സൗന്ദര്യ സങ്കൽപ്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കരിയറിലും ജീവിതത്തിലും വിജയം കൊയ്യുന്നതിനിടെയാണ് നടി ലുപിത നിയോങ്സ് അക്കാര്യം തുറന്നു പറഞ്ഞത്. പെൺകുട്ടിയെന്ന വേർതിരിവില്ലാതെയാണ് മാതാപിതാക്കൾ തന്നെ വളർത്തിയതെന്നും എപ്പോഴും ആത്മവിശ്വാസത്തോടെയിരിക്കുന്ന വ്യക്തിയായിത്തന്നെ ജീവിക്കണമെന്നാണ് അവർ തനിക്കു നൽകിയ ഉപദേശമെന്നും താരം പറയുന്നു.

ഓസ്കർ പുരസ്കാര ജേതാവുകൂടിയായ അവർ ഒരു ട്രെൻഡ് സെറ്റർ‌ കൂടിയാണ്. തന്റെ സൗന്ദര്യത്തെയും ശരീരത്തെയും വിമർശിക്കുന്നവരുടെ വാക്കുകളെ തെല്ലും ശ്രദ്ധിക്കാതെയാണ് അവർ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നത്.

തന്റെ ജീവിതത്തെക്കുറിച്ച് ലുപിത പറയുന്നതിങ്ങനെ:-

''ഞാനൊരു ടോം ബോയിയായിരുന്നു. പെൺകുട്ടിയാണെന്നു പറഞ്ഞ് ഒരു തരത്തിലുള്ള വേർതിരിവും മാതാപിതാക്കൾ എന്നോട് കാണിച്ചിട്ടില്ല. മരങ്ങൾ‌ കേറിയിറങ്ങാൻ എനിക്കേറെയിഷ്ടമായിരുന്നു. എപ്പോഴും ചെളിയിൽ കുളിച്ച് പുറത്ത് കളിച്ചു തിമർത്തു നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടിയായിരുന്നു ഞാൻ. ഇപ്പോഴും അന്നത്തെപ്പോലെ ഞാൻ വീട്ടിലുള്ളവരോട് കുറുമ്പുകാട്ടി നടക്കാറുണ്ട്''.- ബ്യൂട്ടി ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വർഷം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ബ്ലാക്ക് പാന്തർ എന്ന ചിത്രത്തിലെ താരം കൂടിയായ നടി തന്റെയുള്ളിലെ 15വയസ്സുകാരിക്ക് നൽകുന്ന ഉപദേശമിങ്ങനെ:- '' ഞാൻ അവളോടു പറയാറുണ്ട് നമ്മുടെ ചുറ്റുപാടും ആരുമില്ലെന്ന തോന്നലോടെ‌ സന്തോഷത്തോടെ നൃത്തം ചെയ്യണമെന്ന്. ജീവിതം വിരസമായി തോന്നുമ്പോൾ മറ്റുള്ളവർക്ക് എന്തു തോന്നും എന്നും ചിന്തിക്കാതെ ശരിയെന്നു മനസ്സു പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കണമെന്ന്. അമ്മയുടെ വാക്കുകൾ കേൾക്കണമെന്നും ഞാൻ അവളോട് പറയാറുണ്ട്''.