ശരീരത്തിന്റെ അഴകളവുകൾ വ്യക്തമാക്കുന്ന വസ്ത്രം ധരിക്കുന്ന സെലിബ്രിറ്റികളിൽ നിന്ന് വ്യത്യസ്തയാണ് ബില്ലി ഐലിഷ്. അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബില്ലി എപ്പോഴും ധരിക്കുന്നത് സഞ്ചിപോലെ അയഞ്ഞ വസ്ത്രങ്ങളാണ്. എന്നാൽ ഫാഷനബിൾ ആകാൻ വേണ്ടിയല്ല അത്തരം വസ്ത്രങ്ങൾ താൻ തിരഞ്ഞെടുത്തതെന്നും മറിച്ച് ആളുകൾ തന്നെ വിമർശിക്കാതിരിക്കാൻ വേണ്ടിയാണ് താൻ അത്തരം ഒരു മുൻകരുതലെടുത്തത് എന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഒരു 17 വയസ്സുകാരി പെൺകുട്ടി  വസ്ത്രധാരണത്തെക്കുറിച്ച് ഇത്രയും ശ്രദ്ധവച്ചു പുലർത്തണമെങ്കിൽ അതിനു കാരണം ബോഡിഷെയ്മേഴ്സ് തന്നെയാണെന്നാണ് ആരാധകരുടെ ആരോപണം. തന്റെ സിഗ്നേച്ചർ ലുക്ക് ആയ വസ്ത്രധാരണത്തെക്കുറിച്ചും അങ്ങനെയൊരു വസ്ത്രധാരണ രീതി പിന്തുടരാൻ ഉറച്ചതിനെക്കുറിച്ചും ബില്ലി പറയുന്നതിങ്ങനെ. :-

''എന്നെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും ലോകത്തോടു വെളിപ്പെടുത്താൻ എനിക്കിഷ്ടമല്ല. എന്റെ ശരീരത്തിന്റെ അഴകളവുകൾ വ്യക്തമാകുംവിധമുള്ള വസ്ത്രം ധരിച്ചെങ്കിൽ മാത്രമല്ലേ ആളുകൾക്കെന്നെ വിമർശിക്കാൻ സാധിക്കൂ. അതല്ലാത്ത പക്ഷം അവൾ തടിച്ചിട്ടാണ്, ഒരുപാട് മെലിഞ്ഞിട്ടാണ്, അവളുടെ പിൻഭാഗം വളരെ മെലിഞ്ഞതാണ്, അല്ലെങ്കിൽ തടിച്ചതാണ് എന്നൊന്നും പറയാൻ അവർക്ക് സാധിക്കില്ലല്ലോ?''- ബില്ലി ചോദിക്കുന്നു.