ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി ബയോകെമിക്കൽ വനിതാ സ്റ്റാർട്ടപ്പായ ‘ഏക’ ബയോകെമിക്കൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക. താൻ എന്തായി തീരണമെന്ന് സ്വയം തീരുമാനിച്ച ആർദ്ര ചന്ദ്രമൗലി എന്ന ഈ യുവ സംരംഭകയിൽ നിന്നും പെൺകുട്ടികൾക്ക് പഠിക്കാൻ ഏറെ ഉണ്ട്.

ആരാണ് ആർദ്ര ചന്ദ്രമൗലി

തിരുവനന്തപുരം സ്വദേശി. വനിതകൾ മാത്രം ചുക്കാൻ പിടിക്കുന്ന ഇന്ത്യയിലെ ആദ്യ പരിസ്ഥിതി ബയോടെക് കമ്പനിയായ ഏക ബയോകെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ എംഡി ആർദ്ര ചന്ദ്രമൗലി അറിയപ്പെടുന്നത് ബയോടെക് എൻജിനീയറും വ്യവസായിയുമായാണ്. പരിസ്ഥിതിയെ സുഖപ്പെടുത്തുന്ന ബയോ അടിസ്ഥാനമാക്കിയുള്ള ഫലപ്രദമായ പരിഹാരങ്ങൾ ആസൂത്രണം ചെയ്യുകയാണ് വായനയ്ക്കും നൃത്തത്തിനും പുറമെ ആർദ്രയുടെ പ്രിയപ്പെട്ട ഹോബികൾ‌. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർദ്ര, ശാസ്ത്രത്തിലും വ്യവസായത്തിലും താൽപര്യമുള്ള ആർക്കും ഇവ എളുപ്പത്തിൽ ലഭ്യമാകുന്നെന്ന് ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതയാണ്.

കേംബ്രിജ് സർവകലാശാലയിലും യുകെ ഹൗസസ് ഓഫ് പാർലമെന്‍റിലും നടന്ന എക്സിക്യൂട്ടീവ് നയ, നേതൃത്വ പരിപാടിയായ ബ്രിട്ടിഷ് കൗൺസിൽ ഫ്യൂച്ചർ ലീഡേഴ്സ് കണക്ട് പ്രോഗ്രാമിനായി രാജ്യാന്തരതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 50 യുവ നേതാക്കളുടെ പ്രഥമ സംഘത്തിൽ ആർദ്ര അംഗമായിരുന്നു. ബ്രിട്ടിഷ് കൗൺസിൽ ജൂബിലി സ്കോളറായ ആർദ്രയ്ക്ക് വാർവിക് ബിസിനസ് സ്കൂളിൽ മാനേജ്മെന്‍റിൽ മാസ്റ്റേഴ്സ് ബിരുദം തുടരാൻ മുഴുവൻ സമയ സ്കോളർഷിപ്പ് നല്‍കിയിരുന്നു.

ആർദ്ര ചന്ദ്രമൗലി

2017 ഓഗസ്റ്റിൽ ചാംപ്യന്‍ ഓഫ് ചെയിഞ്ച് എന്ന രാഷ്ട്രനിർമാണ പദ്ധതിയിൽ പങ്കെടുക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനും നീതിആയോഗിന്‍റെ ക്ഷണം ലഭിച്ചു.  കൗൺസിൽ ഓഫ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡവലപ്പ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തി മികച്ച വ്യവസായ സംരംഭകർക്കുള്ള 2018 ലെ ദേശീയ പുരസ്കാരം, ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദേവീ പുരസ്കാരം (2016), പ്രഫഷനൽസ് കോൺക്ലേവ് വനിതാ വ്യവസായ സംരംഭകയ്ക്കുള്ള പുരസ്കാരം (2016) തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വനിതകളെ സഹായിക്കുന്നതിലാണ് മുൻതൂക്കം

