ഓരോ വാക്കും വിതുമ്പലിന്റെ അകമ്പടിയോടാണ് അവര്‍ പറഞ്ഞത്. ഇടയ്ക്കിടെ കണ്ണീര്‍ നിയന്ത്രിക്കാന്‍ സംസാരം നിര്‍ത്തേണ്ടിവന്നു. ഓര്‍മകളുടെ പ്രവാഹത്തില്‍ കണ്ണീര്‍ നിറഞ്ഞ മിഴികളുമായി ഒടുവിലവര്‍ ദൗത്യം തീര്‍ത്തപ്പോള്‍ കൂടിനിന്നവരും കണ്ണീരണിഞ്ഞു. അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തില്‍ കുറ്റാരോപിതനായ മുന്‍ പൊലീസ് ഓഫിസര്‍ ഡെറക് ഷോവിന്റെ വിചാരണയായിരുന്നു രംഗം. കോടതി നടപടികളുടെ നാലാം ദിവസം മൊഴി നല്‍കാന്‍ എത്തിയത് ഫ്ലോയ്ഡിന്റെ കാമുകി കോര്‍ട്നി റോസ്. മൂന്നു വര്‍ഷം തങ്ങള്‍ ഒരുമിച്ചു ജീവിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു റോസ് ദുഃഖം സഹിക്കാനാവാതെ കോടതിയില്‍ പൊട്ടിക്കരഞ്ഞത്. 

ഫ്ലോയ്ഡിന്റെ മരണത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ കറുപ്പ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ തങ്ങള്‍ അനിയന്ത്രിതമായി ഉപയോഗിച്ചിരുന്നെന്ന് റോസ് മൊഴി നല്‍കി. വര്‍ഷങ്ങളായി അലട്ടിയിരുന്ന ശാരീരിക വേദന ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്. വേദനാ സംഹാരികളും തങ്ങള്‍ ഉപയോഗിച്ചിരുന്നെന്നും അവര്‍ മൊഴി നല്‍കി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13-ാം സാക്ഷിയായിരുന്നു റോസ്. 

ലഹരിമരുന്നുകളോടുള്ള ആസക്തി നിയന്ത്രിക്കാന്‍ തങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടിയതായും റോസ് വ്യക്തമാക്കി. പല തവണ ലഹരി ഉപേക്ഷിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. കടുത്ത വേദന നിയന്ത്രിക്കാന്‍ വേണ്ടിയായിരുന്നു തങ്ങള്‍ പലപ്പോഴും ലഹരി ഉപയോഗിച്ചിരുന്നത്. ക്രമേണ അതു പതിവായി. ഡോക്ടര്‍മാര്‍ കുറിച്ചുതന്നിരുന്ന വേദനാ സംഹാരികളുടെ സ്റ്റോക് കഴിയുമ്പോള്‍ മറ്റു പലരുടെയും പ്രിസ്ക്രിപ്ഷനുകള്‍ ഉപയോഗിച്ചും വേദനാ സംഹാരികള്‍ വാങ്ങേണ്ടിവന്നു. ചില അവസരങ്ങളില്‍ വേദന സഹിക്കാനാവാതെ നിരോധിക്കപ്പെട്ട മരുന്നുകള്‍ തങ്ങള്‍ കഴിച്ചിട്ടുണ്ടെന്നും റോസ് പറഞ്ഞു. 

