കോവിഡ് മഹാമാരി പ്രിയപ്പെട്ടവരെ കൊണ്ടുപോകുമ്പോൾ നിസഹായരായി നോക്കി നിൽക്കുകയാണ് മനുഷ്യർ. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പറയുമ്പോഴും ഉറ്റവരുടെ വേര്‍പാട് താങ്ങാനാകാതെ സ്വയം ജീവനൊടുക്കുന്നവരും ഈ കോവിഡ് കാലത്ത് കുറവല്ല. മധ്യപ്രദേശ് കോവിഡ് പ്രിയപ്പെട്ടവരെ കൊണ്ടുപോയത് താങ്ങാനാകാതെ രണ്ട് സ്ത്രീകൾ ആത്മഹത്യ ചെയ്തു. 

കോവിഡ്–19 ബാധിച്ച് അമ്മ മരിച്ചതോടെയാണ് ഒരു യുവതി ആത്മഹത്യ ചെയ്തത്. റെയ്സൺ ജില്ലയിലാണ് സംഭവം. ദേവാസ് എന്ന സ്ഥലത്താണ്  സ്ത്രീ സ്വയം ജീവനൊടുക്കിയത്. കോവിഡ് ബാധിച്ച് കുടുംബാംഗങ്ങൾ മരിച്ചതോടെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ യുവതി മരിച്ചത്. 32 വയസ്സുള്ള സ്ത്രീ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ വച്ച് മരിച്ചു. രണ്ട് ദിവസം മുൻപ് ഈ യുവതിയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 

ആത്മഹത്യക്ക് തയ്യാറായി നിന്ന മകളെ തടയാൻ ശ്രമിച്ചെങ്കിലും അവൾ അപാർട്മെന്റിനു മുകളിൽ നിന്ന് ചാടുകയായിരുന്നു എന്ന് യുവതിയുടെ പിതാവ് പറഞ്ഞു. സമീപപ്രദേശത്തു തന്നെയാണ് മറ്റൊരു സംഭവവും നടന്നത്. ഒരു കുടുംബത്തിലെ മൂന്നു പേർ കോവിഡ് ബാധിച്ചു മരിച്ചു. ബാൽകിഷൻ ഗാർഗിന്റെ കുടുംബത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രകല, മക്കളായ സഞ്ജയ്, സ്വപ്നീഷ് എന്നിവരാണ് മരിച്ചത്. പ്രിയപ്പെട്ടവരുടെ മരണം താങ്ങാനാകാതെയാണ് ഈ കുടുംബത്തിലെ ഇളയ മരുമകൾ ആത്മഹത്യ ചെയ്തത്. സ്ത്രിയുടെ പോസ്റ്റ്് മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു. 

മുന്നറിയിപ്പ്: ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല...!

English Summary: Two Women Die by Suicide After COVID-19 Claims Lives of Family Members