നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത് എന്റെ ശരീരത്തിന്റെ പിൻഭാഗമാണ്. ഈ മുറിവുകളും പാടുകളും യഥാർഥത്തിലുള്ള തും. താനും ഒരിക്കൽ ഗാർഹിക പീഡനത്തിന്റെ ഇരയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ബ്രിട്ടിഷ് അഭിനേത്രിയായ എസ്മെ ബിയാങ്കോ.

ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങൾ തനിക്കു സമ്മാനിച്ചത് പേടിസ്വപ്നങ്ങൾ മാത്രമല്ലെന്നും പോസ്റ്റ് ട്രോമാറ്റിക് സ്ര്ടെസ് ഡിസോർഡർ എന്ന രോഗാവസ്ഥയും കൂടിയാണെന്നും താരം തുറന്നു സമ്മതിക്കുന്നു. ചാട്ടവാറടിയേറ്റ പുറംഭാഗത്തിന്റെ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് അയാം നോട്ട് ഓക്കെ എന്ന ഹാഷ്ടാഗിലൂടെ ഗാർഹിക പീഡനത്തിനെതിരെ താരം ബോധവൽക്കരണം നടത്തുന്നത്.

'' ഇതെന്റെ പുറമാണ്. നിങ്ങൾ കാണുന്ന പാടുകൾ യഥാർഥവും. ഇവിടെ കാണുന്ന പ്രഹരത്തിന്റെ പാടുകൾ കല എന്ന പേരിൽ ഞാൻ ഷൂട്ട് ചെയ്തതാണ്. വർഷങ്ങളായി പേടിസ്വപ്നങ്ങളായും മാനസീക വ്യതിയാനങ്ങളായും എന്നെ വേട്ടയാടുന്ന ഭൂതകാല അനുഭവങ്ങളെ സാക്ഷിയാക്കി ഞാൻ പറയാം. ഞാനും ഗാർഹിക പീഡനത്തിന്റെ ഇരയാണ്.

അയാം നോട്ട് ഓക്കെ എന്ന ഹാഷ്ടാഗിലൂടെ പലരും തങ്ങളുടെ ജീവിതത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയപ്പോൾ എസ്മെ പറഞ്ഞത് തന്റെ ആൺസുഹൃത്തിൽ നിന്ന് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചാണ്. 

ചെറുപ്പകാലത്തിലെ ഒരു പിറന്നാൾ ആഘോഷ ചിത്രം പങ്കുവച്ചുകൊണ്ട് എസ്മെ ആ കഥ പറഞ്ഞതിങ്ങനെ :- 

'' ഒരുപാട് വർഷം മുൻപുള്ള ഒരു പിറന്നാൾ ചിത്രമാണിത്. ഉറങ്ങാൻ പോലും അനുവദിക്കാതെ ഒരു മുറിയിൽ ഞാൻ ബന്ധനസ്ഥയാക്കപ്പെടുന്നതിനു മുൻപെടുത്ത ചിത്രം. വളരെ കുറച്ച് ഭക്ഷണം കൊണ്ടുമാത്രം ജീവൻ നിലനിർത്തിയ സമയമാണത്. ശാരീരികമായും മാനസികമായും ഞാൻ അത്രയധികം ആക്രമിക്കപ്പെട്ടു. എന്തിനു കൂടുതൽ പറയുന്നു. ഒന്നുറങ്ങാൻ പോലും എനിക്കനുവാദമില്ലായിരുന്നു''.

'ഈ ചിത്രം അവന്റെ പിറന്നാൾ സമ്മാനമായിരുന്നു.  ആ ചിത്രത്തിലെ ചിരിയിലെ പൊള്ളത്തരവും കണ്ണിലെ ഭയവും എനിക്കു മാത്രമേ തിരിച്ചറിയാനാകുമായിരുന്നുള്ളൂ. അത്താഴത്തിനു പോകുന്നതിനു മുൻപുവരെ അവൻ എന്നെ നിർത്താതെ ശകാരിച്ചു കൊണ്ടിരുന്നു. അവന് പുറത്തു പോകുന്നതിഷ്ടമല്ല. അതിന്റെ പേരിലായിരുന്നു ശകാരം മുഴുവൻ. എനിക്കത് അന്നും ഇന്നും ശരിയായി തോന്നുന്നില്ല'.

മിഷിഗൺ യൂണിവേഴ്സിറ്റിയിലെ കുട്ടികളോട് സംവദിക്കുന്ന വേളയിലും തന്റെ പൂർവകാല ജീവിതം അത്ര ആരോഗ്യകരമല്ലായിരുന്നുവെന്നും താരം തുറന്നു സമ്മതിച്ചിരുന്നു. അയാളുടെ മോശപ്പെട്ട സ്വഭാവം വർഷങ്ങളോളം താൻ സഹിച്ചുവെന്നും. സമ്മതമെന്താണ്, തനിക്കുവേണ്ടി സംസാരിക്കേണ്ടതെങ്ങനെയാണ് എന്ന് മനസ്സിലാക്കുന്ന ദിവസം വരെ മാത്രമേ ആ ബന്ധത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂവെന്നും അവർ പറഞ്ഞു.

'ഒരുകാര്യം ശരിയല്ല എന്ന് പറയാൻ ധൈര്യം ലഭിച്ച അന്നു മുതൽ എന്റെ ജീവിതം നോർമൽ ആയിത്തീർന്നുവെന്നും താരം തുറന്നു സമ്മതിക്കുന്നു. അത്തരം മോശം അനുഭവങ്ങൾ ജീവിതത്തിലുണ്ടായിരുന്നില്ലെങ്കിൽ സാധാരണ ജീവിതം എന്ന മിഥ്യാധാരണയോടെ ആ മോശം ബന്ധം തുടർന്നുകൊണ്ടു പോകാൻ ഒരു പക്ഷേ താൻ തയാറായേനേം എന്നും അവർ പറയുന്നു'.