ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സഹയാത്രികരായ സീക്രട്ട് സര്‍വീസ് ഓഫിസര്‍മാരെയും സഹായികളെയും രസകരമായി പറ്റിച്ച് അമേരിക്കയിലെ പ്രഥമ വനിത ജില്‍ ബൈഡന്‍. വിമാനയാത്രയ്ക്കിടയിലായിരുന്നു ജില്‍ ബൈഡന്റെ അപ്രതീക്ഷിതമായ പെരുമാറ്റം. 

ഏപ്രില്‍ ഒന്നിന്  ജില്‍ കലിഫോര്‍ണിയയില്‍ നിന്ന് വാഷിങ്ടണിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ കറുത്ത വസ്ത്രം ധരിച്ചു ഫെയ്സ് മാസ്കും ഇട്ട ഒരാള്‍  വിമാനത്തില്‍ ഐസ് ക്രീം വിതരണം ചെയ്തു. ജാസ്മിന്‍ എന്നായിരുന്നു അവരുടെ വേഷത്തില്‍ അച്ചടിച്ചിരുന്ന പേര്. അതുകൊണ്ടുതന്നെ ആരും പ്രത്യേകിച്ചൊന്നും സംശയിച്ചുമില്ല. എന്നാല്‍ ഏതാനും നിമിഷത്തിനുശേഷം അതേ ജാസ്മിന്‍ തലയിലുണ്ടായിരുന്ന കറുത്ത മുടിയുടെ വിഗ് ഇല്ലാതെയും മുഖം പൂര്‍ണമായി വെളിപ്പെടുത്തിയും രംഗത്തെത്തി. അപ്പോഴാണ് തങ്ങള്‍ക്ക് ഐസ് ക്രീം വിതരണം ചെയ്തത് രാജ്യത്തെ പ്രഥമ വനിത ജില്‍ ബൈഡന്‍ ആയിരുന്നെന്ന് സഹായികള്‍ തിരിച്ചറിഞ്ഞത്. ഏപ്രില്‍ ഫൂള്‍സ് എന്നു വിളിച്ച് എല്ലാവരെയും കളിയാക്കാനും ജില്‍ മറന്നില്ല. 

ജില്‍ ഇങ്ങനെയൊരു കുസൃതി ഒപ്പിക്കുമെന്ന് തങ്ങളാരും കരുതിയില്ലെന്നും അതുകൊണ്ടുതന്നെ പ്രത്യേകിച്ചൊന്നും സംശയിച്ചില്ലെന്നും ജില്ലിന്റെ സഹായികള്‍ വ്യക്തമാക്കി. പ്രഥമ വനിത യഥാര്‍ഥ വേഷത്തില്‍ എത്തിയപ്പോള്‍ പറ്റിപ്പോയ അമളിയോര്‍ത്ത് എല്ലാവരും പൊട്ടിച്ചിരിക്കുകയും ചെയ്തു. 69കാരിയായ ജില്‍ ഇതിനു മുന്‍പും കുസൃതികള്‍ ഒപ്പിച്ചിട്ടുണ്ട്. അവയെക്കുറിച്ച് 2019 ല്‍ എഴുതിയ ഓര്‍മപ്പുസ്തകത്തില്‍ അവര്‍ എഴുതിട്ടുമുണ്ട്. വേര്‍ ദ് ലൈറ്റ് എന്റേഴ്സ്: ബില്‍ഡിങ് എ ഫാമിലി, ഡിസ്കവറിങ് മൈസെല്‍ഫ്’ എന്നാണു പുസ്തകത്തിന്റെ പേര്. 

English Summary: Jill Biden pranks staff, media on April Fool’s Day