ഞാൻ ചെയ്യുന്ന ജോലി ഇതായതുകൊണ്ടാകാം. പെട്ടന്നു ദേഷ്യപ്പെടുന്ന ഒരുപാടാളുകളെ ഞാൻ കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് സമൂഹത്തിൽ കൊള്ളയും കൊലയും അതിക്രമങ്ങളും വർധിക്കുന്നത്. എന്തുകൊണ്ടാണ് ആളുകൾ വളരെപ്പെട്ടന്ന് ദേഷ്യപ്പെടുകയും അസ്വസ്ഥരാകുകയും ചെയ്യുന്നത്.?. ചോദിക്കുന്നത് മെറിൻ ജോസഫ് ഐപിഎസ്. ടെഡെക്സ് ടോക്സിലാണ് സമൂഹത്തിൽ വ്യാപിക്കുന്ന അക്രമങ്ങളെക്കുറിച്ച് സ്വയം ചോദ്യങ്ങൾ ചോദിച്ചതും ഔദ്യോഗിക ജീവിതത്തിലെ ചില അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞതും.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഒരു പൊലീസ് ഓഫിസർ, കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ, സെക്കന്‍ഡ് ആംഡ് പൊലീസ് ബറ്റാലിയനിലെ ഫസ്റ്റ് ലേഡി കമാന്‍ഡന്റ് വിശേഷണങ്ങൾ ഏറെയുണ്ട് മെറിൻ ജോസഫിന്. ടെഡെക്സ് ടോക്സിൽ മെറിൻ ജോസഫ് സംസാരിച്ചതിങ്ങനെ :-

ഇന്നത്തെ ലോകത്തില്‍ ഭൂരിപക്ഷം ജനങ്ങളും അക്രമത്തിന്റെ ഭാഗമാണ്. ചിലര്‍ ഇരകള്‍. മറ്റു ചിലര്‍ സാക്ഷികള്‍. വേറെ ചിലര്‍ വേട്ടക്കാര്‍. അക്രമം ശാരീരികം മാത്രമല്ല, അതിനേക്കാള്‍ മാരകമായ മാനസിക ആക്രമണങ്ങളുമുണ്ട്. ആകെ തളര്‍ത്തിക്കളയുന്ന, പുറത്തിറങ്ങി നടക്കാന്‍ പോലും രണ്ടാമതൊന്ന് അലോചിക്കേണ്ടി വരുന്ന തരത്തിലുള്ള സമൂഹമാധ്യമ ആക്രമണങ്ങള്‍. ഫെയ്സ് ബുക്കില്‍ ഒരിക്കലെങ്കിലും അശ്ലീല ആക്രമണം നേരിടാത്ത ഒരു വനിതാ താരമെങ്കിലും ഇവിടെയുണ്ടോ ? സിനിമാ-സംഗീത-കലാ മേഖലയിലെ അറിയപ്പെടുന്നവര്‍ എന്നും എല്ലായിടത്തും ഏതു നിമിഷവും അവര്‍ ആക്രമമിക്കപ്പെടുന്നുണ്ട്. ആരാണ് ഇതിനു മറുപടി പറയേണ്ടത്. ആരാണ് ഇതിന് അവസാനം കുറിക്കേണ്ടത്. ഈ പ്രശ്നം എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത്?. 

അക്രമം അല്ലെങ്കില്‍ ഭീഷണിപ്പെടുത്താനുള്ള പ്രവണത ഒരു വ്യക്തിയുടെ മനസ്സില്‍ ജന്മനാ ഉണ്ടാകുന്നതല്ല. അതു വളര്‍ന്നുവരുന്നതാണ്. ചുറ്റുപാടിൽനിന്ന് കാണുന്ന, കേള്‍ക്കുന്ന കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും. ജീവിക്കുന്ന സാഹചര്യങ്ങളിലൂടെ. ചുറ്റുമുള്ള ലോകത്തിലൂടെ. ഒടുവിലത് മറ്റുള്ളവരുടെ സ്വകാര്യവും പരസ്യവുമായ ജീവിതത്തിനു ഭീഷണിയായി മാറുന്നു. 

