തന്റെ ശരീരത്തെക്കുറിച്ചും ശരീരഭാരത്തെക്കുറിച്ചും ആളുകൾ വേവലാതിയോടെ സംസാരിക്കുന്നതിനെക്കുറിച്ചും ചിലർ പരിധി ലംഘിച്ച് മോശം വാക്കുകളാൽ അധിക്ഷേപിക്കുന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് ബോളിവുഡ് താരം സൊനാക്ഷി സിൻഹ. അർബാസ് ഖാന്റെ ടോക്ക് ഷോയിലൂടെയാണ് തനിക്കെതിരെയുയരുന്ന ബോഡിഷെയിമിങ്ങിനെക്കുറിച്ചും അതിനെ താൻ അതിജീവിക്കുന്നതിനെക്കുറിച്ചും സൊനാക്ഷി തുറന്നു പറഞ്ഞത്.

'' കൗമാരപ്രായം മുതൽ ഞാൻ ബോഡിഷെയിമിങ്ങിന് ഇരയായിട്ടുണ്ട്. ആ സമയത്തൊക്കെ അതോർത്ത് മാനസികമായി വേദനിച്ചിട്ടുമുണ്ട്. മുൻപൊക്കെ സമൂഹമാധ്യമങ്ങളിൽ എന്നെക്കുറിച്ചുള്ള കമന്റുകൾ വായിക്കുമ്പോൾ വിഷമം തോന്നുമായിരുന്നു. മറ്റുള്ളവർ കേട്ടാൽ മോശമെന്നു തോന്നുന്ന പലവാക്കുകളും എങ്ങനെയാണ് ഒരറപ്പുമില്ലാതെ ചിലയാളുകൾ ഓൺലൈനിൽ ഉപയോഗിക്കുന്നതെന്നൊക്കെ ചിന്തിക്കുമായിരുന്നു.

2010 ൽ സൽമാൻ ഖാനൊപ്പം ദബാങ് എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തൊക്കെ ഞാൻ വളരെ വലുപ്പമുള്ള ഒരു സ്ത്രീയായിരുന്നു. ഒട്ടും ആരോഗ്യകരമല്ലാത്ത ജീവിതമായിരുന്നു അത്. സിനിമ ചെയ്യുന്നതിനായി 30 കിലോ ഞാൻ കുറച്ചും അതും നിങ്ങൾ കണ്ടതാണ്. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും നിങ്ങൾ ചർച്ച ചെയ്യുന്നത് എന്റെ ശരീരത്തിന്റെ ആകൃതിയെക്കുറിച്ചാണ്

ശരീരഭാരം ക്രമീകരിക്കാൻ ‍ഞാൻ അനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതൊന്നും ആരും കാണുന്നുമില്ല. അവർക്ക് ഒരാളുടെ കണ്ണീരും, രക്തവും വിയർപ്പും കാണാനുള്ള കണ്ണില്ല. ഇപ്പോഴും ശരീരത്തെക്കുറിച്ചു മാത്രമാണ് അവരുടെ ചർച്ചയെങ്കിൽ നരകത്തിൽപ്പോകാൻ പറയണം.– സൊനാക്ഷി പറയുന്നു.