നിശ്ചയദാർഡ്യത്തോടെ ഇറങ്ങിത്തിരിച്ചാൽ ഒരു വൈകല്യത്തിനും ജീവിതത്തെ തോൽപ്പിക്കാൻ കഴിയില്ലെന്നു തെളിയിച്ച ഒരു പത്തുവയസ്സുകാരിയാണ് ഇപ്പോൾ വാർത്തകളിലെ താരം. അവളുടെ പേര് സാറ ഹിൻസ്‌ലി. 2019 സനർ–ബ്ലോസർ നാഷനൽ ഹാൻഡ്റൈറ്റിങ് മൽസരത്തിൽ നിക്കൊളസ് മാക്സിമം അവാർഡ് സ്വന്തമാക്കിക്കൊണ്ടാണ് ആ ചെറിയ പെൺകുട്ടി വാർത്തകളിൽ നിറഞ്ഞത്.

മികച്ച കൈയക്ഷരത്തിന്റെ പേരിൽ അവാർഡ് വാങ്ങുന്ന ആദ്യത്തെ പെൺകുട്ടിയൊന്നുമല്ല സാറ. പക്ഷേ അവളുടെ നേട്ടം ഒരുപാടുപേർക്ക് അഭിമാനമാകാൻ മറ്റൊരു കാരണമുണ്ട്. ഇരുകൈകളിലും വിരലുകളില്ലാതെയാണ് അവളുടെ ജനനം. മേരിലാന്റിലെ ഫ്രെഡറിക്കിലുള്ള സെന്റ്. ജോൺസ് റീജണൽ കാത്തലിക് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ് സാറ. ഇരുകൈകകൾകൊണ്ടും പെൻസിൽ ചേർത്തു പിടിച്ചാണ് അവൾ മനോഹരമായ കൈപ്പടയിലെഴുതുന്നത്.

സ്കൂളിലെ അധ്യാപിക കൂട്ടക്ഷരങ്ങൾ എഴുതാൻ പഠിപ്പിച്ചപ്പോൾ അവൾ വേഗം തന്നെ അതു പഠിച്ചെടുത്തു. കൂട്ടക്ഷരമെഴുത്ത് വളരെ എളുപ്പമാണെന്നു തോന്നിയെന്നും സ്കൂളിൽത്തന്നെയിരുന്ന് അത് പ്രാക്റ്റീസ് ചെയ്യുമായിരുന്നെന്നും സാറ പറയുന്നു.

ദേശീയ മൽസരത്തിൽ വിജയിച്ചപ്പോൾ തനിക്ക് 35,069.75 രൂപ സമ്മാനമായി ലഭിച്ചുവെന്നും അതെന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സാറ പറയുന്നു. തന്നെപ്പോലെ ശാരീരികമായി എന്തെങ്കിലും തരത്തിലുള്ള കുറവുകളുള്ള കുട്ടികൾക്ക് തന്റെ ജീവിത കഥ പ്രചോദനമാവട്ടെ എന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും സാറ പറയുന്നു.

'' എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് വെല്ലുവിളികളെ നേരിടാൻ മറ്റു കുട്ടികൾ തയാറായാൽ അതായിരിക്കും എന്റെ ഏറ്റവും വലിയ സന്തോഷം. നമ്മൾ പരിശ്രമിച്ചാൽ നടക്കാത്തതായി ഒന്നുംതന്നെയില്ല.''- സാറ പറയുന്നു.

വെല്ലുവിളികളെ അതിജീവിച്ച് മൽസരത്തിൽ വിജയിച്ച മകളെക്കുറിച്ച് സാറയുടെ അമ്മ കാതറിൻ ഹിൻസ്‌ലി പറയുന്നതിങ്ങനെ :-'' സാറ എല്ലാക്കാര്യങ്ങളും സ്വന്തം നിലയിൽ ചെയ്യുന്ന കുട്ടിയാണ്. ഓരോ ടാസ്ക്കും കൃത്യമായ കണക്കുകൂട്ടലോടെയാണ് അവൾ ചെയ്തു തീർക്കുന്നത്.

വൃത്തിയുള്ള കൈയക്ഷരത്തിൽ എഴുതാൻ മാത്രമല്ല. ആർട്ട്‌ വർക്കുകൾ ചെയ്യാനും, വായിക്കാനും നീന്താനും സൈക്കിളോടിക്കാനും സാറയ്ക്ക് ഏറെയിഷ്ടമാണ്. സാറയ്ക്ക് കൃത്രിമ വിരലുകൾ വച്ചുപിടിപ്പിക്കാൻ കുടുംബം ആലോചിച്ചിരുന്നുവെങ്കിലും അവൾ അതില്ലാതെ തന്നെ സ്വന്തം കാര്യങ്ങൾ നന്നായി ചെയ്യുന്നതിനാൽ ആ പദ്ധതി ഉപേക്ഷിച്ചു.

സാറ തന്നെ എപ്പോഴും അതിശയിപ്പിക്കാറുണ്ടെന്നും. പലകാര്യങ്ങളും താനും ഭർത്താവും ചെയ്യുന്നതിനേക്കാൾ നന്നായിത്തന്നെ സാറ ചെയ്യാറുണ്ടെന്നും സാറയുടെ അമ്മ പറയുന്നു.