ഝാൻസിയിലെ റാണിയാണ് ആം ആദ്മി പാര്‍ട്ടിക്ക് അതിഷി മാര്‍ലെന. ക്രിസ്തുമത വിശ്വാസിയായ വിദേശിയാണ് ബിജെപിക്ക് അതിഷി മാര്‍ലെന. തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകയാണ് കോണ്‍ഗ്രസിന് അതിഷി മാര്‍ലെന. ഈസ്റ്റ് ഡല്‍ഹിയിലെ ജനങ്ങള്‍ക്കാണ് അതിഷി മാര്‍ലെന ആരാണെന്നാണ് ഇനി അറിയേണ്ടത്. അതിന് മേയ് 23 വരെ കാത്തിരിക്കേണ്ടിവരും. 

പക്ഷേ, അതിനുമുമ്പുതന്നെ അതിഷി മാര്‍ലെനയെ അറിയേണ്ടതുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇത്തവണ എഎപി ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ. ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ഥിയുമായ ഗൗതം ഗംഭീറിനും കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിങ് ലൗവ്‍ലിക്കുമെതിരെ ഈസ്റ്റ് ഡല്‍ഹിയില്‍ മല്‍സരിക്കുന്ന തീപ്പൊരി വനിതാ നേതാവും എഎപി വക്താവുമായ അതിഷി മാര്‍ലെനയെ. 

തിരഞ്ഞെടുപ്പിന്റെ ദിവസം അടുക്കുന്തോറും ബിജെപി ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ചര്‍ച്ചയാക്കുന്ന വിഷയം അതിഷിയുടെ പേരാണ്. മാര്‍ലെന എന്ന പേരിന്റെ രണ്ടാം ഭാഗം. ഒരു ഇന്ത്യക്കാരിക്ക് ഇങ്ങനെയൊരു പേര് എങ്ങനെവരുമെന്നാണ് അവരുടെ ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട് അതിഷിയുടെ പാരമ്പര്യവും സംസ്കാരവും. 

മാര്‍ലെന എന്ന പേര് ഭാരതീയമല്ല എന്ന ആരോപണം വാസ്തവമാണ്. സമ്പന്നരും പാവപ്പെട്ടവരും എന്ന രണ്ടു വിഭാഗക്കാര്‍ മാത്രമാണ് ലോകത്തുള്ളതെന്ന് വിശ്വസിച്ച രണ്ടുപേരുടെ പേരുകളില്‍നിന്നാണ് ആ പേര് ഉദ്ഭവിക്കുന്നത്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരും ലോകനേതാക്കളുമായ കാള്‍ മാര്‍ക്സിലെ മാര്‍ ഉം വ്ലാദിമര്‍ ലെനിനിലെ ലേനയും. ഇങ്ങനെയൊരു പേര് അതിഷിക്കു നല്‍കിയത് മാതാപിതാക്കളും ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍മാരുമായിരുന്ന വിജയ് കുമാര്‍ സിങ്ങും ത്രിപ്ത വാഹിയും. 

ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു അതിഷിയുടെ അച്ഛനമ്മമാര്‍. മാര്‍ക്സിനോടും ലെനിനോടുമുള്ള ആരാധനയിലാണ് അവര്‍ മകളുടെ പേരിനൊപ്പം മാര്‍ലേന എന്നുകൂടി ചേര്‍ത്തതും. പേര് തെറ്റിധാരണയ്ക്ക് ഇടയാക്കുകയും അതിഷി വിദേശിയാണെന്ന പ്രചാരണം വ്യാപകമാകുകയും ചെയ്തപ്പോള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു: അതിഷിയുടെ മതത്തെക്കുറിച്ചു കോൺഗ്രസും ബിജെപിയും അസത്യം പ്രചരിപ്പിക്കുന്നതിൽ ഏറെ ആശങ്കയുണ്ട്. ബിജെപി, കോൺഗ്രസ് പ്രവർത്തകരേ, നിങ്ങളുടെ എതിർ സ്ഥാനാർഥിയുടെ മുഴുവൻ പേര് അതിഷി സിങ് എന്നാണ്. ഒരു രജപുത്ര വനിത. ഝാൻസിയിലെ റാണി..അവർ ജയിക്കും പുതിയ ചരിത്രം സൃഷ്ടിക്കും’ 

