മീ ടൂ മുന്നേറ്റത്തിൽ ഹാർവി വെയ്ൻസ്റ്റിനെതിരെ ആരോപണം ഉന്നയിച്ച നടികളിലൊരാളായ മിറ സൊർവിനോ ബുധനാഴ്ച നടന്ന പ്രസ് കോൺഫറസിലാണ് കരഞ്ഞുകൊണ്ട് ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തിയത്. താനും മാനഭംഗത്തിന്റെ ഇരയാണെന്നും ദുരനുഭവത്തിരയായ സ്ത്രീകൾക്ക് കരുത്തു പകരാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്നും അവർ വെളിപ്പെടുത്തി.

വെയ്ൻസ്റ്റീനിൽ നിന്നും മാത്രമല്ല ലൈംഗിക അതിക്രമമുണ്ടായത്. ഞാൻ 'ഡേറ്റ് റേപ്പി'ന്റെ ഇര കൂടിയാണ്. അതിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ എനിക്കാവില്ല. എന്നിട്ടും ഇക്കാര്യം തുറന്നു പറയുന്നത് എന്നെപ്പോലെയുള്ള ഇരകൾക്ക് ശക്തിപകരാൻ വേണ്ടി മാത്രമാണ്.

ആക്രമണം സമ്മാനിച്ച ആഘാതത്തിൽ നിന്ന് മുക്തമാകുമ്പോഴാണ് പലരും അതിനെക്കുറിച്ച് തുറന്നു പറയാൻ തയാറാകുന്നത്. ഇരയായ ഓരോരുത്തർക്കും ആദ്യമുണ്ടാകുന്നത് ഭയവും നാണക്കേടുമാണ്. അത്തരം മോശം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള ഒരാളായതുകൊണ്ട് എനിക്കതു നന്നായി മനസ്സിലാക്കാനാകും.

ചില സമയത്തൊക്കെ ഇത്തരം മോശം കാര്യങ്ങൾ സംഭവിച്ചത് നിങ്ങളുടെ കുഴപ്പം കൊണ്ടാണെന്നു വരെ തോന്നാം. നിങ്ങൾ കുറച്ചു കൂടി സ്മാർട്ട് ആയിരുന്നുവെങ്കിൽ കുറച്ചുകൂടി നന്നായി സ്വയം സൂക്ഷിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് നിങ്ങൾ കുറ്റബോധത്തോടെ ഓർത്തേക്കാം.

ഒറ്റയ്ക്കുള്ളപ്പോൾ എവിടെ നിന്നെങ്കിലും അൽപ്പം വെള്ളം കുടിക്കാൻ കിട്ടിയാൽപ്പോലും എനിക്ക് ഭയമായിരുന്നു. അതിൽ എന്തെങ്കിലും കലർത്തിയിട്ടുണ്ടോയെന്ന് ആർക്കറിയാം എന്നായിരുന്നു എന്റെ അന്നത്തെ ചിന്ത. അത്രയും യഥാസ്ഥിതികരായ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. പൊതുവിടങ്ങളിൽ ലൈംഗിക ആക്രമണങ്ങൾക്ക് വിധേയരായാൽ, അതു നമ്മുടെ കുറ്റംകൊണ്ടല്ലെന്ന് ഉറപ്പുണ്ടെങ്കിൽപ്പോലും അതു തുറന്നു പറയുന്നത് നാണക്കേടാണെന്നു കരുതിയ ദിവസങ്ങൾ.

താൻ ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ മിറ പക്ഷേ അത് ആരാണെന്ന് വെളിപ്പെടുത്തുകയോ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.