80–ാം വയസ്സിൽ കൈയൊടിഞ്ഞ് ചികിൽസ തേടിയെത്തിയപ്പോഴാണ് വാണ്ട സർസിക്ക എന്ന പോളണ്ടുകാരി മുത്തശ്ശിയോട് ഡോക്ടർമാർ ഒരു കാര്യം ആവർത്തിച്ച് പറഞ്ഞത്. പ്രാണനെപ്പോലെ സ്നേഹിക്കുന്ന പിയാനോ വായന ഉപേക്ഷിക്കണം. കാരണം ഇനിയൊരിക്കലും മുത്തശ്ശിയുടെ കൈകൾക്ക് പഴയതു പോലെ പിയാനോ വായിക്കാനാവില്ല.

ഡോക്ടർമാരുടെ മുന്നറിയിപ്പിനെ ലവലേശം വകവെക്കാതെ ജീവിച്ച മുത്തശ്ശി 108–ാം വയസ്സിലും നല്ല സ്റ്റൈൽ ആയി പിയാനോ വായിച്ച് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ജീവിക്കുകയാണ്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നാണ് കക്ഷിയുടെ ചിന്ത. ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അതൊരു തടസ്സമല്ലെന്നും മുത്തശ്ശി പറയുന്നു.

പടിഞ്ഞാറൻ ഉക്രെയിനിലെ ലിവ്യൂയിലാണ് മുത്തശ്ശി ബാല്യം ചിലവഴിച്ചത്. അന്നുതുടങ്ങിയതാണ് വയലിനിനോടുള്ള കമ്പം. ലിവ്യൂയിലെ മ്യൂസിക് കോൺസർവേറ്ററിയിൽ നിന്ന് 1931 ൽ ബിരുദം നേടിയ മുത്തശ്ശി രണ്ടാം ലോകമഹായുദ്ധകാലത്ത് സംഗീത പഠനം അവസാനിപ്പിക്കാൻ നിർബന്ധിതയായി. പിന്നീട് അഞ്ചു വർഷത്തിനു ശേഷം അവരുടെ കുടുംബം പോളണ്ടിലെത്തി. അതിനു ശേഷമാണ് തന്റെ പ്രിയപ്പെട്ട പിയാനോയെ അവർ ചേർത്തു പിടിച്ചത്. അമ്മയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പിയാനോ മുത്തശ്ശി ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട്.

എല്ലാ ദിവസവും പിയാനോ വായിക്കാറുള്ള മുത്തശ്ശി ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത് പോളണ്ടിലെ ഏറ്റവും പ്രായംചെന്ന പിയാനോ പ്രതിഭയായിട്ടാണ്. മുൻ നൃത്താധ്യാപിക കൂടിയായ ഈ മുത്തശ്ശി തന്റെ ആരോഗ്യത്തിനും ആയുസ്സിനും നന്ദി പറയുന്നത് ദൈവത്തോടും സംഗീതത്തോടുമാണ്.