നിറഞ്ഞ കൈയടിയോടെയാണ് മിഷേൽ ഒബാമയുടെ ഓരോ വാക്കുകളും ആ പുരുഷാരം ശ്രവിച്ചത്. ആർപ്പു വിളികളും കരഘോഷങ്ങളും മുഴക്കിക്കൊണ്ട് മുൻ അമേരിക്കൻ പ്രഥമവനിതയോടുള്ള സ്നേഹം അവർ പങ്കുവച്ചപ്പോൾ ആവേശത്തോടെ മിഷേൽ തന്റെ ചിന്തകളും വിശ്വാസങ്ങളും അവരോടു പങ്കു വച്ചു. എസൻസ് ഫെസ്റ്റിവെലിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ചും പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മിഷേൽ ഒബാമ പറഞ്ഞത്.

അഭിഭാഷക, സ്റ്റൈൽ ഐക്കൾ, ബെസ്റ്റ് സെല്ലറിന്റെ എഴുത്തുകാരി ഈ വിശേഷണങ്ങൾക്കുമൊക്കെയപ്പുറം നല്ലൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് മിഷേൽ. ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരു പങ്കാളിയെ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മിഷേൽ സംസാരിച്ചു.

'' ഏതു ദിവസം വേണമെങ്കിലും നടത്താവുന്ന ഒരു തിരഞ്ഞെടുപ്പാണ് വിവാഹം. പക്ഷേ അതത്രയെളുപ്പം ചെയ്യാവുന്ന ഒന്നല്ല. അതിൽ വിശ്വാസമുണ്ടെങ്കിൽ മാത്രമേ അങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്താവൂ. നിങ്ങൾ മറ്റൊരാളെ വിശ്വസിക്കാൻ തയാറാണെങ്കിൽ മാത്രം. അതുകൊണ്ടു തന്നെയാണ് നിങ്ങൾക്ക് ബഹുമാനം തോന്നുന്ന ഒരാളെ വിവാഹം ചെയ്യുക എന്നതിന് പ്രാധാന്യമേറുന്നതും. നിങ്ങളോട് തുല്യതയിൽ നിൽക്കുന്ന ഒരാളെ വിവാഹം ചെയ്യണം. നിങ്ങൾ അവരുടെ വിജയത്തിനായി ആഗ്രഹിക്കുമ്പോൾ, അതിലുമേറെ നിങ്ങളുടെ വിജയത്തിനായി ആഗ്രഹിക്കുന്ന ഒരാളെ വേണം നിങ്ങൾ വിവാഹം ചെയ്യാൻ''.

കായിക മൽസരവുമായി ബന്ധപ്പെടുത്തി തന്റെ മനസ്സിലുള്ള ആശയം മിഷേൽ പങ്കുവച്ചതിങ്ങനെ :-

'' എന്റെ ഭർത്താവാണ് എന്റെ ടീംമേറ്റ് എങ്കിൽ ഞങ്ങൾ ഒരുമിച്ച് മൽസരം ജയിക്കും. അദ്ദേഹം കരുത്തനാണെങ്കിൽ ഞാൻ കരുത്തയായി അദ്ദേഹത്തിനൊപ്പമുള്ളതിൽ അദ്ദേഹം ഒക്കെയാണെങ്കിൽ വിജയം ഞങ്ങൾക്കൊപ്പമായിരിക്കും. ദുർബലരായ ആളുകളെ എനിക്കെന്റെ ടീമിൽ വേണ്ട. പക്ഷേ, ചില സമയത്ത് പരസ്പരമുള്ള ദൗർബല്യങ്ങളെ സ്വീകരിക്കേണ്ടതായും വരും. അതു ചിലപ്പോൾ എളുപ്പമായും തോന്നാം''. 

പരസ്പരം നൽകുന്ന പിന്തുണയും പ്രോത്സാഹനവും കൊണ്ട് വാർത്തകളിൽ നിറയാറുണ്ട് ഒബാമ ദമ്പതികൾ. നീണ്ട 26 വർഷത്തെ ദാമ്പത്യ ജീവിതത്തിന്റെ അനുഭവ പരിചയമുള്ള മിഷേലിന്റെ വാക്കുകളെ തുറന്ന ഹൃദയത്തോടെ കേട്ടിരുന്ന ശ്രോതാക്കളുടെ ആവേശവും. അവരെ അമ്പരപ്പിച്ച മിഷേലിന്റെ പ്രസംഗവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.