വീടുകളില്‍ തൊട്ടേ തുടങ്ങുന്ന സ്ത്രീ-പുരുഷ വിവേചനത്തിനെതിരെയായിരുന്നു നടി റിമ കല്ലിങ്കൽ നടത്തിയ പരാമർശം വാർത്തകൾ സൃഷ്ടിച്ചിരുന്നു. വീട്ടിലെ ഡൈനിങ് ടേബിളില്‍ എല്ലാവരും ആഹാരം കഴിക്കാനിരിക്കുമ്പോള്‍ മീന്‍ വറുത്തത് ആൺകുട്ടികള്‍ക്കു മാത്രം കൊടുക്കുന്ന വിചേനത്തെക്കുറിച്ച്. ഇതിന്റെ പേരില്‍ വ്യാപകമായ പരിഹാസമാണ് റിമ നേരിട്ടത്. ഒരര്‍ഥത്തിലുള്ള സൈബര്‍ ആക്രമണം. 

പാര്‍വതിയും റിമയും മാത്രമല്ല, ഇത്തരം കഥകള്‍ പറയാനുള്ള ഒട്ടേറെ താരങ്ങള്‍ മലയാളത്തില്‍ത്തന്നെയുണ്ട്. ദിവസേനയെന്നോണം സൈബര്‍ ആക്രമണത്തിന്റെ ഇരകളാകുന്ന സെലിബ്രിറ്റികള്‍. 

നമ്മുടെ യുവതലമുറ അസ്വസ്ഥരാണ്. അവര്‍ പല തരത്തിലുള്ള പ്രലോഭനങ്ങള്‍ക്ക് എളുപ്പം വിധേയരാകുന്നു. കേരളത്തില്‍നിന്നുതന്നെ എത്ര പേരാണ് വീടും നാടും വിദ്യാഭ്യാസവും ജോലിയും എല്ലാം വിട്ടെറിഞ്ഞ് ഭീകരസംഘടനകളില്‍ ചേരാന്‍വേണ്ടി സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു പോയത്. പെട്ടെന്നു വിശ്വസിക്കാനാവാത്ത പലായനങ്ങള്‍. 

സാധാരണക്കാരായ ജനങ്ങളെപ്പോലും പെട്ടെന്ന് അക്രമികളും വിധ്വംസക ശക്തികളുമാക്കുന്നതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. തൊഴിലില്ലായ്മ,മികച്ച വിദ്യാഭ്യാസത്തിന്റെ കുറവ്. സൈബര്‍ ആക്രമണങ്ങളിലാണെങ്കില്‍ തങ്ങളെ ആര്‍ക്കും പിടിക്കാനാവില്ലെന്ന അമിത ആത്മവിശ്വാസവും ഇന്റര്‍നെറ്റിന്റെ മായിക ലോകം സമ്മാനിക്കുന്ന ആദൃശ്യതയും. ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളിലൊന്നായ ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍പ്പോലും അടുത്ത കാലത്തു സംഭവിച്ചതെല്ലാം രാജ്യം മുഴുവന്‍ കണ്ടതാണ്. പല തരത്തിലുള്ള അക്രമസംഭവങ്ങള്‍. വിദ്യാര്‍ഥികളില്‍ നിന്നു പ്രതീക്ഷിക്കാനാവാത്തത്. 

നിങ്ങള്‍ ചോദിച്ചേക്കാം ഒരു പൊലീസ് ഓഫിസറായ ഞാന്‍ ഇവയെക്കുറിച്ചെല്ലാം എന്തിനാണ് നിങ്ങളോടു സംസാരിക്കുന്നതെന്ന്. അടിച്ചമര്‍ത്തേണ്ടവര്‍ സ്നേഹത്തെക്കുറിച്ചു സംസാരിക്കുകയാണോ എന്ന്. കീഴടക്കേണ്ടവര്‍ വിനയത്തെക്കുറിച്ച് വേദമോതുന്നതെന്തിനെന്ന്. ആയുധം കൊണ്ട് ശരീരത്തെ മാത്രമേ കീഴടക്കാനാകൂ.മനസ്സിനെ കീഴ്പ്പെടുത്താന്‍ സ്നേഹത്തിനു മാത്രമേ കഴിയൂ. എല്ലാ തരത്തിലുമുള്ള അക്രമങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. സമാധാനം തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. സഹവര്‍ത്തിത്വം പുലരുകയും വേണം. 

ഇപ്പോഴല്ലെങ്കില്‍ പിന്നെ എന്ന്. തടയേണ്ടത് നമ്മളല്ലെങ്കില്‍ മറ്റാര് ?