അമ്മ മരിച്ചതിനെത്തുടർന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സ്കൂൾ കുട്ടിയിൽ നിന്ന് ഒരുപാടൊരുപാട് മുതിർന്നു യുസീബിയ ലിയോനർ കോർഡൽ. കക്ഷിയ്ക്ക് ഇപ്പോൾ വയസ്സ് 99. അർജന്റീനയിലെ ഈ മുത്തശ്ശി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സ്വപ്നത്തിന് അതിരുകളില്ലെന്ന് ഉറക്കെ പറ‍ഞ്ഞുകൊണ്ടാണ്.

കുട്ടിക്കാലത്ത് അപ്രതീക്ഷിതമായി അമ്മ മരിച്ചതിനെത്തുടർന്ന് കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങൾ കാരണമാണ് പുസ്തകങ്ങളുടെ ലോകത്തോട് കൊച്ചു യുസീബിയയ്ക്ക് വിടപറയേണ്ടി വന്നത്. അന്നുമുതൽ ഉള്ളിൽ ഒരു വിങ്ങലായി ആ മോഹം അവശേഷിച്ചു. ഒടുവിൽ 98–ാം വയസ്സിൽ അവർ അതു തീരുമാനിച്ചു. കുട്ടിക്കാലത്ത് പാതിയിൽ അവസാനിച്ച പഠനം ഒന്നിൽ നിന്നു തുടങ്ങണം. അങ്ങനെയാണ് മുതിർന്നവർക്കു വേണ്ടിയുള്ള സ്കൂളിൽ ചേർന്ന് പഠിക്കാൻ മുത്തശ്ശി തയാറെടുത്തത്.  അങ്ങനെയാണ് പ്രൈമറി സ്കൂൾ ഫോർ അഡൽറ്റ്സ് ഓഫ് ലാപ്രിഡയിൽ ചേർന്നതും പഠനം ആരംഭിച്ചതും.

ഇപ്പോൾ ഒരുവർഷമായി ഒരു ദിവസം പോലും മുടങ്ങാതെ മുത്തശ്ശി സ്കൂളിൽ പോകുന്നുണ്ട്. സ്കൂളിലെ അധ്യാപികയായ പട്രീഷയാണ് ദിവസവും രാവിലെ മുത്തശ്ശിയെ സ്കൂളിൽ കൊണ്ടുപോകുന്നതും തിരിച്ച് വീട്ടിലെത്തിക്കുന്നതും. എഴുത്തും വായനയും ഒന്നുമറിയാതെ ശൂന്യമായ മനസ്സോടെയാണ് താൻ ആദ്യ ദിവസങ്ങളിൽ സ്കൂളിലെത്തിയതെന്നും ഇപ്പോൾ അക്ഷരങ്ങളെഴുതാനും വായിക്കാനും പഠിച്ചതിനൊപ്പം കംപ്യൂട്ടർ കൂടി പഠിച്ചെടുത്തെന്നും അഭിമാനത്തോടെ മുത്തശ്ശി പറയുന്നു.

ജീവിതത്തിന്റെ സായാഹ്നത്തിലും പ്രതീക്ഷ കൈവിടാതെ പാതിയിൽ അവസാനിച്ചെന്നു കരുതിയ സ്വപ്നത്തെ തിരിച്ചു പിടിച്ച മുത്തശ്ശിയുടെ കഥ വളരെ ആവേശത്തോടെയാണ് വെർച്വൽ ലോകമേറ്റെടുത്തത്.