എങ്ങനെ നല്ല ഭാര്യയാകണമെന്ന് പെൺകുട്ടികളെ പഠിപ്പിച്ചു കൊടുക്കാൻ നൂറ്റാണ്ടുകളായി പരിശ്രമിക്കുന്ന സമൂഹം എന്തുകൊണ്ട് നല്ല ഭർത്താക്കന്മാരെ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നാണ് അഭിനേത്രിയായ ജയപ്രദയുടെ ചോദ്യം.

മുഖ്യ ചാനലിലെ ഒരു ടിവി ഷോയിൽ അഭിനയിക്കുകയാണ് താരമിപ്പോൾ. ഇതിൽ മകന്റെ ഉപദ്രവത്തിൽ നിന്നു മരുമകളെ സംരക്ഷിക്കാനായി മകനെ കൊല്ലുന്ന അമ്മയുടെ വേഷമാണ് ജയപ്രദ ചെയ്യുന്നത്. മകന്റെ വിവാഹജീവിതത്തിൽ പൊരുത്തക്കേടുണ്ടെന്ന് വളരെ മുൻപേ തന്നെ അമ്മ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും. മരുമകളുടെ ഭാഗത്താണ് ന്യായം എന്നറിഞ്ഞിട്ടും അവളെ കൊലപ്പെടുത്താൻ മകൻ ശ്രമിക്കുന്നതോടെയാണ് ആ പൊരുത്തക്കേടിന്റെ തീവ്രത ആ അമ്മ മനസ്സിലാക്കുന്നത്.

ഈ ഷോയെക്കുറിച്ചും അതിലെ കഥാപാത്രത്തിന്റെ ആഴത്തെക്കുറിച്ചും സംസാരിക്കുമ്പോഴാണ് ഇന്ത്യൻ സമൂഹം ഭർത്താക്കന്മാരെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ജയപ്രദ പരാമർശിച്ചത്. ഈ ഷോയിലൂടെ തന്റെ ടെലിവിഷൻ കരിയർ തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നുും ജയപ്രദ പറയുന്നു. ഷോയിൽ അമ്മക്കഥാപാത്രം ചെയ്യുന്ന താൻ ഒരു ഘട്ടത്തിൽ വളരെ പോസിറ്റീവ് നിലപാടുള്ള അമ്മായിയമ്മയെയും അവതരിപ്പിക്കുന്നുണ്ടെന്നും ജയപ്രദ പറയുന്നു. നല്ല ഭാര്യ എങ്ങനെയാകണമെന്ന് പെൺകുട്ടികളെ പഠിപ്പിക്കാൻ ശുഷ്കാന്തി കാട്ടുന്ന ഇന്ത്യൻ സമൂഹം നല്ല ഭർത്താക്കന്മാരാകാൻ ആൺകുട്ടികളെ പഠിപ്പിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുകയാണ് പതിവെന്നാണ് താരത്തിന്റെ അഭിപ്രായം.

മക്കളുടെ തെറ്റുകുറ്റങ്ങളെക്കുറിച്ച് അമ്മമാർ മനസ്സിലാക്കണം. അവർ ചെയ്യുന്ന ശരിയല്ലാത്ത കാര്യങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. നൂറ്റാണ്ടുകളായി ഇന്ത്യൻ സമൂഹം ശ്രമിക്കുന്നത് നല്ല ഭാര്യമാരാകാൻ പെൺകുട്ടികളെ പഠിപ്പിക്കാനാണ്. അവർക്ക് യോജിച്ച നല്ല ഭർത്താക്കന്മാരാകാൻ ആൺകുട്ടികളെ പഠിപ്പിക്കുന്നതിൽ അതേ സമൂഹം തോറ്റുപോവുകയും ചെയ്യുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ വളരുന്ന പെൺകുട്ടികൾ നാളെ ഭർത്താവ് എങ്ങനെയൊക്കെ പെരുമാറിയാലും അതിനോട് പൊരുത്തപ്പെടാൻ നിർബന്ധിതരായിത്തീരുകയാണ്.