ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. എത്ര നിയന്ത്രിച്ചാലും വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്ന കാഴ്ചയാണ് ലോകമാകെ കാണുന്നത്. ഇങ്ങനെയുള്ള ലോകത്ത് പ്ലാസ്റ്റിക് നിർമാർജനത്തിന് ഇറങ്ങിയിരിക്കുകയാണ് എഴുപതുകാരിയായ ഈ മുത്തശ്ശി. പ്ലാസ്റ്റിക് നിർമാർജനത്തിനായി ‘ദി ഫൈനൽ സ്ട്രോ ക്യാംപെയ്ൻ’ എന്ന പേരിൽ പദ്ധതിക്കും തുടക്കമിടുകയാണ് പാറ്റ് സ്മിത്ത്. യുകെയിലെ ആദ്യ പ്ലാസ്റ്റിക് സ്ട്രോവിമുക്ത പ്രദേശമായി കോൺവാളിനെ മാറ്റുകയാണ് പാറ്റിന്റെ ലക്ഷ്യം.

2017 മുതൽ തുടങ്ങിയ പദ്ധതിയിലൂടെ കോൺവാളിലെ 52 ബീച്ചുകൾ മുത്തശിയും സംഘവും വൃത്തിയാക്കി. പ്ലാസ്റ്റിക് മലിനീകരണം സംബന്ധിച്ച ഡോക്യുമെന്ററി കണ്ടതോടെയാണ് പാറ്റ് മുത്തശ്ശിയുടെ ജീവിതം മാറി മറിഞ്ഞത്. കോൺവാൾ ബീച്ചുകൾ വൃത്തിയാക്കുന്നതിനൊപ്പം ഇവിടെയുള്ള 600ഓളം സ്ഥാപനങ്ങളെ പ്ലാസ്റ്റിക് ഉപയോഗത്തിൽ നിന്ന് പിൻതിരിപ്പിക്കാനും മുത്തശ്ശിക്കു കഴിഞ്ഞു.

വർഷം തോറും 13 മില്യണ്‍ ടൺ പ്ലാസ്റ്റിക് മാലിന്യമാണ് കടലിലേക്ക് വലിച്ചെറിയുന്നത്. ലോകത്തിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്. ബ്രിട്ടനിൽ മാത്രം ബീച്ചുകളിലെ ഓരോ കിലോമീറ്റർ ചുറ്റളവിിൽ 3000 പ്ലാസ്റ്റിക് മാലിന്യമെങ്കിലും കണ്ടെത്താനാകുമെന്നാണ് പാറ്റ് പറയുന്നത്. പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ പ്രദേശവും കോൺവാളാണ്. ഇവിടെയാണ് പാറ്റിന്റെ പ്രയത്നങ്ങൾ.

English Summary: Grandma Power: This 70-Year-Old Managed to Clean Trash Off 52 Beaches