ചരിത്രം കുറിക്കുകയാണ് സീമ ഠാക്കൂർ എന്ന യുവതി. ഹിമാചൽ പ്രദേശ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ആദ്യ ബസ് ഡ്രൈവർ. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ബസ് ഓടിക്കുന്ന ബസ് ഓടിക്കുന്ന ആദ്യ വനിത കൂടിയാകുകയാണ്  അവർ. ഷിംല–ചണ്ഡീഗഢ് റോഡിലൂടെയാണ് സീമ ഇപ്പോൾ ബസ്  ഓടിക്കുന്നത്. 

ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലാണ് സീമയുടെ ജന്മസ്ഥലം. അഞ്ച് വർഷം മുൻപ് ഹിമാചൽ റോഡ് ട്രാൻസ്പോട്ട് കോർപ്പറേഷനിൽ ജോലിക്കെത്തി. ആദ്യം എച്ച്ആർടിസിയുടെ ടാക്സി സർവീസുകളിലാണ് ജോലി ചെയ്തത്. പിന്നീട് ഷിംല സോളാൻ റൂട്ടിലെ ഇലക്ട്രിക് ബസിൽ ഡ്രൈവറായി. ജോലിയെ കുറിച്ച് സീമ പറയുന്നത് ഇങ്ങനെ: ‘ഹിമാചലിലെ വിവിധ പ്രദേശങ്ങളിലേക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ ഇലക്ട്രിക് ബസ് ഓടിക്കുന്നു. ഒരു ഇന്റർ സ്റ്റേറ്റ് റൂട്ടിൽ ബസ് ഓടിക്കാൻ അവസരം ലഭിച്ചതിൽ വലിയ സന്തോഷം. ഇനി വോൾവോ ബസുകൾ ഓടിക്കണമെന്നാണ് ആഗ്രഹം. ഉടൻ തന്നെ ഷിംല ഡൽഹി റൂട്ടിൽ ഞാൻ വോൾവോ ബസ് ഓടിക്കും.’

സാധാരണ പുരുഷ ഡ്രൈവർമാരെ പോലെ എത്ര ബുദ്ധിമുട്ടുള്ള റോഡിലും സീമയും നന്നായി ഡ്രൈവ് ചെയ്യുമെന്ന് കണ്ടക്ടര്‍ പറയുന്നു. സ്ത്രീ ഡ്രൈവറാണെന്ന് പറയുമ്പോൾ യാത്രക്കാർക്ക് സീമയെ പറ്റി അറിയാൻ വലിയ ആകാംക്ഷയാണെന്നും അവർ വ്യക്തമാക്കുന്നു. എച്ച്ആർടിസിയിലെ 8000ൽ അധിരം ജീവനക്കാരിൽ ഒരേയൊരു വനിതാ ഡ്രൈവറാണ് സീമ.