മുംബൈ∙ പശ്ചിമ മഹാരാഷ്ട്രയിലെ സത്താറയിൽ നിന്നുള്ള പ്രിയങ്ക മൊഹിതെ (28)  ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പത്താമത്തെ  കൊടുമുടിയായ 'അന്നപൂർണ' കീഴടക്കി. ഈ  നേട്ടം കൈവരിക്കുന്ന ആദ്യത്തെ  ഇന്ത്യക്കാരിയാണ് പ്രിയങ്ക. 8,000 മീറ്ററിലധികം ഉയരമുള്ള അന്നപൂർണ  കൊടുമുടി ഹിമാലയത്തിൽ  നേപ്പാളിനോടു ചേർന്നാണു സ്ഥിതി ചെയ്യുന്നത്. കയറാൻ ഏറ്റവും ദുഷ്കരമായ കൊടുമുടികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

പ്രിയങ്കയുടെ സഹപ്രവർത്തകയായ കിരണ്‍ മസൂംദാർ ഷാ യാണ് ട്വിറ്ററിലൂടെ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. ‘ഞങ്ങളുടെ സഹപ്രവർത്തക പ്രിയങ്ക 8091 മീറ്റർ ഉയരമുള്ള അന്നപൂർണ കൊടുമുടി കീഴടക്കിയിരിക്കുന്നു. ലോകത്തിൽ തന്നെ ഏറ്റവും ഉയരമുള്ള പത്താമത്തെ കൊടുമുടിയാണ് അന്നപൂർണ. 2021 ഏപ്രിൽ 16ന് ഉച്ചയ്ക്ക് 1.30ഓടെയാണ് പ്രിയങ്ക അന്നപൂർണ കീഴടക്കിയത്. ഈ കൊടുമുടി കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പ്രിയങ്ക. അവൾ ഞങ്ങളുടെ അഭിമാനമാണ്.’– കിരൺ ട്വിറ്ററിൽ കുറിച്ചു. അന്നപൂർണയ്ക്കു മുകളിൽ ഇന്ത്യൻ പതാകയുമായി നിൽക്കുന്ന പ്രിയങ്ക മോഹിതെയുടെ ചിത്രവും പങ്കുവച്ചു. 

ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് (8,849 മീറ്റർ) 2013ൽ പ്രിയങ്ക കീഴടക്കിയിരുന്നു. ബയോകോണിന്റെ ഗവേഷണ സ്ഥാപനമായ സിൻജെൻ ഇന്റർനാഷണൽ ലിമിറ്റഡിലാണ് ജോലി ചെയ്യുന്നത്.

English Summary: Priyanka Mohite Becomes First Indian Woman To Scale Mt Annapurna