ഒരു സെലിബ്രിറ്റി ആയിപ്പോയതിനെ പലരും ശപിക്കുന്നത് സമൂഹമാധ്യമങ്ങളിൽ ഹേറ്റേഴ്സിന്റെ എണ്ണം കൂടുമ്പോഴാണ്. സമൂഹമാധ്യമങ്ങൾ ഒരുപാടു പേരുടെ പ്രിയപ്പെട്ടയിടമായി മാറിയപ്പോൾ അതിന്റെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്നത് സെലിബ്രിറ്റികൾക്കാണ്. പലപ്പോഴും മര്യാദയും സംസ്കാരവും മറന്നാണ് പലരും അഭിപ്രായങ്ങൾ പ്രതികരണങ്ങളിലൂടെ രേഖപ്പെടുത്തുന്നത്. ഒരുകാലത്ത് സൈബർ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ വിധേയയാക്കപ്പെട്ട സെലിബ്രിറ്റിയാണ് ബോളിവുഡ് താരം സണ്ണിലിയോണി.

അഡൽറ്റ് ഒൺലി സിനിമകളിൽ കരിയർ തുടങ്ങിയ താരത്തെ പോൺസ്റ്റാർ എന്നു വിളിച്ച് അപമാനിച്ചവരി‍ൽ ഭൂരപക്ഷവും അവരുടെ അത്തരം ചിത്രങ്ങൾ രഹസ്യമായി കാണുന്നവരായിരുന്നു എന്നത് സത്യം തന്നെയാണെങ്കിലും പലരും വെറുപ്പോടെയാണ് അവരെക്കുറിച്ച് സംസാരിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നുയരുന്ന ആക്രമണങ്ങളെ അതിജീവിച്ചതിനെക്കുറിച്ചും അത്തരം ആക്രമണങ്ങളിൽ മനസ്സു തളരാതെ, നെഗറ്റീവ് ചിന്താഗതിക്ക് അടിപ്പെടാതെ ജീവിതത്തെ നേരിട്ടതിനെക്കുറിച്ചും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സണ്ണി തുറന്നു പറഞ്ഞതിങ്ങനെ 

:-

'' കരിയറിന്റെ തുടക്കകാലത്തിൽ ഒരുപാട് പേരുടെ വെറുപ്പു സമ്പാദിച്ചു. പക്ഷേ എങ്ങനെയാണ് അത്തരം കമന്റുകളെ നേരിടേണ്ടത് എന്നതിനെപ്പറ്റിയൊന്നും ആ സമയത്ത് ഒരുപിടിയുമില്ലായിരുന്നു. അവർ പയുന്നത് എന്നെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്നെ വിശ്വസിപ്പിക്കുക എന്നത് മാത്രമായിരുന്നു എനിക്കപ്പോൾ ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം''.

'' ബോളിവുഡിലെ തുടക്കകാലത്ത് ഐറ്റം ഡാൻസ് ചെയ്യാനുള്ള അവസരം മാത്രമാണ് എന്നെ തേടിവന്നത്. പക്ഷേ ഞാനതൊന്നും മൈൻഡ് ചെയ്തില്ല. ഐറ്റം ഡാൻസിന് പ്രതിഫലമായി ലഭിക്കുന്ന ചെക്കുകൾക്കുവേണ്ടിയാണ് ഞാൻ അന്നൊക്കെ ജോലിചെയ്തത്. കാരണം അന്നു ഞങ്ങൾ സെറ്റിൽ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.അതിന് പണം അത്യാവശ്യമായിരുന്നു''.

ഐറ്റം ഡാൻസ് ചെയ്യുന്നത് തെറ്റാണെന്ന് ഞാൻ കരുതിയിട്ടേയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഐറ്റം ഡാൻസ് എന്നത് പാർക്കിൽ നടക്കാൻ പോകുന്നതുപോലെ ഒരു കാര്യമായിരുന്നു. തേരെ ഇന്തസാർ എന്ന ചിത്രത്തിലാണ് സണ്ണിലിയോൺ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

സണ്ണിലിയോൺ കുടുംബത്തോടൊപ്പം

എല്ലാ നെഗറ്റീവ് കാര്യങ്ങളിൽ നിന്നും തന്നേയും സഹോദരനേയും എന്നും സംരക്ഷിച്ചിരുന്നത് കുടുംബമാണെന്ന് മുൻപു  നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞിരുന്നു. എല്ലാ വീട്ടിലേയും പോലെ സ്നേഹവും കരുതലും അല്ലറചില്ലറ വഴക്കു കൂടലുമൊക്കെ ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു. പക്ഷേ ആരെങ്കിലും അനാവശ്യമായി കുറ്റപ്പെടുത്തിയാലോ പരിഹസിച്ചാലോ മാനസികമായി വേദനിപ്പിക്കാൻ ശ്രമിച്ചാലോ അതിൽ നിന്നൊക്കെ എന്നേയും സഹോദരനേയും രക്ഷപെടുത്താൻ ശ്രമിച്ചത് ഞങ്ങളുടെ കുടുംബമാണ്.

പക്ഷേ എന്റെ 21–ാമത്തെ വയസ്സിലാണ് കാര്യങ്ങൾ തകിടംമറിഞ്ഞത്. ആളുകൾ വളരെ വൃത്തികെട്ട സന്ദേശങ്ങളയക്കാനും വൃത്തികെട്ടരീതിയിൽ വിമർശിക്കാനും തുടങ്ങി. അതെന്റെ ഹൃദയത്തെ വല്ലാതെ തകർത്തു കളഞ്ഞു. പിന്നീട് കാര്യങ്ങൾക്കൊക്കെ മാറ്റം വന്നെങ്കിലും അതിന്നും വേദനിപ്പിക്കുന്ന ഓർമ്മയാണ്.

ഇന്ന് ഞാൻ മൂന്നു കുട്ടികളുടെ അമ്മയാണ്. ഞാൻ അനുഭവിച്ചതുപോലെയുള്ള മോശപ്പെട്ട അനുഭവങ്ങളുണ്ടാവാതെ അവരെ വളർത്തുകയെന്നതാണ് എന്റെ ലക്ഷ്യം. ശാരീരികമായോ വൈകാരികമായോ അവരെ ആരും മുറിപ്പെടുത്താൻ ഇടയാവാത്ത രീതിയിൽ നന്മയുള്ള വ്യക്തികളായി എനിക്കവരെ വളർത്തണം. എന്റെ കുഞ്ഞുങ്ങൾ ആരേയും ചതിക്കില്ല, ആരിൽ നിന്നും ഒന്നും മോഷ്ടിക്കുകയുമില്ല. അവർ മുതിരുമ്പോൾ ചിലപ്പോൾ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം അവരുടെ അഭിപ്രായ സ്വാന്ത്ര്യത്തിലിടപെടാതെ നല്ല വ്യക്തികളായി അവരെ വളർത്തുക എന്നതാണ് ഒരമ്മ എന്ന നിലയിൽ എന്റെ കടമ.:- സണ്ണി പറഞ്ഞു നിർത്തുന്നു.