1981 ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ ജനിച്ച അതിഷി ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്പ്രിങ്ഡെയ്ല്‍ സ്കൂളില്‍നിന്ന്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം. ഒന്നാം റാങ്കുകാരിയായി ബിരുദം സ്വന്തമാക്കിയ അവര്‍ നേരെ പോയത് ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സര്‍വകലാശയിലേക്ക്. 2003-ല്‍ ഉന്നതനിലയില്‍ ബിരുദാനന്തര ബിരുദം. ഓക്സഫഡിലും തിരിച്ച് ഇന്ത്യയിലെത്തി റിഷിവാലി സ്കൂളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചതിനുശേഷം സുഖവും സൗകര്യവും ആഡംബരവും നിറഞ്ഞ ജീവിതം ഉപേക്ഷിച്ച് അതിഷി സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായി. 

മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം ഒരു കൊച്ചുഗ്രാമത്തില്‍ ജൈവകൃഷിയുമായി തുടക്കം. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രശാന്ത് ഭൂഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ കണ്ണില്‍പ്പെട്ട അതിഷി ഡല്‍ഹിയില്‍ എത്തിയത് അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയായി. നിര്‍ഭയ സംഭവത്തില്‍ ഉള്‍പ്പെടെ അധികാര ശക്തികള്‍ക്കെതിരെ രൂക്ഷമായ പൗരത്വ പ്രക്ഷോഭത്തിലെ അംഗമായി. ആം ആദ്മി പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമായ അതിഷി ഡല്‍ഹിയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതിനൊപ്പം രാജ്യതലസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലായിരുന്നു അതിഷിയുടെ പ്രവര്‍ത്തനങ്ങള്‍. എഎപി വക്താവായും ഉപദേശകയായുമെല്ലാം പ്രവര്‍ത്തിച്ചതിനുശേഷമാണ് 37 വയസ്സുകാരിയായ അതിഷി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 

കോണ്‍ഗ്രസുമായി എഎപി സഖ്യമുണ്ടാക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുന്നതിനു മുമ്പുതന്നെ അതിഷിയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചു. അപ്പോള്‍ത്തന്നെ ഈസ്റ്റ് ഡല്‍ഹി തിരഞ്ഞെടുപ്പു ചൂടില്‍ അമരുകയും ചെയ്തു. ജാതിയോ മതമോ ദേശീയ പ്രശ്നങ്ങളോ ഒന്നുമല്ല അതിഷി പ്രചാരണ വിഷയമാക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ എഎപിയുടെ നേട്ടങ്ങള്‍. മികച്ച പ്രാസംഗിക കൂടിയായ അതിഷി പ്രസംഗിച്ചു തുടങ്ങുന്നതോടെ നിശ്ശബ്ദരാകുകയാണ് എതിരാളികള്‍ പോലും. 

ഗംഭീറും അര്‍വിന്ദര്‍ സിങ് ലൗവ്‍ലിയുമെത്തിയതോടെ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കുകയാണ് ഈസ്റ്റ് ഡല്‍ഹി. ആരോപണ-പ്രത്യാരോപണങ്ങളും വാക്പോരും ദിവസേന ചൂടുപിടിക്കുന്ന, ഡല്‍ഹിയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ലോക്സഭാ മണ്ഡലം. വിപ്ലവ നേതാക്കളുടെ പേര് വഹിക്കുന്ന അതിഷിയുടെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ നാന്ദിയാണ് ഈസ്റ്റ് ഡല്‍ഹിയില്‍ നടക്കുന്നത്. വിജയത്തില്‍ മാത്രം അവസാനിക്കുന്ന വിപ്ലവത്തില്‍ വിശ്വസിക്കുന്ന അതിഷിയുടെ നീക്കങ്ങളിലേക്കാണ് ഇനി രാജ്യത്തിന്റെ കണ്ണും കാതും. കാത്തിരിക്കാം അതിഷിയുടെ വിപ്ലവത്തിന്റെ ഫലമറിയാന്‍.