അഴകളവുകൾ താരമൂല്യം നിർണ്ണയിക്കുന്ന ബിടൗണിൽ അഭിനയപാടവം കൊണ്ട് അതിശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമാലോകത്ത് ചുവടുറപ്പിച്ചയാളാണ് വിദ്യാബാലൻ. എന്നാൽ പൊതുവേദികളിൽ പ്രശംസയ്ക്കു പകരം പലപ്പോഴും താരത്തെ കാത്തിരിക്കുന്നത് പരിഹാസമാണ്. അതൊരിക്കലും അവരുടെ അഭിനയ പാടവത്തെ വിമർശിച്ചുകൊണ്ടല്ല മറിച്ച് ശരീരഭാരത്തെ പ്രതിയാണ്. ഒരു ബോളിവുഡ് താരത്തിനു വേണ്ട അഴകളവുകളല്ല വിദ്യയ്ക്കുള്ളതെന്ന് ആരോപണങ്ങൾ ശക്തമായി ഉയരുമ്പോഴെല്ലാം അന്തസ്സോടെ അത്തരം വിമർശനങ്ങൾക്ക് പക്വമായ മറുപടികൊടുത്ത് വിമർശകരുടെ വായടപ്പിക്കാറുണ്ട് വിദ്യ.

അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ ശരീരഭാരം വർധിക്കുന്നത് ചില ആരോഗ്യപരമായ കാരണങ്ങളാലാണെന്നും താരം വ്യക്തമാക്കിയിരുന്നു. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ബോഡിഷെയിമിങ്ങുകൾ ആദ്യകാലത്തൊക്കെ തന്നെ മോശമായി ബാധിച്ചിരുന്നെന്നും പിന്നീടാണ് ഇത്തരം വിമർശനങ്ങളെ കുറിക്കു കൊള്ളുന്ന മറുപടികൊണ്ട് നേരിടാൻ പഠിച്ചതെന്നും പല അഭിമുഖങ്ങളിലും വിദ്യ തുറന്നു പറഞ്ഞിട്ടുണ്ട്. താൻ ആയിരിക്കുന്ന അവസ്ഥയിൽ സ്വന്തം മേഖലയിൽ കഴിവുതെളിയിച്ച വിദ്യ ഇന്ന് ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ്.

ബോഡിഷെയ്മിങ് ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ മനസ്സിനെയും ശരീരത്തെയും മോൾഡ് ചെയ്തതിനെക്കുറിച്ച്  വിദ്യ പറയുന്നതിങ്ങനെ :-

''ഇത്തരം ഒരു മാനസീകാവസ്ഥയിൽ എത്തിച്ചേരുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യമൊക്കെ എന്റെ ആത്മവിശ്വാസത്തിൽ എനിക്കു തന്നെ സംശയമുണ്ടായിരുന്നു. എന്റെ ശരീരത്തോട് യുദ്ധം പ്രഖ്യാപിച്ച, ശരീരത്തോട് എന്തെന്നില്ലാത്ത ദേഷ്യവും വെറുപ്പും തോന്നിയ സമയം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും ശരീരത്തിന് മാറ്റം വരണം എന്ന ചിന്തമാത്രമായിരുന്നു അപ്പോഴൊക്കെ മനസ്സു നിറയെ. ശരീരത്തിന് മാറ്റം വരുത്താനായാൽ എല്ലാവരാലും ഞാൻ അംഗീകരിക്കപ്പെടും എല്ലാവരും എന്നെ സ്നേഹിക്കും എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ ശരീരഭാരം കുറഞ്ഞപ്പോൾ ( ഇടയ്ക്കൊക്കെ അങ്ങനെയും സംഭവിച്ചിട്ടുണ്ട്). എനിക്ക് മനസ്സിലായി എല്ലാവരാലും അംഗീകരിക്കപ്പെടുക എന്നത് ഒരിയ്ക്കലും സാധ്യമല്ലെന്ന്. മറ്റുള്ളവരുടെ ആവശ്യമനുസരിച്ച്, അല്ലെങ്കിൽ അവരുടെ സങ്കൽപ്പത്തിലേതുപോലെ ആവാൻ വേണ്ടി സ്വന്തം ശരീരത്തെ മാറ്റുന്നതിൽ യാതൊരു അർഥവുമില്ലെന്ന് ഞാൻ അന്നു പഠിച്ചു''. - വിദ്യ പറയുന്നു.