2020 മാര്‍ച്ചില്‍ ഒരിക്കല്‍ ഫ്ലോയ്ഡ് അമിത അളവില്‍ മരുന്ന് കഴിക്കുകയും അതിനെത്തുടര്‍ന്ന് ആശുപത്രിയിലാകുകയും ചെയ്തിട്ടുണ്ടെന്നും റോസ് പറഞ്ഞു. എന്നാല്‍ കോവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് ഒരുമിച്ചു ജീവിച്ചപ്പോള്‍ ഫ്ലോയ്ഡ് താരതമ്യേന ശാന്തനായിരുന്നു. സന്തോഷത്തോടെയായിരുന്നു അന്നത്തെ ജീവിതം. എന്നാല്‍ മരണത്തിനു രണ്ടാഴ്ച മുന്‍പ് ഫ്ലോയ്ഡ് വീണ്ടും ലഹരി മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയോ എന്നു റോസ് സംശയിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ സ്ഥിരത ഇല്ലായിരുന്നെന്നും അവര്‍ പറയുന്നു. മരണം നടന്ന ദിവസം ഫ്ലോയ്ഡ് ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യം റോസ് വ്യക്തമായി പറഞ്ഞില്ല. 

റോസിന്റെ മൊഴി പുറത്തുവന്നതോടെ എതിര്‍കക്ഷിയായ പൊലീസ് ഓഫിസര്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ക്ക് നിനച്ചിരിക്കാത്ത പിടിവള്ളിയാണു കിട്ടിയിരിക്കുന്നത്. ലഹരി ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഫ്ലോയ്ഡ് അമിതമായി ഉപയോഗിച്ചതും ഫ്ലോയ്ഡിന്റെ ശരീരത്തിലെ ലഹരിയുടെ അമിത സാന്നിധ്യവും ജഡ്ജിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് അവരുടെ തീരുമാനം. ഫ്ലോയ്ഡിനെതിരെ ഡെറക് ഷോവിന്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് ബലം പ്രയോഗിക്കേണ്ടിവന്ന സാഹചര്യം അനിവാര്യമായിരുന്നെന്നു ചൂണ്ടിക്കാട്ടാനാണ് അവരുടെ ശ്രമം. ബലം പ്രയോഗിച്ചില്ലെങ്കില്‍പ്പോലും പെട്ടെന്നു ക്ഷീണിച്ചു കുഴഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്നു ഫ്ലോയഡ് എന്നു വരുത്തിത്തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. 

2020 മേയ് 25 നായിരുന്നു അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ച ഫ്ലോയ്ഡിന്റെ കൊലപാതകം. പൊലീസുമായുള്ള ബലപ്രയോഗത്തിനിടെയായിരുന്നു പിന്നീട് വിവാദമായ മരണം സംഭവിച്ചത്. വെള്ളക്കാരനായ പൊലീസ് ഓഫിസര്‍ ഡെറക് ഷോവിന്‍ ബലമായി ഫ്ലോയ്ഡിനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതും നെഞ്ചില്‍ മുട്ടുകാലമര്‍ത്തി ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നതോടെ വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്കാണു ലോകം സാക്ഷ്യം വഹിച്ചത്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന പേരില്‍ പ്രക്ഷോഭം ചൂടുപിടിച്ചതോടെ ലോകത്തെങ്ങും കറുത്ത വര്‍ഗക്കാരുടെ മുന്നേറ്റമുണ്ടായി. അമേരിക്കയിലെ വംശീയ വിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഫ്ലോയ്ഡ് എന്നു ചൂണ്ടിക്കായായിരുന്നു പ്രതിഷേധം. ഇപ്പോള്‍ നടക്കുന്ന വിചാരണ നടപടികള്‍ പൂര്‍ത്തിയായതിനുശേഷമായിരിക്കും കോടതിവിധി പുറത്തുവരിക. സംഭവത്തില്‍ കുറ്റക്കാരന്‍ എന്നാരോപിക്കപ്പെട്ട ഡെറക് ഷോവിന്‍ കുറ്റം ചെയിതിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്തു ശിക്ഷയാണെന്നും കോടതി പ്രഖ്യാപിക്കും. കോടതി വിധിക്കുവേണ്ടി ആകാംക്ഷയോടെയാണു ലോകം കാത്തിരിക്കുന്നത്. 

English Summary: George Floyd’s girlfriend recalls struggles with addiction in emotional testimony