വൈറലായ പരസ്യ ചിത്രത്തിലൂടെ തന്റെ മനസ്സിലിടം പിടിച്ച സഹോദരിമാരേ കാണാൻ താൻ പോയ വിവരത്തെക്കുറിച്ചും അതിനു ശേഷം സംഭവിച്ച രസകരങ്ങളായ കാര്യങ്ങളെക്കുറിച്ചും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

അച്ഛനെ ചികിൽസിക്കാനും വീട്ടുചെലവുകൾ‌ നടത്താനുമായി അച്ഛന്റെ ബാർബർഷോപ് ഏറ്റെടുത്തു നടത്തുന്ന പെൺകുട്ടികളെക്കുറിച്ച് വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് അവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു പരസ്യം അടുത്തിടെ പുറത്തിറങ്ങിയത്. 

പരസ്യചിത്രം തന്നെ ഏറെ പ്രചോദിപ്പിച്ചുവെന്നും ആ പെൺകുട്ടികളെ പരിചയപ്പെടാൻ പോയിരുന്നുവെന്നും. അവരുടെ ബാർബർ ഷോപ്പിൽ നിന്ന് ഷേവ് ചെയ്താണ് മടങ്ങിയതെന്നും ഇതാദ്യമായാണ് താനല്ലാതെ മറ്റൊരാൾ തന്റെ മുഖം ഷേവ് ചെയ്തതെന്നും പറഞ്ഞുകൊണ്ട് സച്ചിൻ ബാർബർഷോപ് ഗേൾസിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇരുവരുടെയും പഠനത്തിനും ജോലിക്കും വേണ്ടി ഗില്ലറ്റ് സ്കോളർഷിപ്പും അദ്ദേഹം സമ്മാനിച്ചു.

നേഹ എന്നും ജ്യോതിയെന്നും പേരുള്ള പെൺകുട്ടികളുടെ ജീവിതമിങ്ങനെ:-

പെൺകുട്ടികളാണ് ബാർബർഷോപ് നടത്തുന്നതെന്ന് തിരിച്ചറിഞ്ഞാൽ ആളുകൾ ബാർബർഷോപ്പിലേക്ക് വന്നില്ലെങ്കിലോ എന്നു ഭയന്ന് ആൺവേഷം കെട്ടിയാണ് ഇരുവരും ജോലിചെയ്തിരുന്നത്. സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകളെ ഉടച്ചുവാർക്കാനായി സ്വന്തം വ്യക്തിത്വത്തിൽ ജോലി ചെയ്യാനുറച്ചതോടെയാണ് ഉത്തർപ്രദേശിലെ ബൻവാരി തോലെയിലെ ബാർബർ പെൺകുട്ടികളുടെ കഥ പുറംലോകമറിഞ്ഞത്.

പെൺകുട്ടികളുടെ ജീവിതം പ്രമേയമാക്കിയുള്ള വിഡിയോ ഏപ്രിൽ 26നാണ് യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. യഥാർഥ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ വിഡിയോ വളരെ വേഗമാണ് തരംഗമായത്. അച്ഛനൊപ്പം ബാർബർഷോപ്പിലെത്തുന്ന ബാലൻ അവിടെ ജോലിചെയ്യുന്ന വനിതാ ബാർബർമാരക്കണ്ടപ്പോൾ ചോദിക്കുന്ന ഒരു ചോദ്യത്തോടെയാണ് വിഡിയോ പുരോഗമിക്കുന്നത്. ലിംഗവിവേചനത്തെയും വിഡിയോ ചോദ്യം ചെയ്യുന്നുണ്ട്.

ആൺകുട്ടികളും പെൺകുട്ടികളും ഇന്ന ജോലികളേ ചെയ്യാവൂ എന്ന നിബന്ധനയൊന്നുമില്ലെന്നും പെൺകുട്ടികൾ അടുക്കളജോലികളുമായി വീടുകളിൽ ഒതുങ്ങിക്കഴിയാനുള്ളവരല്ലെന്നും അച്ഛന്റെ ബിസിനസ്സ് അതെന്തു തന്നെയായാലും അത് നോക്കിനടത്താൻ കെൽപ്പുള്ളവർ തന്നെയാണ് പെൺകുട്ടികളെന്നും വിഡിയോ പറഞ്ഞു വയ്ക്കുന്നു.

ബാർബർ ഷോപ്പിൽ പെൺകുട്ടികളെ കാണുമ്പോൾ ഇത് ആൺകുട്ടികൾ ചെയ്യേണ്ട ജോലിയല്ലേയെന്ന് സംശയിക്കുന്ന മകനോട് ആൺകുട്ടിയാണോ പെൺകുട്ടിയാണോയെന്ന് റേസറിന് എങ്ങനെയറിയാൻ കഴിയുമെന്നാണ് അച്ഛന്റെ ചോദ്യം.