7 വയസ്സിൽ ഒപ്പം കൂട്ടിയ യോഗയെ 100–ാം വയസ്സിലും കൈവിടാൻ ഈ മുത്തശ്ശി ഒരുക്കമല്ല. പദ്മശ്രീ പുരസ്കാര ജേതാവു കൂടിയായ ഈ മുത്തശ്ശിയുടെ ജീവിതം ആരെയും അതിശയിപ്പിക്കും. തയോ പോർച്ചൺ ലിഞ്ച് എന്ന മുത്തശ്ശി ഇപ്പോഴും ന്യൂയോർക്കിൽ യോഗ പരിശീലിപ്പിക്കുന്നുണ്ട്.

യോഗ തന്റെ ജീവിതത്തിന്റെ ഭാഗമായതിനെക്കുറിച്ച് മുത്തശ്ശി പറയുന്നതിങ്ങനെ :- 'ഏഴു വയസ്സുള്ളപ്പോൾ ഇന്ത്യയിൽ വച്ചാണ് ആ കാഴ്ച കണ്ടത്. കടൽത്തീരത്ത് കുറേ ആൺകുട്ടികൾ യോഗ ചെയ്യുന്നു. ഇതിനെക്കുറിച്ച് ആന്റിയോടു ചോദിച്ചപ്പോൾ അത് പെൺകുട്ടികൾക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് അന്നവർ പറഞ്ഞത്. ആൺകുട്ടികൾക്കു ചെയ്യാമെങ്കിൽ എനിക്കും ചെയ്യാമെന്ന് ഞാൻ അവരോട് പറ‍ഞ്ഞു. അങ്ങനെ യോഗ പഠിച്ചെടുക്കുകയും 15 വയസ്സു മുതൽ യോഗ പഠിപ്പിക്കുകയും ചെയ്തു'.

'യോഗ ജീവിതത്തിൽ സന്തോഷം നൽകുന്ന ഒന്നാണ്. അല്ലാതെ ശരീരംകൊണ്ടു ചെയ്യുന്ന കേവലം വ്യായാമം മാത്രമല്ല. നമ്മുടെ ഉള്ളിലുള്ള നന്മയെ പുറത്തു കൊണ്ടുവരാനുള്ള മാർഗ്ഗമാണിത്. എല്ലാവരും ഒന്നാണെന്ന സന്ദേശം പങ്കുവയ്ക്കാനുള്ള മാർഗ്ഗമാണിത്'.- മുത്തശ്ശി പറയുന്നു.

നാലു തവണ ഹിപ് റീപ്ലേസ്മെന്റിനു വിധേയയായ ആളാണെങ്കിലും യോഗയോട് നോ പറയാൻ മുത്തശ്ശി ഒരുക്കമല്ല. യോഗ മാത്രമല്ല ഡാൻസിങ്ങും ഈ മുത്തശ്ശിയുടെ ബലഹീനതയാണ്. 100 വയസ്സായി എന്നതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും എനിക്കില്ല. എനിക്ക് ഭയവുമില്ല. പ്രായത്തിന്റെ പേരിൽ ഞാൻ യോഗ പഠിപ്പിക്കുന്നത് അവസാനിപ്പിക്കുകയുമില്ല. എന്നെ സംബന്ധിച്ചിടത്തോളം അതെന്റെ ജീവിതത്തിന്റെ നൃത്തമാണ്.