ആർദ്ര പെൺകുട്ടികളെ സഹായിക്കുന്നതിൽ മിടുക്കിയാണ്. എൻജിനീയറിങ്ങും മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളും പഠിച്ച ഒട്ടേറെ പെൺകുട്ടികൾ നമുക്കിടയിലുണ്ട്. അവരിൽ പലരും സർക്കാർ ജോലിയോ ബാങ്ക് ജോലിയോ ഒക്കെയായി ഒതുങ്ങിക്കൂടാൻ ശ്രമിക്കുകയാണ്. എന്നാൽ സ്റ്റാർട്ടപ് രംഗത്തും സംരംഭക മേഖലയിലും എന്തുമാത്രം സാധ്യതകളുണ്ടെന്ന് അവർ ഓർക്കുന്നില്ല. റിസ്ക്കെടുക്കാൻ പേടിയുള്ളതു കൊണ്ട് യുവതികൾ പിൻമാറുകയാണ്. അങ്ങനെ മാറി നിൽക്കേണ്ട കാര്യമില്ല. ധൈര്യമായി മുന്നോട്ടുവരൂ. സാധ്യതകളുടെ വാതിൽ നിങ്ങൾക്കായി മലർക്കേ തുറന്നു കിടക്കുകയാണ്.

ഇനി പഠിച്ചതെല്ലാം മറന്നേക്കൂ...

പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് വിലയുണ്ടെന്ന് മനസിലാക്കണം. ആ സ്വപ്നങ്ങൾ മറ്റുള്ളവർക്ക് വേണ്ടി മാറ്റിവയ്ക്കരുതെന്നാണ് എന്റെ അഭിപ്രായം. ആണുങ്ങളേക്കാൾ സ്ത്രീകൾ അധ്വാനിക്കേണ്ടി വരും. പക്ഷേ ഒരിക്കൽ നമുക്ക് പറ്റുമെന്ന് തെളിയിച്ചാൽ പിന്നെ മുന്നോട്ട് വച്ച കാൽ ഒരിക്കലും പിന്നോട്ട് വയ്‌ക്കേണ്ടി വരില്ല. പെൺകുട്ടികൾ പഠിക്കുന്ന കാലമത്രയും ക്ലാസ്സിൽ ഫസ്റ്റ് റാങ്ക് വാങ്ങണമെന്ന് പറയും. 24 വയസൊക്കെ ആകുമ്പോൾ ഇനി പഠിച്ചതെല്ലാം മറന്നേക്കൂ എന്നു പറയുന്ന സമൂഹത്തെ നമ്മൾ തന്നെ മാറ്റിയെടുക്കണം. അതിനു പെണ്ണുങ്ങൾ തന്നെയാണ് മുന്നിട്ട് ഇറങ്ങേണ്ടത്.

എനിക്ക് പേഴ്സണൽ കമ്മിറ്റ്മെന്റ് കുറവാണ്. അതു ഞാനൊരു ചോയിസായി എടുത്തിട്ടുള്ളതാണ്. കുടുംബത്തിന്റെ പിന്തുണയില്ല, അല്ലെങ്കിൽ ഞാൻ പെണ്ണായതുകൊണ്ട് പറ്റില്ല, മക്കളെ നോക്കണം എന്നൊക്കെ കരുതി നിങ്ങളുടെ ഉള്ളിലെ സ്പാർക്ക് ഒരിക്കലും നശിപ്പിക്കരുത്. സ്ത്രീകൾക്ക് പിന്തുണ നൽകാൻ ആളുകൾ കുറവായിരിക്കും. നിങ്ങൾ വിജയിക്കുമ്പോൾ ഇനിയും മുന്നോട്ട് പോകട്ടെ എന്നു തള്ളി വിടുന്ന ആളുകൾ കുറവാണ്. കുറവാണ് എന്നതിന് അർഥം ഇല്ലെന്നല്ല. കുറച്ചുപേരെങ്കിലും ഉണ്ട്. അവരുടെ പിന്തുണ നിങ്ങൾക്കുള്ള പ്രചോദനമായി എടുക്കുക.