മീ ടൂ വിലൂടെ ബിടൗണിലെ ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞതു മുതൽ ജീവിതത്തിലും കരിയറിലും സംഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്താറുണ്ട് ബോളിവുഡ് താരം തനുശ്രീ ദത്ത. ഉന്നാവോ പീഡനത്തെക്കുറിച്ചെഴുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കുറി വാർത്തകളിൽ നിറയുന്നത്.

ആവർത്തിക്കപ്പെടുന്ന പീഡനവാർത്തകളോടുള്ള അമർഷം മുഴുവൻ പ്രകടിപ്പിച്ചുകൊണ്ടെഴുതിയ പോസ്റ്റിൽ പീഡനം സാംക്രമികരോഗം പോലെ പടർന്നുപിടിച്ച ഒരു രാജ്യം എന്നാണ് ഇന്ത്യയെക്കുറിച്ച് തനുശ്രീ പറയുന്നത്.

'' നമ്മുടെ മഹത്തായ രാജ്യം ഇപ്പോൾ പീഡനം സാംക്രമിക രോഗംപോലെ പടർന്നു പിടിക്കുന്ന ഒരു രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉന്നാവോ മാനഭംഗത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് തനുശ്രീ പറഞ്ഞതിങ്ങനെ :-

'' ഇന്ത്യയിൽ നിന്നെത്തുന്ന വാർത്തകളിൽ ഭൂരിപക്ഷവും സ്ത്രീകളും കുഞ്ഞുങ്ങളും മാനഭംഗം ചെയ്യപ്പെടുന്നത് സംബന്ധിച്ചാണ്. കൂട്ടമാനഭംഗം, പെൺ‌ഭ്രൂണഹത്യ, സ്ത്രീധന ആത്മഹത്യ, മാനഭംഗത്തിനു ശേഷമുള്ള കൊലപാതകം, എന്തിനേറെ പറയുന്നു ആടുകളും നായ്ക്കളും വരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകുന്ന വാർത്തകൾ വരെയെത്തി നിൽക്കുന്നു.

ഈ സാഹചര്യത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിച്ചാൽ ആർക്കാണ് നമ്മുടെ നാടിന്റെ സംസ്കാരത്തെക്കുറിച്ച് മതിപ്പോടെ ചിന്തിക്കാൻ കഴിയുക?. ഇത്രയുമൊക്കെയായിട്ടും മറ്റുള്ളവരെ മുൻവിധിയോടെ കാണുന്ന സമീപനത്തിൽ മാറ്റം വരുത്താൻ ആരും തയാറാകുന്നില്ല. പാശ്ചാത്യർ ഷോർട്ട്‌സ് ധരിക്കുന്നതും, ബിക്കിനിയിടുന്നതുമൊക്കെയാണ് ഇപ്പോഴും നമ്മുടെ പ്രശ്നം. അക്ഷരാർഥത്തിൽ സ്ത്രീകൾ നഗ്നരായി ബീച്ചിൽ കിടക്കുന്ന സ്ഥലങ്ങൾ ലോകത്തുണ്ട്. അവിടെ അവരെ മാനഭംഗം ചെയ്യാനോ എന്തിന് ഒരു നോട്ടം കൊണ്ടുപോലും അപഹസിക്കാനോ ആരും ശ്രമിക്കാറില്ല.

സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്നവരോട് ഞാനൊന്നു ചോദിക്കട്ടെ?. ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചിട്ടും എന്തുകൊണ്ടാണ് ഇവിടെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നത്?. ഇന്ത്യയിൽ ജീവിക്കുന്ന ആളുകളുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. ശരീരം പൊതിഞ്ഞു പിടിക്കുകയല്ല, മറിച്ച് മനോഭാവത്തിൽ മാറ്റം വരുത്തുകയാണ് വേണ്ടത്. കണ്ണുകൾ തുറന്നു പിടിക്കൂ. നമ്മുടെ ദേശത്തെ പൊതിഞ്ഞിരിക്കുന്ന അന്ധകാരത്തെ തിരിച്ചറിയൂ. ഇന്ത്യൻ നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും പടർന്നുപിടിച്ചിരിക്കുന്ന സാംക്രമികരോഗമാണ് മാനഭംഗം. മൂല്യങ്ങളെ വിലയിരുത്തേണ്ട സമയമായിരിക്കുന്നു''.

മാനഭംഗം, വിഷാദം, മയക്കുമരുന്ന്, ആത്മഹത്യ, ഇവയൊക്കെ യുവത്വത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. മതം, സദാചാരം, സാമൂഹിക മൂല്യങ്ങൾ ഇവയെ മാനുഷീകമൂല്യങ്ങൾക്കു മുകളിലാണോ നമ്മൾ പ്രതിഷ്ഠിച്ചിരിക്കുന്നത്?. അങ്ങനെയാണെങ്കിൽ അതിന്റെ പ്രായോഗിക ഫലങ്ങളാണ് ഇവയൊക്കെ.

അരാജകത്വം, വേദന, സഹിഷ്ണുത, ഭയം എന്നിവയൊക്കെ. കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കരായ ഒരു ജനതയെപ്പോലും ഏതെങ്കിലും തരത്തിൽ വിഴുങ്ങുന്ന അന്ധകാരമാണത്. 1.6 ബില്യൺ ആളുകളുടെ മനസ്സിനെയും ചിന്തകളെയും നവീകരിക്കേണ്ട ആവശ്യകതയാണ് ഇപ്പോഴുള്ളത്. ആന്തരികമായ പരിവർത്തനമാണ് ഇപ്പോൾ വേണ്ടത്'' എന്നു പറഞ്ഞുകൊണ്ടാണ് തനുശ്രീ കുറിപ്പ് അവസാനിപ്പിക്കുന്നത്.