കൺമുന്നിൽ വച്ച് പെൺകുട്ടികൾ അപമാനിക്കപ്പെട്ടാലും അതൊന്നും കണ്ടില്ലെന്നു നടിച്ച് യാത്ര തുടരുന്നവരാണ് ഭൂരിപക്ഷം ആളുകളും. എന്നാൽ വിമാനത്തിൽ വച്ച് കൗമാരക്കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ചയാളെ കൈയോടെ പിടിച്ചതിന്റെ പേരിലാണ് ഇപ്പോൾ ഒരു വനിതാ മാധ്യമപ്രവർത്തക വാർത്തകളിൽ നിറയുന്നത്.

കനേഡിയൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോഴാണ് ജൊവാന ചിയു എന്ന മാധ്യമപ്രവർത്തക ഒരു കാര്യം ശ്രദ്ധിച്ചത്. കൗമാരക്കാരിയായ പെൺകുട്ടിയുടെ സീറ്റിനരികിൽ ഒരു മധ്യവയസ്കനിരിക്കുന്നു. സമയം ഒരുപാടു വൈകിയിരിക്കുന്നു. ബന്ധുക്കളിൽ നിന്ന് മാറിയിരിക്കുന്ന പെൺകുട്ടിയുടെ അരികിൽ ഇരിപ്പുറപ്പിച്ചയാൾ അവളോട് കൊച്ചുവർത്തമാനം പറയുകയും അവൾ ഗൗരവത്തോടെ പറയുന്ന മറുപടികൾ കേട്ട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. പലപ്പോഴും പെൺകുട്ടി അയാളുടെ ചോദ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ തന്നോടൊപ്പം ഒരു വൃത്തികെട്ട ചിത്രത്തിന് പോസ് ചെയ്യാൻ അയാൾ പെൺകുട്ടിയെ നിർബന്ധിക്കുന്ന ഘട്ടത്തിലാണ് ജോവാൻ പ്രശ്നത്തിൽ ഇടപെട്ടത്.

അതുവരെ അവിടെ അരങ്ങേറിയ അനിഷ്ട സംഭവങ്ങളെക്കുറിച്ച് ഫ്ലൈറ്റ് അറ്റൻഡറോട് വിശദീകരിക്കുകയും അവരുടെ സഹായത്തോടെ മധ്യവയസ്കനെ പെൺകുട്ടിയുടെ സീറ്റിൽ നിന്ന് മാറ്റിയിരുത്തുകയും ചെയ്തു. ആദ്യമൊന്നും അയാൾ അവരുടെ നിർദേശം അനുസരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് നിർവാഹമില്ലാതെ പെൺകുട്ടിയുടെ സീറ്റിൽ നിന്ന് മാറിയിരിക്കാൻ തയാറാവുകയും ചെയ്തു.

വിമാനത്തിലെ മറ്റൊരു സ്ത്രീയും ഈ ദൃശ്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്നും പക്ഷേ യാത്രക്കാരായ പുരുഷന്മാർ ഒന്നും ഇതറിഞ്ഞ മട്ടേ കാണിച്ചില്ലെന്നും ജൊവാൻ പറയുന്നു. ജൊവാൻ കൃത്യ സമയത്ത് ഇടപെട്ടതുകൊണ്ട് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നു പറഞ്ഞുകൊണ്ട് അധികൃതർ ജൊവാന്റെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് കത്തു നൽകുകയും ചെയ്തു. ഏറെ അഭിമാനത്തോടെ കത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ജൊവാൻ നടത്തിയ  ട്വീറ്റിലൂടെയാണ് ഇക്കാര്യങ്ങളെക്കുറിച്ച് പുറംലോകമറിഞ്ഞത്.