ഇന്ത്യൻ കായികതാരം ദ്യുതി ചന്ദ് വീണ്ടും വാർത്തകളിൽ നിറയുന്നത് ഒരു സുവർണ്ണ നേട്ടത്തിന്റെ പേരിലാണ്. ഇറ്റലിയിലെ നെപ്പോളിയയിൽ നടക്കുന്ന ലോകയൂണിവേഴ്സിറ്റി ഗെയിംസിൽ 100 മീറ്റർ ഓട്ടത്തിൽ ദ്യുതി സ്വർണ്ണം സ്വന്തമാക്കി. 11.30 സെക്കന്റിൽ ഓടിയെത്തിയാണ് ദ്യുതി ചരിത്രം രചിച്ചത്. ഈ സ്വർണ്ണ നേട്ടത്തോടെ ഒരു രാജ്യാന്തര മൽസരത്തിലും ലോകയൂണിവേഴ്സിറ്റി ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ദ്യുതി സ്വന്തമാക്കി.

തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങളും നേട്ടങ്ങളും തന്റെ അധ്യാപകർക്കും പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നവർക്കും. ഒഡിഷയിലെ ജനങ്ങൾക്കും പിന്തുണയേകിയ മുഖ്യമന്ത്രി നവീൻ പട്നായിക്കിനും വേണ്ടിയാണ് ദ്യുതി സമർപ്പിച്ചത്.

പരിഹാസം, വിലക്ക്, കോടതി വിധി

കായിക ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറിയപ്പോഴാണ് ഹോർമോൺ വിവാദം ദ്യുതിയുടെ കായിക ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. ദ്യുതിയുടെ ശരീരത്തിൽ പുരുഷഹോർമോണിന്റെ അളവ് കൂടുതലാണ് എന്ന കാരണത്താൽ അത്‌ലറ്റിക് ഫെഡറേഷൻ ദ്യുതിയ്ക്ക് ഒന്നരവർഷത്തെ വിലക്ക് പ്രഖ്യാപിച്ചു. ഒടുവിൽ ദ്യുതി പെൺകുട്ടി തന്നെയാണെന്ന് കോടതി ഉത്തരവിട്ടതോടെ അവൾ വീണ്ടും കളിക്കളത്തിൽ സജീവമായി. വിവാദങ്ങൾക്കും കോടതിവിധിക്കും ശേഷം വീണ്ടും കളത്തിലിറങ്ങിയ മകളുടെ പ്രകടനം കാണാൻ ദ്യുതിയുടെ അച്ഛൻ ചക്രദാരും അമ്മ അഖുജിയും എത്തിയിരുന്നു.

ബന്ധുക്കൾ ശത്രുക്കൾ, സ്വവർഗ്ഗബന്ധം, വീണ്ടും വിവാദം

കരിയറിൽ നേട്ടങ്ങൾ കൊയ്യുമ്പോഴും ബന്ധങ്ങളെ നെഞ്ചോടു ചേർത്തു പിടിക്കാൻ ശ്രദ്ധിച്ച ദ്യുതിയുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ബന്ധുക്കൾ തന്നെ ശത്രുക്കളാകുന്ന ഒരു അവസ്ഥയുമുണ്ടായി. ദ്യുതി തന്റെ സ്വവർഗ പ്രണയം വെളിപ്പെടുത്തിയതോടെയായിരുന്നു അത്.

