തന്റെ വിഡിയോയ്ക്ക് 10 ലൈക്ക് കൂടുതൽ കിട്ടാൻ വേണ്ടി ശ്രമിച്ച് ഒടുവിൽ വെട്ടിലായ ഒരു യുവതിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. ചൈനീസ് വ്ലോഗറായ യുവതിക്കാണ് അക്കിടി പറ്റിയത്. നീരാളിയെ പച്ചയ്ക്കു തിന്ന് സാഹസികത കാട്ടാനായിരുന്നു യുവതിയുടെ ശ്രമം.

നീരാളിയെയടുത്ത് വായിൽ വയ്ക്കുന്നതു വരെ കാര്യങ്ങളെല്ലാം ശുഭമായിരുന്നു. തന്നെ കടിക്കാൻ ശ്രമിക്കുന്ന എതിരാളിയെ നീരാളി പ്രതിരോധിച്ചു തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ‌ യുവതിയുടെ കൈവിട്ടു പോയത്. പ്രതിരോധത്തിന്റെ ഭാഗമായി നീരാളി യുവതിയുടെ മുഖത്ത് അള്ളിപ്പിടിച്ചു. യുവതിയുടെ കൺപോളയിൽ വരെ നീരാളിക്കൈകൾ പിടുത്തമിട്ടു.

നീരാളിയുടെ പ്രത്യാക്രമണത്തിൽ ആദ്യമൊക്കെ പകച്ചു പോയെങ്കിലും യുവതി അതിന്റെ കൈകൾ മുഖത്തു നിന്ന് വേർപെടുത്താൻ യുവതി ശ്രമിച്ചു കൊണ്ടിരുന്നു. വേദനകൊണ്ട് അലറിക്കരഞ്ഞാണ് യുവതി സാവധാനം അതിന്റെ പിടിവിടുവിക്കാൻ ശ്രമിച്ചത്. ഒട്ടുനേരത്തെ പരിശ്രമത്തിനൊടുവിലാണ് നീരാളിയുടെ പിടിയിൽ നിന്ന് യുവതി മുക്തയായത്. നീരാളിയുടെ ആക്രമണത്തിൽ യുവതിയുടെ കവിളിൽ മറിവുണ്ടായി. തൽസമയം നീരാളിയെ പച്ചയ്ക്കു തിന്നാൻ ശ്രമിച്ച് അമളി പറ്റിയ യുവതിയുടെ വിഡിയോ വെർച്വൽ ലോകത്ത് വൈറലാണിപ്പോൾ.