ഇറാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക നസ്റിന്‍ സൊതേദയ്ക്ക് കനത്ത ശിക്ഷ. 33 വര്‍ഷത്തെ ജയില്‍വാസവും 148 ചാട്ടവാറടിയുമാണ് നസ്റീനു ലഭിച്ചതെന്നാണ് വാര്‍ത്തകള്‍. പക്ഷേ, ഇറാനിലെ കോടതിവാര്‍ത്തകള്‍ ഔദ്യോഗികമായി അറിയിക്കുന്ന മാധ്യമങ്ങള്‍ ശിക്ഷ ഏഴുവര്‍ഷം മാത്രമാണെന്നു പറയുന്നു. ഭര്‍ത്താവ് റാസയുമായി കഴിഞ്ഞ ദിവസം നടത്തിയ ഹ്രസ്വമായ ടെലിഫോണ്‍ സംഭാഷണത്തില്‍ നസ്റിന്‍ തന്നെയാണ് തനിക്കു ലഭിച്ച ശിക്ഷയെക്കുറിച്ച് അറിയിച്ചത്.

അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാല്‍ ഇനി 33 വര്‍ഷത്തെ ശിക്ഷ അനുഭവിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചത്രേ. മൊത്തം 38 വര്‍ഷത്തെ ജയില്‍ജീവിതം. ശിക്ഷാവിധി കടുത്ത അനീതിയാണെന്നു വിശേഷിപ്പിച്ചുകൊണ്ട് ലോകമെങ്ങുനിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഇറാന്‍ അധികാരികള്‍ നല്‍കുന്ന സൂചന. 

ഇറാനില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നസ്റീന്‍. സമാധാനപരമായാണ് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി അവര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. പക്ഷേ, കഴിഞ്ഞ കുറേ നാളുകളായി സ്വതന്ത്രചിന്താഗതിക്കാരെയും പ്രതിഷേധക്കാരെയും കര്‍ശനമായി നേരിടുന്ന നടപടികളാണ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നസ്റിന് ലഭിച്ച ശിക്ഷയും ചാട്ടവാറടിയും. 

കര്‍ശനശിക്ഷകള്‍ ലഭിച്ച് ജയിലില്‍ കിടക്കുന്ന തടവുകാര്‍ക്കുവേണ്ടി വര്‍ഷങ്ങളായി ശബ്ദമുയര്‍ത്താറുണ്ട് അഭിഭാഷകയായ നസ്റിന്‍. പ്രത്യേകിച്ചും വധശിക്ഷ വിധിക്കപ്പെട്ടവര്‍ക്കുവേണ്ടി. കുട്ടിക്കുറ്റവാളികള്‍ക്കുവേണ്ടിയും അവര്‍ സമാധാനപരമായ പ്രക്ഷേഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തടവിലാക്കപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കുവേണ്ടിയും അവര്‍ കോടതികളില്‍ ഹാജരാകുകയും ചെയ്തിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ 2010 മുതല്‍ 13 വരെ ജയില്‍ ശിക്ഷ അനുഭവിച്ചതിനുശേഷമാണ് പുതിയ ആരോപണങ്ങളുടെ പേരില്‍ അവര്‍ക്കു വീണ്ടും ശിക്ഷ വിധിച്ചിരിക്കുന്നത്. 

പ്രത്യേകതകളുള്ളതാണ് നസ്റിന്റെ ജീവിതം. അവര്‍ ഒരു വനിതയാണെന്നതിനുപുറമെ, ഇറാനില്‍തന്നെയാണ് ജീവിക്കുന്നത്. മറ്റേതെങ്കിലും രാജ്യത്തുപോയി രക്ഷപ്പെടാന്‍ അവര്‍ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സംഘടനയുടെയും പിന്തുണയില്ലാതെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും. അതവരുടെ അസാധാരണ ധൈര്യത്തിനു തെളിവാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ഇറാനിയന്‍ സമൂഹത്തില്‍ ഒരു മാറ്റം -അതാണവര്‍ ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് അവരുടെ പോരാട്ടങ്ങളെല്ലാം. അതുതന്നെയാണ് അധികാരികള്‍ അവരെ ശത്രുവായി കാണാനുള്ള കാരണവും. 

കഴിഞ്ഞ വര്‍ഷം മുതല്‍ ഇറാനില്‍ അനേകം മനുഷ്യാവകാശ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നുണ്ട്. കൂടുതല്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയും ശിരോവസ്ത്രം ധരിക്കണമെന്ന നിര്‍ബന്ധിത നിയമത്തിനെതിരെയുമെല്ലാം  പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. മിക്ക പ്രതിഷേധങ്ങള്‍ക്കും മുന്‍നിരയില്‍നിന്നത് സ്ത്രീകളാണെന്നത് അധികാരികളെ ചൊടിപ്പിക്കുകയും ചെയ്തു. 

അത്തരക്കാര്‍ക്ക് ഒരു താക്കീത് എന്ന നിലയില്‍ക്കൂടിയാണ് നസ്റിന് ഇപ്പോള്‍ കനത്ത ശിക്ഷ ലഭിച്ചിരിക്കുന്നതും. ഒരു അഭിഭാഷക യാണെന്നതിനുപുറമെ, രാജ്യവ്യാപകമായി അറിയപ്പെടുന്ന വനിത എന്ന നിലയിലും  നസ്റിനുവേണ്ടി അടുത്ത ദിവസങ്ങളില്‍ രാജ്യാന്തര സമ്മര്‍ദ്ദം ഉയര്‍ന്നേക്കാം. പക്ഷേ, ഇറാനിലെ നീതിന്യായ വ്യവസ്ഥയനുസരിച്ച് അപ്പീലുകള്‍ക്ക്് വകുപ്പില്ല. ശിക്ഷ ലഭിച്ചാല്‍ 20 ദിവസത്തിനകം അപ്പീല്‍ ഫയല്‍ ചെയ്യണമെന്നാണ് നിയമം പറയുന്നത്. ആ കാലാവധി ഇപ്പോള്‍തന്നെ കഴിഞ്ഞുവെന്നും പ്രമുഖ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.