ഒറ്റ ദിവസം കൊണ്ട് ഒരാളെ വാഴ്ത്താനും വീഴ്ത്താനും തങ്ങൾക്കു കഴിയുമെന്ന അഹങ്കാരത്തോടെയാണ് പലരും സമൂഹമാധ്യമങ്ങളിൽ ഒരു മര്യാദയും കാണിക്കാതെ ചില കമന്റുകളെഴുതുന്നത്. ഇത്തരത്തിൽ ആക്രമണങ്ങൾക്ക് വിധേയരാകുന്നവരിലധികവും സെലിബ്രിറ്റികളാണ്. അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളോട് ചിലപ്പോഴൊക്കെ സെലിബ്രിറ്റികൾ നിയന്ത്രണം വിട്ടു പ്രതികരിക്കാറുണ്ട്. എന്നാൽ ചിലർ അത്തരത്തിലുള്ള കമന്റുകൾ കണ്ടാലും പ്രതികരിക്കാതെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോവുകയും ചെയ്യും. 

ബോളിവുഡിലെ പുത്തൻ താരോദയം അനന്യ പാണ്ഡെയെക്കുറിച്ചും അടുത്തിടെ മോശം കമന്റുകൾ പ്രചരിച്ചിരുന്നു. തനിക്കെതിരെ ഉയർന്നു വരുന്ന വിമർശനങ്ങളെക്കുറിച്ചും അതിനോട് താൻ പ്രതികരിക്കുന്ന രീതിയെക്കുറിച്ചും അടുത്തിടെ ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ അനന്യ തുറന്നു പറഞ്ഞതിങ്ങനെ :-

'' സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം കമന്റ്, എന്നോടുള്ള അനിഷ്ടം രേഖപ്പെടുത്തിക്കൊണ്ടുള്ള ആളുകളുടെ വിമർശനങ്ങൾ, ഇത്തരം ചെറിയ കാര്യങ്ങളൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാറില്ല. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളെ ചെയ്സ് ചെയ്യുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നത് സ്റ്റുഡന്റ് ഓഫ് ദ് ഇയർ എന്ന ചിത്രത്തെക്കുറിച്ച് മാത്രമാണ്. എന്റെ ജീവിതം തന്നെയാണ് ഞാനതിൽ നൽകിയിരിക്കുന്നത്. എനിക്ക് എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ. എനിക്ക് ആളുകളെ വളരെ കംഫർട്ടബിളാക്കാൻ സാധിക്കുമെന്നുറപ്പുണ്ട്.''- അനന്യ പറയുന്നു. കാഴ്ചയിൽ മാത്രമല്ല താരം മനോഹരിയെന്നും വിനയവും, ശാന്തതയും കൈമുതലായുള്ള താരത്തിന്റെ സ്വഭാവവും മനോഹരമാണെന്നുമാണ് ആരാധകരുടെ അഭിപ്രായം.