രണ്ടു വര്‍ഷം മുമ്പ് ഒരു ഹാഷ്ടാഗിലായിരുന്നു ലോകത്തിന്റെ കാഴ്ചപ്പാടുകളെത്തന്നെ മാറ്റിമറിച്ച മീ ടൂ പ്രസ്ഥനത്തിന്റെ തുടക്കം. അലീസ മിലാനോയുടെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. രണ്ടുവര്‍ഷത്തിനുശേഷം മറ്റൊരു ഹാഷ്ടാഗ് പ്രചാരണം ചൂടുപിടിക്കുകയാണ്. ഇത്തവണ അമേരിക്കയിലെ ഒരു സംസ്ഥാനമായ അലബാമയിലെ ഒരു കരിനിയമത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണം. ഗർഭഛിദ്രം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിനെതിരെ പോരാട്ടം നയിക്കുന്നതാകട്ടെ നടിയും മോഡലും അവതാരകയുമായ ബിസി ഫിലിപ്സും. 

യു നോ മീ...നിങ്ങള്‍ക്കെന്നെ അറിയാം: ഇതാണ് പുതിയ ഹാഷ്് ടാഗ് പ്രചാരണം. അലബാമയില്‍ നാലു സ്ത്രീകളെയെടുത്താല്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ ഗര്‍ഭഛിദ്രം നടത്തേണ്ടിവരുന്നു. എന്നിട്ടും പലരും ഗര്‍ഭഛിദ്രം നടത്തിയ ഒരാളെപ്പോലും തങ്ങള്‍ക്ക് അറിയില്ല എന്നു നടിക്കുന്നു. അവരോട് ബിസി ഫിലിപ്സ് ചോദിക്കുന്നു: നിങ്ങള്‍ക്ക് എന്നെ അറിയാമല്ലോ. എന്നിട്ടും അറിയില്ല എന്നു നടിക്കുകയാണോ? 

ബിസി ഫിസിപ്സ് പ്രചാരണം തുടങ്ങാന്‍ കാരണം അലബാമ നടപ്പാക്കാന്‍ പോകുന്ന കര്‍ശനമായ ഗര്‍ഭഛിദ്രനിയമം. നിയമം നടപ്പായാല്‍ ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് 10 വര്‍ഷം മുതലുള്ള തടവുശിക്ഷ അനുഭവിക്കേണ്ടിവരും. അതുകൊണ്ട് പ്രിയപ്പെട്ടവരേ എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്. ഗര്‍ഭഛിദ്രം നിങ്ങള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍ മുന്നോട്ടുവരൂ. നിങ്ങള്‍ക്കെന്നെ അറിയാം എന്ന ഹാഷ് ടാഗില്‍ സംഭവിച്ച ദുരനുഭവം തുറന്നുപറയൂ -ബിസി ഫിലിസ്പ് ആവശ്യപ്പെടുന്നു.

കഴിഞ്ഞയാഴ്ചത്തെ പതിവുടോക് ഷോയ്ക്ക് ഇടയിലായിരുന്നു ബിസി ഫിലിപ്സിന്റെ നാടകീയമായ പ്രഖ്യാപനം. കൗമാരത്തില്‍ അനുഭവിക്കേണ്ടിവന്ന ഗര്‍ഭഛിദ്രത്തെക്കുറിച്ചും അവര്‍ തുറന്നുപറഞ്ഞു. ഗര്‍ഭം അലസിപ്പിക്കേണ്ടിവന്ന ഒരാളെപ്പോലും അറിയില്ലെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ എന്നെ നോക്കൂ. നിങ്ങള്‍ക്കെന്നെ അറിയില്ലേ. ഞാന്‍ ആ ദുരനുഭവത്തിന്റെ ഇരയാണ്...ബിസി ഫിലിപ്സ് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. 15-ാം വയസ്സിലായിരുന്നു തനിക്ക് ഗര്‍ഭം അലസിപ്പിക്കേണ്ടിവന്നതെന്നും അവര്‍ തുറന്നുപറഞ്ഞു. 

അലബാമയിലെ സ്ത്രീകളെക്കുറിച്ചും പെണ്‍കുട്ടികളെക്കുറിച്ചും എനിക്കു പേടിയുണ്ട്. പ്രത്യേകിച്ചും പുതിയ നിയമം നടപ്പാക്കുന്ന പശ്ചാത്തലത്തില്‍. അതുകൊണ്ടാണ് ഇപ്പോള്‍ ഞാനിത് നിങ്ങളോടു പറയുന്നത്. 

ബുധനാഴ്ച നൂറുകണക്കിനു സ്ത്രീകള്‍ ബിസിയുടെ ആഹ്വാനം ചെവിക്കൊണ്ട് തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ യു നോ മീ ഹാഷ്ടാഗില്‍ തുറന്നുപറയാന്‍ തുടങ്ങി. സ്വയം അനുഭവിച്ചതും പരിചിതരായവര്‍ക്കും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും ഗര്‍ഭഛിദ്രവുമാണ് പലരും തുറന്നുപറയുന്നത്. 

19-ാം വയസ്സില്‍, 22-ാം വയസ്സില്‍. ക്ലാസ്സ് മുറിയില്‍, വീട്ടില്‍, പുറത്ത് അങ്ങനെ മാംസദാഹികളുടെ ഇരകളായി ജീവിതകാലം മുഴുന്‍ വേദന തിന്ന് കഴിയേണ്ടിവന്നവര്‍. ഒരിക്കലും ഭേദമാകാത്ത മുറിവുമായി ഒരു ജീവിതം മുഴുവന്‍ ജീവിക്കേണ്ടിവന്നവര്‍. പുതിയ നിയമം നടപ്പായാല്‍ ഇത്തരക്കാര്‍ എന്തു ചെയ്യും. വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ ഭാവി എന്തായിരിക്കും ? 

ഭൂരിപക്ഷം പേരും അലബാമയിലെ പുതിയ നിയമത്തെ എതിര്‍ക്കുമ്പോഴും ചുരുക്കം ചിലര്‍ പിന്തുണയ്ക്കുന്നുമുണ്ട്. സ്വയം പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തവര്‍ എന്തിന് നിയമത്തെ എതിര്‍ക്കുന്നു എന്നാണവരുടെ ചോദ്യം. കോടതി നിയമം പാസ്സാക്കുന്നത് തടയുമെന്ന് ചിലര്‍ പ്രതീക്ഷിക്കുമ്പോള്‍ നിയമം പാസ്സാകുക തന്നെ ചെയ്യുമെന്നാണ് മറ്റു ചിലരുടെ പ്രതീക്ഷ.