ഇത്തരം പ്രഹസനങ്ങൾക്കു ശേഷം താൻ തന്റെ ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടു തന്നെ മാറ്റിയെന്ന് വ്യക്തമാക്കിക്കൊണ്ട് വിദ്യ പറയുന്നതിങ്ങനെ :- 

''എന്റെ ശരീരത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും ഞാൻ പഠിച്ചു. അതു പക്ഷേ വളരെ ദൈർഘ്യമുള്ള ഒരു യാത്രയിലൂടെയായിരുന്നുവെന്നു മാത്രം. ഞാനിപ്പോൾ എന്നിൽ സന്തുഷ്ടയാണ്. ഞാൻ സുന്ദരിയാണെന്ന്  എനിക്കു തോന്നിത്തുടങ്ങി. മറ്റുള്ളവർ എന്റെ ശരീരത്തെ എങ്ങനെ കാണുന്നു എന്നു ചിന്തിച്ച് ഇന്ന് ഞാൻ വേവലാതിപ്പെടുന്നില്ല. അതു തന്നെയാണ് ഞാൻ എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനവും.'' വിദ്യ പറയുന്നു.

ആദ്യം കാണുന്നവർ പോലും ശരീരഭാരത്തെക്കുറിച്ചും ഡയറ്റിനെക്കുറിച്ചും സംസാരിക്കുന്നതെന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നാണ് വിദ്യയുടെ പക്ഷം :- ' ശരീരത്തെക്കുറിച്ച് ആളുകൾ എപ്പോഴും സംസാരിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്താറുണ്ട്. ഏതെങ്കിലും സ്ഥലത്തേക്ക് ചെല്ലുപ്പോൾ ആളുകൾ വരവേൽക്കുന്നത് അയ്യേ, ആകെ മെലിഞ്ഞു പോയല്ലോ, അല്ലെങ്കിൽ നീ അങ്ങ് തടിവച്ചല്ലോ എന്ന പ്രസ്താവനയോടെയാകും. ഇപ്പോൾ ഏത് ഡയറ്റിൽ ആണ്?, എന്തൊക്കെ വ്യായാമങ്ങളാണ് ചെയ്യുന്നത് എന്ന ചോദ്യങ്ങളും പിന്നാലെയുണ്ടാകും. പരിധികൾ ലംഘിക്കുന്ന അസഹ്യമായ ചോദ്യങ്ങളാണിത്. സത്യസന്ധമായി പറയുകയാണെങ്കിൽ എനിക്കൊരിക്കലും ഇത്തരം ചോദ്യങ്ങൾ ആസ്വദിക്കാനാവില്ല. ശരീരത്തെ വളരെ ലളിതമായി കണ്ട് മുൻവിധിയോടെയാണ് മറ്റുള്ളവരുടെ ശരീരത്തെ അവർ വിലയിരുത്തുന്നത്'.

''എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തെ അപമാനിക്കുവാൻ വേണ്ടി ഇത്തരം ചോദ്യങ്ങളുമായെത്തുന്ന മനുഷ്യരുടെ നേരെ നമ്മൾ തിരിയാത്തത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. വളരെ ഇടുങ്ങിയ മനസ്സുള്ളതുകൊണ്ടാണ് നിങ്ങളിങ്ങനെയൊക്കെ ചിന്തിക്കുന്നതെന്നും, അത്തരം ചിന്തകളിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും അവരോടു പറയണം. ഡയറ്റിനോ, വ്യായാമത്തിനോ,നല്ല ഉറക്കത്തിനോ, ധ്യാനത്തിനോ ഒന്നും തന്നെ അത്തരം ചിന്തകളിൽ നിന്ന് അവരുടെ മനസ്സിനെ മോചിപ്പിക്കാൻ കഴിയില്ലെന്ന് അവരോട് പറയണം.''- വിദ്യ പറയുന്നു. 

അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന മിഷൻ മണ്ഡൽ എന്ന ചിത്രമാണ് ഇനി റിലീസ് ആകാനുള്ള വിദ്യയുടെ ബോളിവുഡ് ചിത്രം. അജിത് കുമാറിനൊപ്പം തമിഴ് ത്രില്ലറായ നേർകൊണ്ട പാർവ എന്ന ചിത്രമാണ് ഇനി സൗത്തിന്ത്യയിൽ പുറത്തിറങ്ങാനുള്ള വിദ്യയുടെ ചിത്രം.