തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞതോടെയാണ് നടി ശ്രീ റെഡ്ഢി പല പ്രമുഖരുടെയും കണ്ണിലെ കരടായി മാറിയത്. ഇൻഡസ്ട്രിയിലെ മുൻനിര താരങ്ങളുടെ പേരു സഹിതമാണ് ശ്രീ റെഡ്ഢി വെളിപ്പെടുത്തൽ നടത്തിയത്. ടോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഫിലിം ചേംബർ മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് ഒരറ്റകൈ പ്രയോഗം നടത്തിയതോടെയാണ് ശ്രീ റെഡ്ഢിയുടെ പേര് വാർത്തകളിൽ നിറഞ്ഞത്.

ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് പുറത്ത് മേല്‍വസ്ത്രം അഴിച്ചു കളഞ്ഞുകൊണ്ടാണ് താരം പ്രതിഷേധിച്ചത്. പ്രതിഷേധിച്ചുകൊണ്ട് ഏറെ നേരം അവിടെ തുടർന്ന ശ്രീ റെഡ്ഢിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിനയമോഹവുമായി ഇൻഡസ്ട്രിയിലെത്തുന്ന തുടക്കക്കാരായ പെൺകുട്ടികളെ ഇൻഡസ്ട്രിയിലെ വമ്പൻമാർ തന്നെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കാറുണ്ടെന്നും. സിനിമയിൽ മികച്ച അവസരങ്ങൾ നൽകാമെന്നു പറ‍ഞ്ഞു പ്രലോഭിപ്പിച്ചുകൊണ്ടാണ് അവർ പെൺകുട്ടികളെ ഉപയോഗിക്കുന്നതെന്നും ശ്രീ റെഡ്ഢി പറഞ്ഞിരുന്നു. രാഘവ ലോറൻസ്, നാനി എന്നിങ്ങനെ ചിലരുടെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് ശ്രീ റെഡ്ഢി ചില വെളിപ്പെടുത്തലുകൾ നടത്തിയത്.

വിവാദങ്ങൾ തുടരുമ്പോൾ ജീവിതത്തിൽ നടന്ന സംഭവങ്ങളെപ്പറ്റിയും തനിക്ക് നീതി ലഭിച്ചതിനെപ്പറ്റിയും മനസ്സു തുറക്കുകയാണ് ശ്രീ റെഡ്ഢി.

'' വസ്ത്രമഴിച്ചുള്ള പ്രതിഷേധത്തിനു ശേഷം നിരവധി പ്രതികരണങ്ങളാണ് എനിക്ക് ലഭിച്ചത്. ഇതേത്തുടർന്നാണ്  തെലുങ്കു സിനിമാ ഇൻഡസ്ട്രിയിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തെലങ്കാന ചീഫ് മിനിസ്റ്റർ കെ. ചന്ദ്രശേഖർ റാവു (കെസിആർ) 25 അംഗ കമ്മറ്റിയെ നിയോഗിച്ചത്. ഒരുപാടു പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്''. സംസ്ഥാനത്തെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ഇത്തരത്തിലുള്ള തീരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹമാണ് യഥാർഥ ഹീറോയെന്നുമാണ് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് ശ്രീ റെഡ്ഢി പറഞ്ഞത്.

മുഖ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് ശ്രീ റെഡ്ഢിയെഴുതിയ ഹൃദയ സ്പർശിയായ കുറിപ്പിങ്ങനെ :-

'ഒരു ഹൈദരാബാദുകാരിയായതിനാൽ അഭിനന്ദിക്കുന്ന നിമിഷമാണിത്. ഒരുപാട് നന്ദിയുണ്ട് കെസിആർ ഗാരൂ... എന്റെ സ്വപ്നം സഫലമായ ദിവസമാണിന്ന്. മോശം സ്ത്രീ എന്ന അപവാദത്തിൽ നിന്ന് ഒരു നായികയായാണ്  ഈ ലോകത്തിൽ നിങ്ങളെന്നെ ഉയർത്തിയിരിക്കുന്നത്. ഒരു വർഷം ഞാൻ അനുഭവിച്ച വേദനയിൽ നിന്നാണ് ഇത് പിറന്നിരിക്കുന്നത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെ തടയാൻ ഗവൺമെന്റ് ഒരു കമ്മറ്റി രൂപീകരിക്കുന്നു. വസ്ത്രമഴിച്ചുള്ള എന്റെ പ്രതിഷേധത്തിന്റെ പ്രതികരണങ്ങളാണിതൊക്കെ. ഈ പ്രയത്നം സത്യമാക്കിയതിനു പിന്നിലുള്ള വ്യക്തികളിവരാണ്. സന്ധ്യ, വസുധ, സജയ, തേജ്... എല്ലാവരോടും സ്നേഹം മാത്രം'.