ബിടൗണിലെ മുതിർന്ന താരങ്ങളിലൊരാളും ബോളിവുഡ് താരമായ ആലിയ ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാനാണ് സൈബർ ഭീകരരുടെ പുതിയ ഇര. ഒരു അഭിമുഖത്തിൽ പാക്കിസ്ഥാനെക്കുറിച്ചു സോണി നടത്തിയ പരാമർശമാണ് ചിലരെ ചൊടിപ്പിച്ചത്. ട്രോളുകളായും ഭീഷണികളായും നിരവധി സന്ദേശങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

'നോ ഫാദേഴ്സ് ഇൻ കാശ്മീർ'  എന്നചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി നൽകിയ അഭിമുഖത്തിൽ 62കാരിയായ താരം നടത്തിയ ചില പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ചിത്രത്തിന്റെ വിശേഷങ്ങൾക്കു പുറമേ കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അവർ അഭിമുഖത്തിനിടെ സംസാരിച്ചു. കാശ്മീർ താഴ്‌വാരത്തിൽ നടക്കുന്ന സംഘട്ടനങ്ങളെക്കുറിച്ചും അവിടുത്തെ സാംസ്കാരികപരമായ സംതുലിനാവസ്ഥയെക്കുറിച്ചും സംസാരിച്ചതിന്റെ പേരിലാണ് ചിലർ അവരെ പരിഹസിക്കുന്നത്.

ചില സമയത്ത് പാക്കിസ്ഥാനിലേക്ക് പോയാലോ എന്ന് താൻ ആലോചിക്കാറുണ്ടെന്നും അവിടുത്തെ ആഹാരരീതി തനിക്കിഷ്ടമാണെന്നും പോയി അവിടെ താമസിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മടങ്ങിവരുമെന്നുമായിരുന്നു സോണിയുടെ പരാമർശം. സോണിയെ പാക്കിസ്ഥാനിലേക്ക് പായിക്കണമെന്നു തുടങ്ങി ഭീഷണിപ്പെടുത്തുന്ന നിരവധി സന്ദേശങ്ങളാണ് ഇതിന്റെ പേരിൽ അവർക്കു ലഭിച്ചത്. ആഗ്രഹമുണ്ടെങ്കിൽ അവധിക്കാലത്ത് അവിടെ പോകണമെന്നും അവർ പറഞ്ഞിരുന്നു.