സംഭവങ്ങളിങ്ങനെ :-

25 ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരി ബ്ലാക്ക്മെയിൽ ചെയ്തതുകൊണ്ടാണ് സ്വവർഗബന്ധം വെളിപ്പെടുന്നതെന്നു പറഞ്ഞുകൊണ്ട് ഭുവനേശ്വറിൽ വാർത്താ സമ്മേളനം നടത്തിയതോടെയാണ് ദ്യുതി വീണ്ടും വിവാദനായികയായത്. 100 മീറ്ററിൽ ദേശീയ റെക്കോർഡ‍ിന് ഉടമയായ ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ കുടുംബാംഗങ്ങൾ ഒന്നിച്ചു രംഗത്തു വന്നു. മൂത്ത സഹോദരിക്ക് തന്റെ ബന്ധത്തിൽ താൽപര്യമില്ലെന്നും ഇതിന്റെ പേരിൽ അവർ തന്നെ മർദ്ദിക്കുമായിരുന്നെന്നുമുൾപ്പടെയുള്ള പല കാര്യങ്ങളും ദ്യുതി വാർത്താ സമ്മേളനത്തിലൂടെ തുറന്നു പറഞ്ഞു.

സഹോദരിയുടെ ഉപദ്രവത്തെത്തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കവയ്യാതെയാണ് സ്വവർഗ പ്രണയത്തിന്റെ കാര്യം പുറത്തറിയിച്ചതെന്നും ദ്യുതി വെളിപ്പെടുത്തി. 

'പ്രായപൂർത്തിയായ വ്യക്തിയാണ് ഞാൻ. കുടുംബത്തിന്റെ സമ്മർദ്ദത്തിൽ ഒരു കാരണവശാലും വീഴില്ല. സ്വവർഗബന്ധമുള്ള കാര്യം പുറത്തുപറയാൻ അഭിമാനം മാത്രമേയുള്ളൂ. പങ്കാളിക്കു പൊതുസമൂഹത്തിനു മുന്നിൽ വരാൻ താൽപര്യമില്ലെന്നു പറഞ്ഞ ദ്യുതി, ഈ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും' പറഞ്ഞു.

ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ മൂത്ത സഹോദരി സരസ്വതി ചന്ദും അമ്മ അഖോജി ചന്ദും രംഗത്തെത്തിയിരുന്നു. പ്രണയിനി എന്നു പറയുന്ന പെൺകുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും ഭീഷണിയെ തുടർന്നാണ് വിവാഹം കഴിക്കാൻ ദ്യുതി സമ്മതിച്ചെന്നായിരുന്നു സരസ്വതിയുടെ ആരോപണം. ഇതുപക്ഷേ ദ്യുതി നിരാകരിച്ചു. ഈ ബന്ധം അംഗീകരിക്കില്ലെന്ന് ദ്യുതിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്. ആ പെൺകുട്ടിക്ക് അമ്മയെപ്പോലെയാണ് ദ്യുതിയെന്നും പിന്നെ എങ്ങനെ വിവാഹം കഴിക്കുമെന്നും അമ്മ ചോദിച്ചു.

പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും കഴിഞ്ഞ ദിവസമാണ് ദ്യുതി വെളിപ്പെടുത്തിയത്. 'അഞ്ചു വർഷമായി ഞങ്ങൾ സ്നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ്. രണ്ടാം വർഷം ബിഎയ്ക്കു പഠിക്കുന്നു' – ഒഡീഷയിലെ ഗോപാൽപുർ സ്വദേശിനിയായ ദ്യുതി വെളിപ്പെടുത്തി. 

ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 2 വെള്ളി നേടിയ ദ്യുതി മുൻപു പുരുഷ ഹോർമോൺ അധികമാണെന്ന കാരണത്താൽ ഒന്നരവർഷത്തോളം വിലക്കു നേരിട്ട ദ്യുതി രാജ്യാന്തര കായിക തർക്ക പരിഹാര കോടതി വരെയെത്തിയ വ്യവഹാരത്തിന് ഒടുവിലാണ് ട്രാക്കിലേക്കു തിരിച്ചെത്തിയത്. സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ അടുത്തിടെയുള്ള വിധിയുടെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും മുൻപു മാനഭംഗക്കേസിൽപ്പെട്ട ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് പിങ്കി പ്രമാണിക്കിന്റെ അവസ്ഥ തനിക്കുണ്ടാവാതിരിക്കാനാണു ബന്ധം പരസ്യമാക്കുന്നതെന്നും ദ്യുതി അന്നു പറഞ്ഞു.