സെലിബ്രിറ്റി സുന്ദരികളും രാഷ്ട്രീയ നേതാക്കളും സാരിചിത്രങ്ങളുമായി തരംഗം സൃഷ്ടിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുകയാണ് മറ്റൊരു സാരി ചിത്രം. സാരി ട്വിറ്ററിൽ പുരുഷന്മാർ പങ്കെടുത്തപ്പോൾ എന്ന അടിക്കുറിപ്പോടെയാണ് ട്രോളുകൾ തരംഗമാകുന്നത്. 

സാരി ട്വിറ്റർ ആരു തുടങ്ങി, എന്തിനു തുടങ്ങി എന്നതിനെക്കുറിച്ച് തലപുകയ്ക്കാൻ നിൽക്കാതെയാണ് സെലിബ്രിറ്റികളുൾപ്പടെയുള്ളവർ സാരി ട്വിറ്ററിൽ പങ്കെടുത്തത്. സാരിയുടുത്ത സുന്ദരിയകളുടെ ചിത്രങ്ങൾ വൈറലായപ്പോൾ പുരുഷ കേസരികൾക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. വീട്ടിലെ സ്ത്രീകളെ പിടിച്ച് സാരിയുടുപ്പിച്ച് അവർക്കൊപ്പം ചിത്രമെടുത്ത് അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് പലർക്കും സമാധനമായത്. സാരിട്വിറ്റർ പെണ്ണുങ്ങളുടെ മാത്രം കുത്തകയല്ല എന്ന ഭാവത്തോടെയാണ് പല പുരുഷന്മാരും കുടുംബത്തിലെ സ്ത്രീകവുടെയൊപ്പം അഭിമാനത്തോടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സാരിയാണ് വെർച്വൽ ലോകത്തെ താരം. സാരി ട്വിറ്റർ എന്ന ഹാഷ്ടാഗിൽ സ്വന്തം സാരിച്ചിത്രങ്ങൾ  ആവേശത്തോടെ പങ്കുവച്ചുകൊണ്ടാണ് സെലിബ്രിറ്റി സുന്ദരികളും രാഷ്ട്രീയ നേതാക്കളും സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തിരഞ്ഞെടുപ്പു ചർച്ചകളിൽ പ്രിയങ്കയുടെ സാരിപ്രണയത്തെപ്പോലും എതിരാളികൾ ആയുധമാക്കിയെങ്കിലും അതൊന്നും സാരിയോടുള്ള പ്രിയങ്കയുടെ ഇഷ്ടത്തെ കുറച്ചിട്ടില്ലെന്നാണ് പുതിയ ചിത്രങ്ങൾ പറയുന്നത്.

22 വർഷം പഴക്കമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രിയങ്ക സാരി ട്വിറ്ററിന്റെ ഭാഗമായത്. വിവാഹദിനത്തിലെ പ്രഭാത പൂജ (22 വർഷം മുൻപ്) സാരി ട്വിറ്റർ എന്ന അടിക്കുറിപ്പോടെയാണ് വിവാഹദിനത്തിലെ സാരി ചിത്രം പ്രിയങ്ക പോസ്റ്റ് ചെയ്തത്. 1997 ഫെബ്രുവരി 18 നായിരുന്നു ബിസിനസ്സ്മാൻ റോബർട്ട് വധേരയുമായുള്ള പ്രിയങ്കയുടെ വിവാഹം.

ലോകമെമ്പാടുമുള്ള സാരിപ്രിയർ ഇതിനകം സാരി ട്വിറ്ററിന്റെ ഭാഗമായിക്കഴിഞ്ഞു. സെലിബ്രിറ്റികളും രാഷ്ട്രീയ രംഗത്തെ പ്രശസ്തരായ സ്ത്രീകളും മാത്രമല്ല പ്രൊഫഷണൽസും വിദ്യാർഥിനികളുമെല്ലാം വളരെ ആവേശത്തോടെയാണ് തങ്ങളുടെ സാരിച്ചിത്രങ്ങൾ പങ്കുവച്ച് സാരി ട്വിറ്ററിന്റെ ഭാഗമായത്. 

നടിയും രാഷ്ട്രീയപ്രവർത്തകയുമായ നഗ്മ, രാഷ്ട്രീയ പ്രവർത്തകയായ പ്രിയങ്ക ചതുർവേദി തുടങ്ങി നിരവധിയാളുകൾ സാരിച്ചിത്രങ്ങൾ പങ്കുവച്ച് സാരിതരംഗത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. സാരിപ്രേമക്കാരായ വിദേശവനിതകളും വളരെ ഉത്സാഹത്തോടെ തങ്ങളുടെ സാരിച്ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ മുൻപന്തിയിലുണ്ട്.