പെൺകുട്ടികൾ പുരുഷന്മാരെ സന്തോഷിപ്പിക്കും വിധം വസ്ത്രധാരണം ചെയ്യണമെന്നും അവർക്ക് മുന്നിൽ ബഹുമാനത്തോടെ മാത്രം സംസാരിക്കണമെന്നും തലകുമ്പിട്ടു നിൽക്കണമെന്നുമടക്കമുള്ള പെരുമാറ്റച്ചട്ടങ്ങൾ സ്കൂൾ വിദ്യാർത്ഥിനികൾക്ക് അസൈൻമെന്റായി നൽകി രൂക്ഷ വിമർശനങ്ങൾ നേരിടുകയാണ് ടെക്സസ്സിലെ ഷാലോവാട്ടർ ഹൈസ്കൂൾ. മധ്യയുഗത്തിലെ  ആചാരക്രമങ്ങളുടെയും  പെരുമാറ്റരീതികളുടെയും  ഓർമപുതുക്കലായി ആചരിക്കുന്ന ഷിവൽറി ദിനത്തിൽ പെൺകുട്ടികൾക്കുള്ള അസൈൻമെന്റായാണ് നിർദ്ദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

സ്ത്രീകളുടെതായ രീതിയിൽ മാത്രം വസ്ത്രം ധരിക്കണമെന്നും പുരുഷന്മാർക്ക് പിന്നിൽ  കാലുകൾ ബന്ധിച്ചതിനു സമാനമായ രീതിയിൽ അടക്കത്തോടെ മാത്രം നടക്കണമെന്നും പരാതികൾ പറയാനോ വിലപിക്കാനോ പാടില്ല എന്നതും അടക്കം 10 പെരുമാറ്റചട്ടങ്ങളാണ് സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർദേശങ്ങളുടെ ചിത്രം പ്രാദേശിക മാധ്യമ പ്രവർത്തകനായ ബ്രാൻഡി ടി അഡിസൺ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ വിഷയം ജനശ്രദ്ധ നേടുകയായിരുന്നു.

പുരുഷന്മാരുമായുള്ള സംസാരത്തിന് സ്ത്രീകൾ തുടക്കം കുറിക്കരുത്, ചുറ്റുമുള്ള  പുരുഷന്മാർക്ക്  അപ്രിയം ഉണ്ടാക്കുന്ന രീതിയിൽ ബുദ്ധിപരമായ മേൽക്കോയ്മ കാണിക്കരുത്, ക്ലാസിലെ പുരുഷ വിദ്യാർഥികൾക്കായി മധുര പലഹാരങ്ങൾ പാചകം ചെയ്തു കൊണ്ടുവരണം എന്നിവയെല്ലാം എല്ലാം പെരുമാറ്റചട്ടങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.  

ഷിവൽറി ദിനത്തിൽ മധ്യയുഗത്തിലെ പെരുമാറ്റങ്ങൾ അതേപടി അനുകരിക്കണമെന്നും ഓരോ ചട്ടവും കൃത്യമായി അനുസരിച്ച ശേഷം മുതിർന്നവരുടെ  ഒപ്പു വാങ്ങണമെന്നുമാണ് നിർദ്ദേശം. ഓരോന്നിനും പ്രത്യേക പോയിൻറ് നൽകുമെന്നും വിശദീകരിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ നിർദ്ദേശങ്ങൾ  പിൻവലിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഷിവൽറി ദിനത്തിൻറെ ചരിത്രപശ്ചാത്തലം നിലവിലെ സാമൂഹിക മൂല്യങ്ങളുമായി ചേർന്നുപോകുന്നതല്ല എന്ന് തിരിച്ചറിഞ്ഞതിനാലാണ് അസൈൻമെൻറ് പിൻവലിച്ചത് എന്ന് ഷാലോവാട്ടർ ഹൈസ്കൂളിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ വ്യക്തമാക്കി.

English Summary: Texas school's "chivalry" assignment told girls to dress to please men