മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വസിക്കാനാവുന്ന വാർത്ത പങ്കുവച്ചുകൊണ്ടാണ് യുപി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനസ്സു കവരുന്നത്. മഴദിനങ്ങളിൽ ഒപ്പമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് വെർച്വൽ ലോകത്തിന്റെ പ്രിയപ്പെട്ട, ലേഡി സിങ്കം എന്ന് അറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥ അരുണ റായ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്റെ ചിത്രങ്ങൾ യുപി പൊലീസ് പങ്കുവച്ചത്.

ഉത്തർപ്രദേശിലെ ഥാനയിൽ വച്ച് വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച കുറ്റവാളിയെ ചേസ് ചെയ്തു പിടിച്ചതോടെയാണ് അരുണയ്ക്ക് ലേഡി സിങ്കം എന്ന പേരു വീണത്. പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലിടം പിടിച്ച പാലിയ എന്ന കുറ്റവാളിയെയാണ് അന്ന് അരുണ സിനിമാസ്റ്റൈലിൽ സാഹസികമായി പിന്തുടർന്ന് കീഴ്പ്പെടുത്തിയത്.

പതിവുപോലെ വാഹനപരിശോധനയ്ക്കെത്തിയതായിരുന്നു അരുണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. കാർ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഘത്തിലെ കോൺസ്റ്റബിളിനെ ആക്രമിച്ച ശേഷം കാറിനുള്ളിൽ നിന്ന് ഒരാൾ പുറത്തേക്കിറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ചത്. തെരുവിലൂടെ പാഞ്ഞ അക്രമിക്കു പിറകേ നിറതോക്കുമായി അരുണയും ഓടി. 40 മിനിറ്റോളം പിന്തുടർന്ന ശേഷം അക്രമിയെ കീഴ്പ്പെടുത്തി. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവരം പിന്നീടാണ് പൊലീസ് സംഘം തിരിച്ചറിഞ്ഞത്.

2019 മെയിൽ നടന്ന ഈ സംഭവത്തെത്തുടർന്നാണ് ലേഡി സിങ്കം എന്ന വിശേഷണം അരുണയ്ക്ക് ലഭിച്ചത്. കൂളിങ്ഗ്ലാസ് ധരിച്ച് തോക്കേന്തി അക്രമിക്ക് പിറകേ പായുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രം അന്ന് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഈ സംഭവത്തിനു ശേഷമാണ് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ലേഡിസിങ്കമെന്ന് അരുണയെ വിശേഷിപ്പിച്ചു തുടങ്ങിയത്.

മഴക്കെടുതിയിൽ വലയുന്ന ആളുകൾക്കു മുന്നിൽ കർമനിരതയായി അരുണയെത്തുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കനത്ത മഴയിൽ റോഡിലേക്കു കടപുഴകി വീണ മരത്തിനരുകിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും, നാട്ടുകാർക്കൊപ്പം ചേർന്ന് റോഡിൽ നിന്ന് കാർ തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന അരുണയുടെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവയ്ക്കപ്പെടുന്നത്.ബുലന്ദ്ഷെഹർ കോട്ട്‌വാലി നഗർ ഇൻസ്പെക്ടറായ അരുണയുടെ ചിത്രങ്ങൾ ഏറെ അഭിമാനത്തോടെയാണ് യുപി പൊലീസ് പങ്കുവച്ചത്.