ചരക്കുകപ്പലായ എവർ ഗിവൺ സൂയസ് കനാലിൽ കുടുങ്ങിയപ്പോൾ നൂറുകണക്കിന് മൈലുകൾക്കപ്പുറം മെഡിറ്ററേനിയൻ തുറമുഖ നഗരമായ അലക്സാണ്ട്രിയയിൽ ജോലിചെയ്യുകയായിരുന്നു നാവിക ഉദ്യോഗസ്ഥയായ മാർവ എൽസ്ലെദർ. എന്നാൽ സംഭവവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും അതിന്റെ പേരിൽ പഴി മുഴുവൻ കേൾക്കേണ്ടി വന്നത് ഈജിപ്തിലെ ആദ്യ വനിതാ ഷിപ്പ് ക്യാപ്റ്റൻ കൂടിയായ ഈ 29 കാരിയാണ്. സൂയസ് കനാലിലൂടെയുള്ള ചരക്കു ഗതാഗതം തടസപ്പെട്ടതിന്റെ  ഉത്തരവാദി മാർവയാണ് എന്ന തരത്തിൽ വ്യജ വാർത്ത പ്രചരിക്കുകയായിരുന്നു.

വ്യാജ തലക്കെട്ടുകൾക്കൊപ്പം മാർവയുടെ ചിത്രം ചേർത്താണ് വാർത്ത പ്രചരിച്ചത്. സംഭവം അറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ താൻ ഞെട്ടിപ്പോയി എന്ന് മാർവ പറയുന്നു. ചെറിയ പ്രായത്തിൽ നാവിക മേഖലയിൽ ഉയർന്നപദവിയിൽ എത്തിയ വനിത ആയതിനാലാവാം  ഇത്തരമൊരു വാർത്തയിലൂടെ തന്നെ തകർക്കാനുള്ള ശ്രമങ്ങൾ നടന്നത് എന്നും മാർവ പറയുന്നു.

ആഗോളതലത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ  നാവിക മേഖലയിൽ ജോലി ചെയ്യുന്നവരിൽ രണ്ടു ശതമാനം സ്ത്രീകൾ മാത്രമാണ് ഉള്ളത്. സ്ത്രീകൾ കുടുംബത്തിൽനിന്നും ദീർഘ കാലത്തേക്ക് മാറി നിന്ന് കടലിൽ ജോലി ചെയ്യുന്ന രീതിയോട് ഇപ്പോഴും സമൂഹത്തിന് പൊരുത്തപ്പെടാനായിട്ടില്ല എന്നാണ് മാർവയുടെ അഭിപ്രായം. എന്നാൽ ഏറെ ഇഷ്ടപ്പെടുന്ന മേഖലയിൽ തൊഴിൽ ചെയ്യുന്നതിന് സമൂഹത്തിൻറെ ആകെ അംഗീകാരം  വാങ്ങേണ്ട കാര്യമില്ല എന്നും മാർവ കൂട്ടിച്ചേർക്കുന്നു.

ഏറെ പരിശ്രമിച്ച് നേടിയെടുത്തതാണ് ഈ പദവി. എന്നാൽ ഇത്രയും കാലം കൊണ്ട് താൻ നേടിയ പ്രശസ്തിക്ക് അപ്പാടെ മങ്ങലേൽക്കുന്ന വാർത്ത ആയതിനാൽ അത് തെറ്റാണെന്ന് പലരെയും ബോധ്യപ്പെടുത്താൻ മാർവയ്ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഇപ്പോൾ സംഭവത്തിന്റെ യാഥാർത്ഥ്യം  പല മുഖ്യധാരാ മാധ്യമങ്ങളും റിപ്പോർട്ട് പോർട്ട് ചെയ്തതോടെ തൻറെ പേരിലുണ്ടായത് തെറ്റായ ആരോപണമാണെന്ന് ലോകം എത്രയും വേഗം തിരിച്ചറിയും എന്ന പ്രതീക്ഷയിലാണ് ഈ വനിത.

English Summary: Egypt's first female ship captain Marwa Elselehdar says 'blamed for blocking Suez Canal'