വിവാഹം നടന്ന് മണിക്കൂറുകൾക്കകം വിവാഹമോചനം ആവശ്യപ്പെടേണ്ടി വന്ന ഗതികേടിലാണ് ഒരു വധു. ബംഗളൂരുവിലാണ് സംഭവം. എംബിഎ ബിരുദധാരികളായ വരനും വധുവും പരിചയപ്പെട്ടത് മാട്രിമോണിയൽ സൈറ്റ് വഴിയാണ്. കർണാടകയിലെ രണ്ടു കമ്പനികളിലാണ് ഇരുവരും ജോലിചെയ്യുന്നത്. വിവാഹിതയായി നിമിഷങ്ങൾക്കുള്ളിൽ തന്നെ കന്യകാത്വ പരിശോധനയ്ക്കും ഗർഭനിർണ്ണയ പരിശോധനയ്ക്കും വിധേയയാക്കിയതാണ് വധുവിനെ ചൊടിപ്പിച്ചത്.

26വയസ്സുകാരിയായ രക്ഷ എന്ന യുവതിയാണ് വിവാഹദിവസം തനിക്കു നേരിടേണ്ടി വന്ന വലിയൊരു അപമാനത്തിന്റെ പേരിൽ വിവാഹമോചനത്തിന് തയാറെടുത്തത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് രക്ഷയ്ക്ക് ശരത് എന്ന യുവാവിന്റെ വിവാഹാലോചന വന്നത്. കുടുംബക്കാർ ചേർന്ന് വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ വിവാഹത്തിന് വെറും 15 ദിവസം ബാക്കിനിൽക്കുമ്പോൾ രക്ഷയുടെ അമ്മ മരണപ്പെട്ടു. 

അമ്മയുടെ മരണത്തിൽ മാനസികമായി തളർന്നു പോയ പെൺകുട്ടി ബന്ധുക്കളുടെ നിർബന്ധപ്രകാരം വിവാഹത്തിന് തയാറായി. എന്നാൽ പെൺകുട്ടി അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതിരുന്ന ശരത് പെൺകുട്ടിയുടെ പ്രവർത്തികളെയെല്ലാം സംശയ ദൃഷ്ടിയോടെയാണ് കണ്ടത്.

ഇതിനിടെ വിവാഹദിവസം രാവിലെ പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും പെൺകുട്ടി ഛർദ്ദിക്കുകയും ചെയ്തു. വായുകോപം മൂലമാണ് പെൺകുട്ടിയുടെ ആരോഗ്യനില മോശമായതെന്ന് ബന്ധുക്കൾ പറഞ്ഞിട്ടും അതു വിശ്വസിക്കാതിരുന്ന ശരത് വിവാഹം കഴിഞ്ഞ തൊട്ടടുത്ത നിമിഷം തന്നെ പെൺകുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പോവുകയും അവളെ കന്യകാത്വ പരിശോധനയ്ക്കും ഗർഭനിർണ്ണയ പരിശോധനയ്ക്കും വിധേയയാക്കുകയും ചെയ്തു. സമ്മതപത്രം ഒപ്പിടാനുള്ള രേഖകൾ കൈയിൽ കിട്ടിയപ്പോഴാണ് ശരത്തിന്റെ യഥാർഥ ലക്ഷ്യം രക്ഷ മനസ്സിലാക്കിയത്. അപ്പോൾ തന്നെ സഹോദരിയുടെ വീട്ടിലേക്കു മടങ്ങിയ രക്ഷ ശരത്തിനോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.