻ അയാൾ ശ്രമിച്ചപ്പോൾ സ്വാഭാവികമായി വന്നു പോയ കാര്യങ്ങളാണ് വീഡിയോയിൽ കാണുന്നതെന്ന് വ്യക്തമാക്കിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുപോലുള്ള അക്രമകാരികളെ നേരിടുമ്പോൾ ഭയത്തിന് പകരം പോരാട്ടമാണ് ആവശ്യമെന്നും യുവതി പറഞ്ഞു. ഇതുപോലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് മറ്റ് സ്ത്രീകളെ അറിയിക്കാൻ കൂടിയാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്നും ഏഞ്ചല വ്യക്തമാക്കി. അക്രമിയെ അടിച്ചോടിച്ചെങ്കിലും ഏഞ്ചല സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു. 

English Summary: Brazilian Nurse Heroically Fights Off Intruder