16-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനുശേഷം, ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് രാജ്യത്ത് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചാരണങ്ങള്‍ തുടങ്ങിയതെങ്കില്‍, അഞ്ചുവര്‍ഷം മുമ്പേ നിശ്ശബ്ദപ്രചാരണം തുടങ്ങിയ ഒരു മണ്ഡലമുണ്ട്. രാജ്യത്തെ ഒരേയൊരു മണ്ഡലം. ഗാന്ധി കുടുംബത്തിന്റെ കുത്തകയായ ഉത്തര്‍പ്രദേശിലെ അമേഠി. 2014 ലെ വാശിയേറിയ തിരഞ്ഞെടുപ്പിലും മണ്ഡലം രാഹുല്‍ ഗാന്ധിയെ വരിച്ചെങ്കിലും അന്നു പരാജയം രുചിച്ച സ്മൃതി ഇറാനിയാണ് പ്രചാരണം തുടങ്ങിയത്.

അഞ്ചുവര്‍ഷത്തിനു ശേഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ആയിരുന്നു അവരുടെയും ബിജെപിയുടെയും മനസ്സില്‍. എന്നും ഗാന്ധി കുടുംബത്തിന്റെ കൂടെ നിന്നെങ്കിലും കാര്യമായ വികസനപ്രവര്‍ത്തനമൊന്നും അമേഠിയില്‍ നടന്നിട്ടില്ലെന്ന് ആരോപിച്ചും ബിജെപിയാണ് വികസനത്തിന്റെ വക്താക്കള്‍ എന്നും അവകാശപ്പെട്ടായിരുന്നു സ്മൃതിയുടെ പ്രചാരണം;  അഞ്ചുവര്‍ഷം നിരന്തരമായി. ഇടയ്ക്കിടെ സമ്മേളനങ്ങള്‍ നടത്തിയും വികസനപദ്ധതികള്‍ പ്രഖ്യാപിച്ചും മണ്ഡലത്തില്‍ സജീവസാന്നിധ്യം അറിയിച്ച സ്മൃതി 2019-ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും അമേഠിക്കു സുപരിചിതയായിക്കഴിഞ്ഞു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എന്ന പദവിയില്‍നിന്ന് അധ്യക്ഷ പദവിയിലേക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയിലേക്കും രാഹുല്‍ ഉയര്‍ന്നെങ്കില്‍ കേന്ദ്രമന്ത്രി എന്ന പകിട്ടിലാണ് സ്മൃതി എത്തുന്നത്. അതിനപ്പുറം ഗാന്ധി കുടുംബത്തെ ഒരു പാഠം പഠിപ്പിക്കുമെന്ന വാശിയും സ്മൃതി ഇറാനിക്കുണ്ട്. അതിനുവേണ്ടിയാണ് അഞ്ചുവര്‍ഷമായി അവര്‍ ശ്രമിക്കുന്നതും. പ്രിയങ്കയെക്കൂടി രംഗത്തിറക്കി സ്മൃതിപ്രഭാവത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെത്തന്നെ, അമേഠിക്കു പുറമേ കേരളത്തിലെ വയനാട്ടിലും പത്രിക സമര്‍പ്പിക്കുകയും ചെയ്തു രാഹുല്‍ ഗാന്ധി. അതോടെ, അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതിനാലാണ് രാഹുല്‍ വയനാട്ടിലേക്കു പോയതെന്ന പ്രചാരണവുമായി രംഗത്തു വന്നിരിക്കുകയാണ് സ്മൃതി. വാക്പോര് ചൂടുപിടിക്കുമ്പോള്‍ ഒന്നുറപ്പ്്- ഇത്തവണ അമേഠിയില്‍ മല്‍സരം കടുകട്ടി.

രാഷ്ട്രീയം പറഞ്ഞും നയങ്ങളുടെ പേരിലും പാര്‍ട്ടികള്‍ അന്യോന്യം പോരാടുകയും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുമെങ്കിലും പരസ്പര ബഹുമാനവും ജനാധിപത്യത്തിന്റെ ഭാഗമാണ്. ഒരു വ്യക്തിയെ മാത്രമായി ലക്ഷ്യം വച്ചു പിന്നാലെ നടന്നു വേട്ടയാടുന്ന പതിവും ജനാധിപത്യത്തില്‍ അപൂര്‍വം. പക്ഷേ ഈ പതിവുകളെല്ലാം തെറ്റുകയാണ് അമേഠിയില്‍. രാഹുല്‍ ഗാന്ധിയെ എങ്ങനെയും പരാജയപ്പെടുത്തുക ഒറ്റലക്ഷ്യത്തില്‍ മനസ്സുറപ്പിച്ചു നീങ്ങുന്ന സ്മൃതി ഇറാനിയുടെ ദീര്‍ഘകാല പരിശ്രമത്തില്‍, മാറുന്ന ഈ സമീപനം വ്യക്തം.

പ്രവചനങ്ങളും എക്സിറ്റ് പോളുകളും വ്യത്യസ്ത ഫലം പ്രവചിക്കുകയും അടുത്തകാലത്തെങ്ങുമില്ലാത്ത വീറും വാശിയും പ്രകടമാകുകയും ചെയ്യുന്ന ഈ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കുകയാണ് അമേഠി. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ടുമാത്രമല്ല, സ്മൃതി ഇറാനി എന്ന മുന്‍കാല നടിയുടെ സാന്നിധ്യം കൊണ്ടുകൂടി. അതവര്‍ കഷ്ടപ്പെട്ട്, അധ്വാനിച്ച്, അഞ്ചുവര്‍ഷം കൊണ്ട് നേടിയെടുത്ത  പ്രതിച്ഛായയാണ്. അതുതന്നെയാണ് സ്മൃതിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറിട്ടുനിര്‍ത്തുന്നതും. വോട്ടെണ്ണുമ്പോള്‍ വിജയമായാലും പരാജയമായാലും രാഹുല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കും, ശക്തയായ എതിരാളിയായി സ്മൃതി ഇറാനിയും.